തൃശൂര്‍: വിവാദമായ ആയുധ ലോഹ ഇടപാട് കേസില്‍ ലീഗ് നേതാക്കള്‍ക്കും ബന്ധമെന്ന് സൂചന. കേസുമായി ബന്ധപ്പെട്ടുണ്ടായ വിവാദം മറച്ചുവയ്ക്കാന്‍ ശ്രമങ്ങള്‍ നടക്കുമ്പോഴാണ് യുഡിഎഫ് മന്ത്രി സഭയിലെ രണ്ടാം കക്ഷിയായ ലീഗിനെതിരെയും ആരോപണം ഉയരുന്നത്.
വ്യവസായ വകുപ്പിന് കീഴില്‍ വരുന്ന സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ തൃശൂരിലെ സ്റ്റീല്‍ ഇന്‍സ്ഡ്രീസ് ഫോര്‍ജിങ് ലിമിറ്റഡ് ചെയര്‍മാന്‍ ഹംസക്ക് കോഴ ഇടപാടില്‍ പങ്കുണ്ടെന്ന് മുന്‍ എം ഡിയും കേസിലെ പ്രതിയുമായ ഡോ.എസ് ഷാനവാസാണ് സി ബി ഐക്ക് മൊഴി നല്‍കിയത്.
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഷാനവാസിന്റെ മൊഴി സംശയകരമായാണ് സിബിഐ എടുത്തിരിക്കുന്നത്. ഹംസക്ക് മാത്രമെ കേസില്‍ ബന്ധമുള്ളൂവെന്നാണ് മൊഴി. തനിക്ക് യാതൊരു കമ്മിഷനും ലഭിച്ചില്ലെന്നും ഇയാള്‍ സിബിഐയെ അറിയിച്ചു. എന്നാല്‍, വ്യവസായ മന്ത്രിക്കോ മറ്റു ലീഗ് നേതാക്കള്‍ക്കോ കേസില്‍ ബന്ധമുണ്ടോ എന്ന അന്വേഷണവും സിബിഐ ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.
യുഡിഎഫിനെ തകിടം മറിക്കുന്ന ആയുധ ലോഹ ഇടപാട് കേസ് വിവാദം മറച്ചുവക്കാനുള്ള ഊര്‍ജിത ശ്രമമാണ് അണിയറയില്‍. സി ബി ഐക്കുപുറമെ വിജിലന്‍സ് അന്വേഷണവും നടത്തണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ പത്രസമ്മേളനത്തെപ്പോലും സി പി എമ്മിലെ ആഭ്യന്തര പ്രശ്‌നങ്ങളുമായി ബന്ധപ്പെടുത്തി വഴിതിരിച്ചുവിടാനുള്ള ശ്രമവും ഇതിന്റെ ഭാഗമായിരുന്നു.
താന്‍ നായര്‍ സമുദായത്തിന്റെ ആളല്ലെന്നും തനിക്കെതിരെ ആസൂത്രിത നീക്കം നടക്കുന്നെന്നും ചൂണ്ടിക്കാട്ടി കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല നടത്തിയ പത്രസമ്മേളനം ഇതിന്റെ ആക്കംകൂട്ടി. ഗതികേടുകൊണ്ടാണ് രമേശ് ഇത്തരം നിലപാടെടുത്തതെന്ന സുകുമാരന്‍ നായരുടെ പ്രതികരണത്തോടെ ആയുധ ലോഹ ഇടപാട് സംബന്ധിച്ച വിവാദത്തെ തണുപ്പിക്കാനാണ് ശ്രമം.
സംസ്ഥാന സര്‍ക്കാരിന്റെ നിരുത്തരവാദിത്വപരമായ നയങ്ങളാല്‍ കെ എസ് ആര്‍ ടി സി തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയതിനുപിറകെയാണ് ആയുധ ലോഹ ഇടപാട് കേസും ഉയര്‍ന്നുവന്നത്. സര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും പ്രതിച്ഛായ തകര്‍ക്കുന്ന ഈ സംഭവങ്ങളെ താക്കോല്‍സ്ഥാന വിവാദം ഉയര്‍ത്തിക്കൊണ്ട് വന്ന് ഇല്ലാതാക്കുകയായിരുന്നു തല്‍പ്പര കക്ഷികളുടെ ലക്ഷ്യം.
(വത്സന്‍ രാമംകുളത്ത്)
janayugom 300113
No comments:
Post a Comment