Thursday, January 31, 2013

സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ചെന്നിത്തല


കാഞ്ഞങ്ങാട്: കേരള മോഡല്‍ വികസനം അട്ടിമറിച്ചതായി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ ആര്‍എസ്പി ബി സംഘടിപ്പിച്ച ബേബിജോണ്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനംചെയ്യവെയാണ് ഉമ്മന്‍ചാണ്ടിഭരണത്തിനെതിരെ ചെന്നിത്തല ഒളിയമ്പുകള്‍ തൊടുത്തത്.

ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ കേരളം ആര്‍ജിച്ച നേട്ടങ്ങളെല്ലാം തകര്‍ന്നു. ബന്ധപ്പെട്ട വകുപ്പുകള്‍ നിര്‍ജീവാവസ്ഥയിലാണ്. ഒന്നും നടക്കുന്നില്ല. സര്‍ക്കാര്‍ ഓഫീസുകളില്‍ കൈക്കൂലി കൊടുക്കാതെ കാര്യങ്ങള്‍ നടക്കാത്ത സാഹചര്യമാണുള്ളത്. സാധാരണക്കാരന് നീതി ലഭിക്കുന്നില്ല. കേരളത്തേക്കാള്‍ വികസനം നടക്കുന്നത് തൊട്ടടുത്ത സംസ്ഥാനങ്ങളിലാണ്. ഐടി മേഖലകളില്‍ അയല്‍സംസ്ഥാനങ്ങള്‍ വളരെയേറെ മുന്നേറുമ്പോള്‍ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. എന്‍ജിനിയറിങ് ബിരുദം പൂര്‍ത്തിയാക്കിയിറങ്ങുന്നവരുടെ മനുഷ്യശേഷിയെ വേണ്ടവിധം ഉപയോഗിക്കാനും നിലവില്‍ കഴിയുന്നില്ല. ഒരുകാലത്ത് കേരളത്തെക്കുറിച്ച് അഭിമാനിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ എല്ലാം നഷ്ടമായി. രാഷ്ട്രീയത്തിനതീതമായി വികസനത്തെ കാണാന്‍ തയ്യാറാകണം. അമ്പതുകളിലെ രാഷ്ട്രീയ പ്രവര്‍ത്തനമല്ല ഇന്ന് കേരളത്തിനാവശ്യം. പുതിയ കാലത്തിനുസരിച്ച് മാറാന്‍ ഭരണക്കാര്‍ തയ്യാറാകണം. കേരളത്തില്‍ പുതിയൊരു വികസന മാതൃക രൂപപ്പെടുത്തണമെന്നും ചെന്നിത്തല പറഞ്ഞു.

എന്‍എസ്എസുമായുള്ള പ്രശ്നങ്ങള്‍ അടഞ്ഞ അധ്യായം: ചെന്നിത്തല

കാഞ്ഞങ്ങാട്: എന്‍എസ്എസുമായുള്ള പ്രശ്നങ്ങള്‍ അടഞ്ഞ അധ്യായമാണെന്നും ഇനി അതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. സുകുമാരന്‍ നായരുടെ അഭിപ്രായത്തെക്കുറിച്ച് കൂടുതലൊന്നും പറയാനില്ല. ആരുടെയും വായമൂടിക്കെട്ടാന്‍ ആര്‍ക്കും കഴിയില്ലെന്നും ചെന്നിത്തല കാഞ്ഞങ്ങാട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗതികേടുകൊണ്ടാണ് ചെന്നിത്തല വാര്‍ത്താസമ്മേളനം നടത്തി യതെന്ന സുകുമാരന്‍ നായരുടെ അഭിപ്രായത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം മറുപടി പറയാതെ ഒഴിഞ്ഞുമാറി. കേന്ദ്രനേതൃത്വവുമായി ധാരണയുണ്ടോയെന്ന് ചോദിക്കാനുള്ള അധികാരമൊന്നും കെപിസിസി പ്രസിഡന്റിനില്ലെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 310113

No comments:

Post a Comment