Sunday, January 27, 2013

കാനം രാജേന്ദ്രന്റെ നിലപാട് വസ്തുതകള്‍ മനസിലാക്കാതെ: ആനത്തലവട്ടം ആനന്ദന്‍


1996 ലെ, വൈദ്യുതി ബോര്‍ഡിലെ പരിഷ്കാരങ്ങളാണ് സ്വകാര്യവല്‍ക്കരണത്തിന് തുടക്കമിട്ടതെന്ന കാനം രാജേന്ദ്രന്റെ നിലപാട് വസ്തുതകള്‍ മനസിലാക്കാതെയുള്ളതാണെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. 1996 ലെ, വൈദ്യുതിബോര്‍ഡിലെ പരിഷ്കാരങ്ങളാണ് സ്വകാര്യവല്‍ക്കരണത്തിന് തുടക്കമിട്ടത് എന്നാണ് കാനം രാജേന്ദ്രന്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ അക്കാലത്ത് നടപ്പിലാക്കിയ ഈ പരിഷ്കാരങ്ങള്‍ വൈദ്യുതി ബോര്‍ഡിനെ സംബന്ധിച്ചിടത്തോളം ഏറെ ഗുണപരമാണ് എന്ന് പൊതുവില്‍ ഏവരും അംഗീകരിച്ചിട്ടുള്ളതാണ്. ഈ കാലഘട്ടത്തില്‍ വൈദ്യുതി ബോര്‍ഡിന്റെ പദ്ധതികളുമായി ബന്ധപ്പെട്ട് വായ്പ ലഭിക്കുന്നതിന് ലോകബാങ്കിന്റെ പ്രതിനിധി സംഘവുമായി ചര്‍ച്ച നടന്നിരുന്നു. വൈദ്യുതിബോര്‍ഡ് ചെയര്‍മാനോടൊപ്പം വൈദ്യുതി മന്ത്രി എന്ന നിലയില്‍ പിണറായി വിജയനും ആ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ വായ്പ നല്‍കണമെങ്കില്‍ വൈദ്യുതി ബോര്‍ഡിനെ സ്വകാര്യവല്‍ക്കരിക്കണം എന്നായിരുന്നു ലോകബാങ്ക് പ്രതിനിധികളുടെ ആവശ്യം. ഒരു കാരണവശാലും ഇത്തരം ഒരു നടപടി സ്വീകരിക്കാന്‍ പറ്റില്ല എന്ന നിലപാട് കേരളത്തെ പ്രതിനിധീകരിച്ചവര്‍ സ്വീകരിച്ചതുകൊണ്ടാണ് ലോകബാങ്കിന്റെ വായ്പ അന്ന് ലഭിക്കാതെ പോയത്.

ഇത്തരത്തില്‍ സ്വകാര്യവല്‍ക്കരണത്തിനെതിരെ ശക്തമായ നിലപാട് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച കാലഘട്ടത്തെയാണ് പ്രതികൂട്ടിലാക്കാന്‍ കാനം രാജേന്ദ്രന്‍ ശ്രമിക്കുന്നത്. ഇത് മലര്‍ന്ന് കിടന്ന് തുപ്പുന്നതിന് സമമാണ്. ഇക്കാലത്തെ നടപടികളാണ് ലാവ് ലിനെ കേരളത്തില്‍ കൊണ്ടുവന്നത് എന്ന നിലപാട് കേരളത്തിലെ വൈദ്യുതി മേഖലയിലെ ചരിത്രം അറിയാത്തതുകൊണ്ട് മാത്രമാണ്. കേരളത്തിലെ വൈദ്യുതി ആവശ്യങ്ങളില്‍ വലിയ പങ്ക് നിര്‍വഹിക്കുന്ന ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണം 1969 ല്‍ നടത്തിയത് കനേഡിയന്‍ കമ്പനിയായ ലാവ് ലിനായിരുന്നു. ഇത് കാണിക്കുന്നത് ലാവ് ലിനെ കേരളത്തിന്റെ വൈദ്യുതിമേഖലയുമായി പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ബന്ധമുണ്ടായിരുന്നുവെന്നാണ്. ഈ യാഥാര്‍ത്ഥ്യം മറച്ചുവെച്ചുകൊണ്ട് നടത്തുന്ന പ്രസ്താവനയ്ക്ക് പിന്നിലുള്ള താല്‍പര്യം ദുരൂഹമാണ്.

1996-ല്‍ വൈദ്യുതി മേഖലയില്‍ നടപ്പിലാക്കിയ പരിഷ്കാരങ്ങളാണ് കേരളത്തിലെ വൈദ്യുതി വികസനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാലഘട്ടമെന്ന് ആരും അംഗീകരിക്കുന്നതാണ്. അക്കാലത്ത് 1086 മെഗാവാട്ട് വൈദ്യുതിയാണ് കേരളത്തില്‍ പുതുതായി ഉല്‍പാദിപ്പിക്കപ്പെട്ടത്. കേരളത്തില്‍ നിലനിന്നിരുന്ന പവര്‍കട്ടും ലോഡ്ഷെഡിംഗിനും അന്ത്യം കുറിച്ചത് അക്കാലത്ത് ദീര്‍ഘവീക്ഷണത്തോടുകൂടി നടപ്പിലാക്കപ്പെട്ട പദ്ധതികളിലൂടെയാണ്. എന്നാല്‍ തുടര്‍ന്ന് അധികാരത്തില്‍വന്ന യുഡിഎഫ് സര്‍ക്കാരിന് 26.6 മെഗാവാട്ട് വൈദ്യുതി മാത്രമാണ് പുതുതായി ഉല്‍പാദിപ്പിക്കാനായത്. പിന്നീട് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ വൈദ്യുതി ഉല്‍പാദനത്തിനുള്ള പദ്ധതികള്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നേടിയെടുത്ത ഒറീസയിലെ കല്‍ക്കരിപ്പാടം ഉള്‍പ്പെടെ നഷ്ടപ്പെടുത്തുന്ന നിലയാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. യുഡിഎഫ് സര്‍ക്കാരിന്റെ തെറ്റായ നടപടികള്‍ പവര്‍കട്ടും ലോഡ്ഷെഡിംഗും കേരളത്തില്‍ കൊണ്ടുവരുന്ന സ്ഥിതി ഉണ്ടാക്കിയിരിക്കുകയാണ്. മാത്രമല്ല വൈദ്യുതിക്ക് വന്‍തോതില്‍ വില വര്‍ദ്ധിപ്പിക്കുന്ന നടപടിയും കൂടിയായതോടെ ശക്തമായ പ്രതിഷേധം സര്‍ക്കാരിനെതിരെ ഉയര്‍ന്നുവന്നിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെ നയം വൈദ്യുതിമേഖലയെ തകര്‍ത്തുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് അവയ്ക്കെതിരായി ശക്തമായ പോരാട്ടം വളര്‍ന്നുവന്നുകൊണ്ടിരിക്കുന്ന ഘട്ടം കൂടിയാണ് ഇത്. ഈ അവസരത്തില്‍ ജനങ്ങളെ വഴിതെറ്റിക്കാനുള്ള ഇത്തരം പ്രസ്താവനകള്‍ക്ക് പിന്നിലുള്ള താല്‍പര്യങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ആനത്തലവട്ടം ആനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment