Thursday, January 31, 2013

സൂര്യനെല്ലി കേസ്: ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി


സൂര്യനെല്ലി ലൈംഗിക പീഡനകേസില്‍ പ്രതികളെ വെറുതെവിട്ട കേരള ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. ഹൈക്കോടതി വിധി ഞെട്ടിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കാന്‍ ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കി. പ്രതികള്‍ മുന്നാഴ്ചക്കകം കീഴടങ്ങാനും കോടതി ആവശ്യപ്പെട്ടു. അവരുടെ ജാമ്യം കോടതി റദ്ദാക്കി.കേസ് ആറുമാസത്തിനകം തീർപ്പാക്കാനും കോടതി നിർദേശിച്ചു.

2005 മുതല്‍ കേസ് സുപ്രീംകോടതിയില്‍ കെട്ടികിടന്ന കേസ് കോടതി പെട്ടെന്ന് പരിഗണിക്കുകയായിരുന്നു. ഇത്തരം കേസുകള്‍ കേള്‍ക്കാന്‍ സുപ്രീംകോടതിയില്‍ രൂപീകരിച്ച ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജ. എ കെ പട്നായ്ക്ക്. ജ. ഗ്യാന്‍സുധ മിശ്ര എന്നിവരടങ്ങിയതാണ് ബെഞ്ച്. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരും പെണ്‍കുട്ടിയും

പതിനാറ് വയസ്സുമാത്രം പ്രായമുള്ള പെണ്‍കുട്ടിയെ നാല്‍പ്പതുദിവസത്തോളം തുടര്‍ച്ചയായി പീഡിപ്പിച്ച കേസില്‍ 39 പ്രതികളാണ് ഉായിരുന്നത്. ഇവരില്‍ 35 പേരെ പ്രത്യേക കോടതി ശിക്ഷിച്ചു. എന്നാല്‍ അപ്പീലില്‍ പ്രതികളില്‍ ഒരാളൊഴികെ എല്ലാവരെയും ഹൈക്കോടതി വെറുതേവിട്ടു. പ്രധാനപ്രതി ധര്‍മരാജന് വിചാരണ കോടതി വിധിച്ച ജീവപര്യന്തം തടവ് ഹൈക്കോടതി അഞ്ചു വര്‍ഷമായി ചുരുക്കിയിരുന്നു. ഈ വിധിക്കെതിരെ സര്‍ക്കാര്‍ 2005 നവംബര്‍ 11ന് സമര്‍പ്പിച്ച അപ്പീലാണ് സുപ്രീംകോടതിയിലുായിരുന്നത്. 1996 ലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 40 ദിവസത്തോളം പീഡിപ്പിച്ച കേസുായത്.

റദ്ദായത് കളങ്കമായ വിധി

കൊച്ചി: സൂര്യനെല്ലികേസില്‍ വ്യാഴാഴ്ചത്തെ സുപ്രീകോടതിവിധിയിലൂടെ റദ്ദായത് ഇന്ത്യന്‍ നീതിന്യായവ്യവസ്ഥക്ക് തന്നെ കളങ്കമായ വിധി. പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള 2005 ജനുവരി 21 ലെ ഹൈക്കോടതി വിധി അന്നുതന്നെ രൂക്ഷ വിമര്‍ശനത്തിനിരയായിരുന്നു. ബലാല്‍സംഗകേസുകളില്‍; സുപ്രികോടതി നിഷ്കര്‍ഷിച്ചു വരുന്ന മാനദണ്ഡങ്ങള്‍ അടക്കം ലംഘിച്ചുണ്ടായ അന്നത്തെ വിധിയെപ്പറ്റി ദേശാഭിമാനി 2005 ജനുവരി 21,22 തീയതികളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ ചുവടെ.:

സുപ്രിംകോടതിയുടെ നിരീക്ഷണങ്ങളും സുപ്രധാന മൊഴികളും അവഗണിച്ചു

തിരു: ബലാല്‍സംഗകേസുകളില്‍; സുപ്രികോടതി 1958 മുതല്‍ നിഷ്കര്‍ഷിച്ചു വരുന്ന മാനദണ്ഡവും മറ്റു ചില പ്രധാന വസ്തുതകളും സൂര്യനെല്ലിക്കേസില്‍ ഹൈക്കോടതി കണക്കിലെടുത്തിട്ടില്ലെന്ന് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

ബലാല്‍സംഗകേസുകളില്‍ ദൃക്സാക്ഷികള്‍ ഇല്ലാത്ത സാഹചര്യത്തില്‍ പ്രധാന സാക്ഷിയായ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴി അവിശ്വസിക്കാന്‍ പാടില്ലെന്നാണ് സുപ്രിംകോടതി നിഷ്കര്‍ഷിച്ചു വരുന്നത്. 1958ല്‍ പഞ്ചാബിലുണ്ടായ ഒരു ബലാല്‍സംഗകേസിലാണ് സുപ്രിംകോടതി ഈ അഭിപ്രായം രേഖപ്പെടുത്തിയത്. അന്നുമുതല്‍ ഇത്തരം കേസുകള്‍ വിചാരണചെയ്യുമ്പോള്‍ ഇക്കാര്യം പരിഗണിക്കാറുണ്ട്.

പെണ്‍കുട്ടിയെ ആദ്യം ചികില്‍സിച്ച അടിമാലി ആശുപത്രി സൂപ്രണ്ട് നല്‍കിയ സര്‍ട്ടിഫിക്കറ്റ്, കുട്ടിയെ പഠിപ്പിച്ച അധ്യാപകരുടെ മൊഴികള്‍, നാട്ടുകാരുടെ അഭിപ്രായം എന്നിവയും ഹൈക്കോടതി പരിഗണിച്ചില്ല. ജനുവരി 16ന് കാണാതായ പെണ്‍കുട്ടിയെ ഫെബ്രുവരി 26നാണ് അവശനിലയില്‍ പ്രതികള്‍ ഉപേക്ഷിച്ചത്. പിറ്റേന്ന് കുട്ടിയെ അടിമാലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലൈംഗികാവയവങ്ങള്‍ നീരുവന്ന് വീര്‍ത്ത് അണുബാധയുണ്ടായ അവസ്ഥയിലായിരുന്നെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. വി കെ ഭാസ്കരന്‍ നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. നിരന്തര ലൈംഗികവേഴ്ചയ്ക്ക് വിധേയമാക്കിയെന്നും പഴുപ്പ് കെട്ടിയിരുന്നെന്നും മലവിസര്‍ജനം നടത്തിയിട്ട് ഏഴു ദിവസമായെന്നും അതിനു മുമ്പ് പരിശോധിച്ച ഡോക്ടറുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതെല്ലാം പരിഗണിച്ചിരുന്നെങ്കില്‍ കേസിെന്‍റ ഗതി മറ്റൊരു വിധത്തിലാകുമായിരുന്നെന്ന് നിയമവൃത്തങ്ങള്‍ പറഞ്ഞു.

ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴി വിശ്വസിക്കാന്‍ പറ്റില്ലെന്നും വേറെ തെളിവു വേണമെന്നും പറയുന്നത് സ്ത്രീത്വത്തെ അപമാനിക്കുന്നതിനു തുല്യമാണെന്നാണ് "58ല്‍ സുപ്രിംകോടതി വ്യക്തമാക്കിയത്. സംഭവസമയത്ത് മൗനം പാലിക്കുകയോ തിരികെ ആക്രമിക്കുകയോ ചെയ്യാതിരിക്കുന്നത് സമ്മതത്തിെന്‍റ ചിഹ്നമായി കാണാന്‍ പാടില്ലെന്നും സുപ്രിംകോടതി അഭിപ്രായപ്പെട്ടു. രാജ്യത്ത് പിന്നീട് വിചാരണയ്ക്ക് വന്ന ബലാല്‍സംഗകേസുകളിലെല്ലാം വിധി പറയുമ്പോള്‍ സുപ്രിംകോടതിയുടെ ഈ അഭിപ്രായം അടിസ്ഥാന മാര്‍ഗനിര്‍ദേശമായി അംഗീകരിച്ചത് കാണാമെന്ന് അഭിഭാഷകര്‍ പറയുന്നു.

എന്നാല്‍, സൂര്യനെല്ലിക്കേസില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് രക്ഷപ്പെടാന്‍ നിരവധി അവസരങ്ങളുണ്ടായിരുന്നതായാണ് ഹൈക്കോടതി അഭിപ്രായപ്പെട്ടത്. പെണ്‍കുട്ടിയുടെ സ്വഭാവരീതി വെളിപ്പെടുത്തുന്ന സുപ്രധാന മൊഴികള്‍ കുട്ടിയുടെ അധ്യാപകരും ബന്ധുക്കളും നല്‍കിയിരുന്നു. ഇതും ഹൈക്കോടതി പരിഗണിച്ചില്ല. പെട്ടെന്ന് അനുസരിക്കുന്ന പ്രകൃതമാണ് പെണ്‍കുട്ടിയുടേതെന്നാണ് അധ്യാപകരുടെ മൊഴി. ആര്‍ക്കും ഭയപ്പെടുത്താന്‍ കഴിയുമെന്ന് പെണ്‍കുട്ടിയുടെ വീട്ടില്‍നിന്ന് പഠിച്ച മാതൃസഹോദരനും മൊഴി നല്‍കിയിരുന്നു. ഇതൊന്നും കോടതി കണക്കിലെടുത്തില്ലെന്ന് അഭിഭാഷകര്‍ പറയുന്നു.

1996 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് സൂര്യനെല്ലി ക്കേസിന് ആസ്പദമായ ലൈംഗികപീഡനം നടന്നത്. ആദ്യഘട്ടത്തില്‍ പെണ്‍കുട്ടിയുടെ മൊഴി കണക്കിലെടുക്കാന്‍പോലും പൊലീസ് തയ്യാറായില്ല. എ കെ ആന്‍റണിയായിരുന്നു മുഖ്യമന്ത്രി. പൊലീസ് നിലപാടിനെതിരെ വന്‍ പ്രതിഷേധം ഉയരുകയും പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെ പ്രശ്നത്തില്‍ ഇടപെടുകയും ചെയ്തശേഷമാണ് കേസ് അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയത്. രണ്ടു സിഐമാര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ അന്വേഷിച്ച ശേഷമാണ് സിബിമാത്യുവിെന്‍റ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തെ അന്വേഷണച്ചുമതല ഏല്‍പിച്ചത്. ആദ്യഘട്ടത്തില്‍ അന്വേഷിച്ച ഒരു സിഐ രേഖപ്പെടുത്തിയ മൊഴിയാണ് ഇപ്പോള്‍ ഹൈക്കോടതി പ്രതികളുടെ ആവശ്യപ്രകാരം പരിഗണിച്ചത്. സിഐ തയ്യാറാക്കിയ ഈ മൊഴി വിശ്വസനീയമല്ലാത്തതിനാല്‍ പ്രത്യേക കോടതിയില്‍ പ്രോസിക്യൂഷന്‍ ഇത് ഹാജരാക്കിയിരുന്നില്ല. ഈ മൊഴി കണ്ടെത്തുന്നതില്‍ വീഴ്ച വരുത്തിയെന്നാണ് ഹൈക്കോടതിയുടെ വിമര്‍ശനം.

നീതിനിഷേധത്തിെന്‍റ ലജ്ജാകരമായ അധ്യായം
ദില്ലി ബ്യൂറോ

ദില്ലി: സൂര്യനെല്ലിക്കേസിലെ ഒരാളൊഴികെ 35 പ്രതികളെയും ദുര്‍ബലമായ കാരണത്താല്‍ വെറുതെവിട്ട കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിെന്‍റ വിധിയെ അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ അപലപിച്ചു. പെണ്‍കുട്ടിക്ക് നീതിനല്‍കിയ പ്രത്യേക കോടതിവിധി അസാധുവാക്കിയ ഹൈക്കോടതിവിധി സ്ത്രീകള്‍ക്കെതിരായ നീതിനിഷേധത്തിന് ലജ്ജാകരമായ പുതിയൊരു അധ്യായം എഴുതിച്ചേര്‍ത്തിരിക്കയാണ്.പ്രതിലോമകരമായ വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് അസോസിയേഷന്‍ പ്രസിഡണ്ട് സുഭാഷിണി അലിയും വൈസ് പ്രസിഡണ്ട് വൃന്ദാകാരാട്ടും ആവശ്യപ്പെട്ടു.

പതിനാറുവയസ്സുള്ള പെണ്‍കുട്ടി അവസരമുണ്ടായിട്ടും രക്ഷപ്പെട്ടില്ലെന്നും കൃത്യത്തിന് അവളുടെ സമ്മതമുണ്ടായിരുന്നുവെന്നുമുള്ള അത്യന്തം എതിര്‍ക്കപ്പെടേണ്ട കാരണങ്ങളാണ് വിധി മുന്നോട്ടുവെച്ചത്. ബ്ലാക്ക്മെയില്‍ ചെയ്തതും ഭയപ്പെടുത്തി പീഡിപ്പിച്ചതും സംഭവത്തെത്തുടര്‍ന്ന് തകര്‍ന്ന അവളുടെ മാനസികാവസ്ഥയും കണ്ടില്ലെന്നുനടിക്കാന്‍ നിര്‍വികാരമായ ഒരു കോടതിക്കേ കഴിയു. 35 പേരുമായി ലൈംഗികവേഴ്ച നടത്താന്‍ 16 വയസ്സുള്ള ഒരു പെണ്‍കുട്ടി സമ്മതംനല്‍കി എന്നുപറയുന്നത് അങ്ങേയറ്റം വൈകൃതമായ യുക്തിയാണ്. മഥുര ബലാല്‍സംഗക്കേസിലെ വിധിക്കു സമാനമായ വാദങ്ങളാണ് ഇവിടെയും മുന്നോട്ടുവെച്ചിട്ടുള്ളത്.

യുവതിയുടെ ശരീരത്തില്‍ അടയാളങ്ങളൊന്നുമില്ലാതിരുന്നത്, ശാരീരികമായി എതിര്‍ത്തിരുന്നില്ലെന്നും സമ്മതത്തോടുകൂടിയാണ് കൃത്യം ചെയ്തതെന്നുമുള്ള നിഗമനമാണ് മഥുര കേസില്‍ കോടതി കണ്ടെത്തിയത്. യുക്തിഹീനമായ ഇത്തരം കാരണംകണ്ടെത്തലിനെതിരെ ദേശവ്യാപക പ്രതിഷേധമുയര്‍ന്നപ്പോഴാണ് ബലാല്‍സംഗക്കേസുകളിലെ "സമ്മത"ത്തെ നിര്‍വചിച്ചുള്ള നിയമം രൂപപ്പെട്ടത്. സൂര്യനെല്ലിക്കേസിലെ വിധി ഈ നിയമത്തിനും നിരവധി മറ്റു വിധികള്‍ക്കും എതിരാണ്- പ്രസ്താവന തുടര്‍ന്നു.

വിധിക്കെതിരെ സ്ത്രീകളുടെ നാടകം

തിരു: സൂര്യനെല്ലിക്കേസിലെ പ്രതികളെ കുറ്റക്കാരല്ലെന്നുകണ്ടെത്തിയ കോടതിവിധിക്കെതിരെ സെക്രട്ടറിയറ്റിനു മുന്നില്‍ സ്ത്രീസംഘടനകളുടെ ആഭിമുഖ്യത്തില്‍ തെരുവുനാടകം സംഘടിപ്പിച്ചു. നാടകം കോടതിവിധിക്കെതിരെ ശക്തമായ പ്രതികരണമായി. അധികാരവര്‍ഗങ്ങള്‍ തീര്‍ക്കുന്ന വലയില്‍ കുടുങ്ങുന്ന സ്കൂള്‍ വിദ്യാര്‍ഥിനിയുടെ രക്ഷാമാര്‍ഗങ്ങള്‍ നീതിപീഠത്തിെന്‍റ പ്രതിനിധികളടക്കം തടസ്സപ്പെടുത്തുന്നു. പെണ്‍കുട്ടി രക്ഷപ്പെടാത്തത് അവളുടെ കുറ്റമെന്ന് ഒടുവില്‍ കോടതി വിധിക്കുന്നതായിരുന്നു നാടകത്തിെന്‍റ പ്രമേയം.

"അഭിനയ"യുടെ സഹകരണത്തോടെ നിരീക്ഷ നാടകസംഘമാണ് നാടകം അവതരിപ്പിച്ചത്. ലളിതാലെനിന്‍ ഉദ്ഘാടനം ചെയ്തു. ആര്‍ പാര്‍വതീദേവി, മേഴ്സി അലക്സാണ്ടര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പ്രകടനവും നടത്തി.

നിയമവ്യവസ്ഥയ്ക്ക് ഭൂഷണമല്ലാത്ത വിധി

(2005 ജനുവരി 22 ന്റെ മുഖപ്രസംഗം)

ഏറെ കോളിളക്കം സൃഷ്ടിച്ച സൂര്യനെല്ലി പെണ്‍വാണിഭക്കേസില്‍ ഹൈക്കോടതി വ്യാഴാഴ്ച പുറപ്പെടുവിച്ച വിധി കേരളത്തെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. സൂര്യനെല്ലി പെണ്‍കുട്ടിയെ പെണ്‍വാണിഭത്തിന് പ്രേരിപ്പിച്ച പ്രധാനപ്രതി ധര്‍മരാജന്‍ ഒഴികെ, പെണ്‍കുട്ടിയെ ബലാല്‍സംഗത്തിനിരയാക്കിയെന്ന് ആരോപിക്കപ്പെട്ട 35 പ്രതികളുടെയും ശിക്ഷ ഹൈക്കോടതി റദ്ദാക്കി. ധര്‍മരാജെന്‍റ ജീവപര്യന്തം ശിക്ഷ അഞ്ചുവര്‍ഷത്തെ കഠിനതടവായും ഇളവുചെയ്തു. ഇപ്പോള്‍ വിട്ടയക്കപ്പെട്ട മറ്റ് 35 പ്രതികള്‍ക്ക് കോട്ടയം പ്രത്യേക കോടതി ഏഴുവര്‍ഷം മുതല്‍ 13 വര്‍ഷംവരെയാണ് നേരത്തെ ശിക്ഷ വിധിച്ചിരുന്നത്.

ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ് ഹൈക്കോടതിവിധി.കേരളത്തില്‍ വിവിധ കോടതികളിലായി അരഡസനിലേറെ പെണ്‍വാണിഭക്കേസുകള്‍ നിലവിലുണ്ട്. ഈ വിധിയുടെ അലകള്‍ ഈ കേസുകളെ എത്രത്തോളം സ്വാധീനിക്കുമെന്ന് പരക്കെ ആശങ്കയുണ്ട്. കേരളത്തിലെ പൊലീസിെന്‍റ കാര്യക്ഷമതയുടെയും കര്‍മകുശലതയുടെയും മാറ്റുരച്ചതായിരുന്നു സൂര്യനെല്ലികേസ്. ഭരണനിര്‍വഹണവിഭാഗം, നിയമത്തെ അതിെന്‍റ വഴിക്കുതന്നെ വിട്ട് ഈ കേസില്‍ മാതൃകകാട്ടിയിരുന്നു. അതുകൊണ്ടാണ് മുഴുവന്‍ പ്രതികളെയും കോട്ടയം പ്രത്യേക കോടതി കുറ്റവാളികളായിക്കണ്ട് ശിക്ഷിച്ചത്. എന്നാല്‍, നീതിവ്യവസ്ഥയുടെ കൂടുതല്‍ ഉയര്‍ന്നതലത്തിലൂടെ ഈ കേസ് കടന്നുവന്നപ്പോഴുള്ള ബാക്കിപത്രം, നമ്മുടെ നിയമവ്യവസ്ഥയുടെ ദൗര്‍ബല്യങ്ങള്‍ മുഴച്ചുനില്‍ക്കുന്നതാണ്. ഈ വിധിയിലെ ന്യായാന്യായങ്ങള്‍ പരമോന്നത നീതിപീഠത്തിലൂടെ ഇനിയും പരിശോധിക്കപ്പെടാന്‍ അവസരമുണ്ടെന്നതാണ് ഒരാശ്വാസം. അതിനുള്ള നടപടി സര്‍ക്കാര്‍ വൈകാതെ കൈക്കൊള്ളണം.

വേദകാലംമുതലേ നമ്മുടെ നിയമസംസ്കൃതി സാമൂഹ്യധര്‍മത്തിെന്‍റ നെടുംതൂണുകളില്‍ സ്ഥാപിച്ചിട്ടുള്ളതാണ്. എന്നാല്‍, ചിലപ്പോഴൊക്കെ നിയമത്തിന് ധര്‍മത്തോടും നീതിയോടും മുഖാമുഖം നോക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. നീതി ലഭിക്കുന്നതിനുള്ള ഒരു ഉപകരണമാണ് നിയമം. നമ്മുടെ ഭരണഘടനയുടെയും നിയമവ്യവസ്ഥയുടെയും വ്യാഖ്യാതാക്കള്‍ നീതിപീഠമാണ്. നിയമവ്യാഖ്യാനത്തിനുപറ്റുന്ന തെറ്റ് സമൂഹത്തിന് വലിയ കെടുതിയായി മാറും.

സൂര്യനെല്ലി പെണ്‍കുട്ടിയുടെ സമ്മതപ്രകാരമാണ് ലൈംഗികവേഴ്ച നടന്നിട്ടുള്ളതെന്നും അതില്‍ പെണ്‍കുട്ടിക്ക് എന്തെങ്കിലും എതിര്‍പ്പുള്ളതായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതുമാണ് 35 പ്രതികളുടെ ശിക്ഷ റദ്ദാക്കാന്‍ ഹൈക്കോടതി കണ്ട ന്യായം. അതുകൊണ്ടാണ് ലൈംഗികവേഴ്ചയ്ക്ക് പ്രേരിപ്പിച്ച പ്രധാനപ്രതി ധര്‍മരാജനെ മാത്രം ശിക്ഷിക്കുകയും അതില്‍ പങ്കാളികളായ 35 പ്രതികളെ വിട്ടയക്കുകയും ചെയ്തത്. കേരളത്തില്‍ സമാനതകളില്ലാത്ത ഒരു വിധിയാണിതെന്നുവേണം കരുതാന്‍. ഇത് എത്രമാത്രം നീതിക്കു നിരക്കുന്നതാണെന്നത് നിയമവിദഗ്ധരുടെയും ഭരണാധികാരികളുടെയും ഗൗരവതരമായ പരിചിന്തനത്തിന് വിഷയമാകേണ്ടതാണ്.

പെണ്‍കുട്ടിയുടെ പശ്ചാത്തലംകൂടി ഇത്തരം കേസുകളില്‍ പരിശോധനാവിഷയമാകേണ്ടതല്ലേ? നമ്മുടെ സാമൂഹ്യവ്യവസ്ഥയുടെ സ്ഥിതിയും ഇവിടെ പ്രധാനമാണ്. വലിയൊരുവിഭാഗം ജനതയും പിന്നോക്കാവസ്ഥയിലാണ്; നിരാലംബരും അശരണരുമാണ്. ദാരിദ്ര്യരേഖ അവരുടെ തലയ്ക്ക് ഏറെ മുകളിലാണ്. ഇത്തരം പീഡനത്തിനിരയാകുന്നവര്‍ പലപ്പോഴും ഭരണനിര്‍വഹണവിഭാഗത്തെയോ നീതിപീഠത്തെയോ സമീപിക്കാന്‍ കെല്‍പില്ലാത്തവരാണ്. നാല്‍പതു ദിവസത്തിലേറെ പെണ്‍വാണിഭറാക്കറ്റുകളുടെ കയ്യിലായിരുന്നു സൂര്യനെല്ലി പെണ്‍കുട്ടി. ഇത്തരം കുടുക്കുകളില്‍പെട്ടുപോയ പെണ്‍കുട്ടികള്‍ക്ക് ഇതില്‍നിന്ന് ഒരിക്കലും രക്ഷപ്പെടാനാകില്ലെന്ന ചിന്ത സ്വാഭാവികമല്ലേ. രക്ഷപ്പെടുന്നതും പലപ്പോഴും പ്രായോഗികമല്ല. ഒരിക്കലും പക്വതവന്ന മനസ്സാകില്ല അവരുടേത്. ഗൂഢസംഘത്തിെന്‍റ കയ്യിലകപ്പെട്ട പെണ്‍കുട്ടി എന്തുകൊണ്ട് അന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചില്ലെന്ന്, ഇന്നത്തെ സാഹചര്യത്തില്‍ വിലയിരുത്തുന്നതിലെ യുക്തിയും തര്‍ക്കവിഷയമാണ്.

സമൂഹത്തിലെ പ്രബലരായ ആളുകളുടെ പിന്‍ബലത്തിലാണ് ഈ പെണ്‍വാണിഭസംഘം പ്രവര്‍ത്തിച്ചിരുന്നതെന്നതും വിസ്മരിച്ചുകൂടാ. ഇതുപോലുള്ള അതിക്രമത്തിന് ഇരയാകുന്ന പെണ്‍കുട്ടി, കുറ്റവാളികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ ഭാവിയില്‍ ചിന്തിക്കാന്‍തന്നെ കെല്‍പില്ലാതാക്കുന്നതാണ് ഈ വിധി. സ്ത്രീക്ക് സമൂഹത്തില്‍ ലഭിക്കേണ്ട പ്രത്യേക പരിഗണനയും സുരക്ഷിതത്വവും മുന്‍നിര്‍ത്തിയാണ് പല നിയമനിര്‍മാണങ്ങളും കാലാകാലങ്ങളില്‍ നടത്തിയിട്ടുള്ളത്. പെണ്‍കുട്ടിയെ അടിമയാക്കിയോ കീഴ്പ്പെടുത്തിയോവെക്കുന്നത് അവളുടെ സമ്മതത്തോടെയാണെങ്കില്‍ അത് കുറ്റകരമല്ലെന്ന് വരുന്നത് സമൂഹത്തിന് ഭൂഷണമല്ല. ദേവദാസി സമ്പ്രദായത്തില്‍നിന്ന് സമൂഹം എത്രയോ മാറി. പതിനാറ് വയസ്സു തികഞ്ഞ പെണ്‍കുട്ടിക്ക് ലൈംഗികവേഴ്ചയ്ക്ക് സമ്മതം മൂളാന്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 375-ാം വകുപ്പുപ്രകാരം അവകാശമുള്ളതുകൊണ്ട് ഈ പെണ്‍കുട്ടിയുമായി 35 പ്രതികള്‍ നടത്തിയ ലൈംഗികവേഴ്ചയില്‍ കുറ്റമാരോപിക്കാനാകില്ലെന്ന നിയമവ്യാഖ്യാനവും വിചിത്രംതന്നെ.

സൂര്യനെല്ലി പെണ്‍കുട്ടിയുടെ പ്രായം കേസ് സമയത്ത് 16 വയസ്സും മൂന്നുമാസവുമായിരുന്നു. അതാണ് പ്രതികളെ ശിക്ഷിക്കാന്‍ തടസ്സമായി നിന്നതത്രേ. പ്രായം മൂന്നുമാസം കുറവായിരുന്നെങ്കില്‍ പ്രതികള്‍ രക്ഷപ്പെടില്ലായിരുന്നുവെന്നോ! ക്രിമിനല്‍ നടപടി സംഹിതയും തെളിവു നിയമവും മറ്റും കോടതികള്‍ വ്യാഖ്യാനിക്കുന്നത് ജനങ്ങളുടെ അഭിലാഷത്തിനും അനീതിചെറുക്കുന്നതിനും ധാര്‍മികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനുമാകണം. കേരളഹൈക്കോടതിതന്നെ ഇതിനു ദൃഷ്ടാന്തമാണ്. 18 വയസ്സ് പൂര്‍ത്തിയായ ഏതൊരു പെണ്‍കുട്ടിക്കും തനിക്ക് ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കാന്‍ നിയമം അനുവദിക്കുന്നുണ്ട്. എന്നാല്‍, 18 വയസ്സ് തികഞ്ഞ ഒറ്റക്കാരണംകൊണ്ട് ഇഷ്ടപ്പെട്ടയാളോട് ഒപ്പം പോകാന്‍ പെണ്‍കുട്ടിയെ അനുവദിക്കാത്ത ഹേബിയസ് കോര്‍പ്പസ് കേസുകള്‍ കേരള ഹൈക്കോടതിയില്‍ എത്രയോ ഉണ്ടായിട്ടുണ്ട്. പെണ്‍കുട്ടിയുടെ പക്വതയും വീണ്ടും ആലോചിക്കാനുള്ള സാവകാശവും മറ്റും മുന്‍നിര്‍ത്തി 18 വയസ്സ് പൂര്‍ത്തിയായ പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ടയാളോടൊപ്പമല്ലാതെ രക്ഷിതാക്കളോടൊപ്പംതന്നെ കോടതി വിട്ടിട്ടുണ്ട്. എന്നാല്‍, ആ ഉദാരവും യുക്തിസഹവുമായ സമീപനം സൂര്യനെല്ലികേസില്‍ ഉണ്ടായോ എന്നതും പരിശോധനാര്‍ഹമാണ്.

ഈ നിയമത്തിലെ ചില അപര്യാപ്തത കോടതിക്കുപോലും ബോധ്യപ്പെട്ടതുകൊണ്ടാണ് ചില അടിയന്തര പരിഷ്കാര നടപടികള്‍ക്ക് കോടതി ആത്മാര്‍ഥമായ അഭ്യര്‍ഥന നടത്തിയത്. നിയമവ്യവസ്ഥ നിശ്ചലമായ സങ്കല്‍പമല്ല. അനീതിക്കിരയാകുന്നവര്‍ക്ക് ഗുണം ലഭിക്കാത്ത വ്യവസ്ഥകള്‍ നിയമവ്യവസ്ഥയില്‍ ഉണ്ടായിക്കൂടാ. സൂര്യനെല്ലികേസിലാകട്ടെ നീതിന്യായപരമായ പരിഹാരത്തിനുള്ള ഒരു പെണ്‍കുട്ടിയുടെ അവകാശം നിയമവ്യവസ്ഥയിലെ ഒരു പഴുതിലൂടെ വെട്ടിമുറിക്കപ്പെട്ടിരിക്കുകയാണ്. ഈ പഴുത് അടച്ചില്ലെങ്കില്‍ അത് നിയമവ്യവസ്ഥയ്ക്കുതന്നെ വെല്ലുവിളിയാകും.

deshabhimani

No comments:

Post a Comment