Tuesday, January 29, 2013

വൈദ്യുതി ഉല്‍പ്പാദനച്ചെലവും കുത്തനെ ഉയരും


കല്‍ക്കരി, പ്രകൃതിവാതക മേഖലയിലെ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിരേഖ കേരളത്തിന് കനത്ത ആഘാതമാകും. സ്വകാര്യമേഖലയെ സഹായിക്കുന്ന നിര്‍ദേശങ്ങള്‍ കേന്ദ്രനിലയങ്ങളില്‍നിന്ന് ലഭിക്കുന്ന വൈദ്യുതിയുടെ വില ഉയര്‍ത്തും. കേരളത്തിലെ പ്രകൃതിവാതക വൈദ്യുതി പദ്ധതികളും അട്ടിമറിക്കപ്പെടും. സ്വകാര്യ ഉല്‍പ്പാദകര്‍ക്ക് വൈദ്യുതി കമ്പോളത്തില്‍ ആദായകരമായി വൈദ്യുതി വില്‍ക്കുന്നതിനായി, പൊതുമേഖലാസ്ഥാപനമായ കോള്‍ ഇന്ത്യ ലിമിറ്റഡ് വഴി ഇറക്കുമതി നടത്തണമെന്നാണ് നിര്‍ദേശം. തദ്ദേശീയ കല്‍ക്കരിയുടെ കുറഞ്ഞ വിലയുമായി ഇറക്കുമതി കല്‍ക്കരിയുടെ വില ഏകീകരിച്ചു കൊടുക്കണമെന്നും പദ്ധതിരേഖ ആവശ്യപ്പെടുന്നു. ഇത് ഇറക്കുമതി കല്‍ക്കരിയെ ആശ്രയിക്കുന്ന സ്വകാര്യ കമ്പനികളുടെ ഉല്‍പ്പാദനച്ചെലവ് കുറയ്ക്കും. എന്‍ടിപിസി അടക്കമുള്ള പൊതുമേഖലാ കമ്പനികളുടെ ഉല്‍പ്പാദനച്ചെലവ് ഉയരാനും ആസൂത്രണ കമീഷന്റെ ശുപാര്‍ശ ഇടയാക്കും. താല്‍ച്ചര്‍, രാമഗുണ്ടം, സിംഹാദ്രി എന്നിവിടങ്ങളില്‍നിന്ന് കേരളത്തിന് ലഭിക്കുന്ന വൈദ്യുതിയുടെ വില ഇതോടെ കുതിച്ചുയരും.

യൂണിറ്റിന് ശരാശരി 2.70 നിരക്കിലാണ് ഒറീസയിലെ താല്‍ച്ചറില്‍നിന്ന് വൈദ്യുതി കിട്ടുന്നത്. രാമഗുണ്ടത്തുനിന്ന് 250 മെഗവാട്ട് മൂന്നു രൂപയില്‍ താഴെ നിരക്കിലും സിംഹാദ്രയില്‍നിന്ന് 80 മെഗാവാട്ട് മൂന്നര രൂപയ്ക്കും കിട്ടുന്നുണ്ട്. ഈയിടെ പ്രവര്‍ത്തനം തുടങ്ങിയ വള്ളൂരില്‍നിന്ന് കല്‍ക്കരി വൈദ്യുതിയാണ് കേരളത്തിന് കിട്ടുന്നത്. കേന്ദ്ര അണ്‍ അലോക്കേറ്റഡ് വിഹിതത്തിലും കല്‍ക്കരി വൈദ്യുതിക്ക് ഗണ്യമായ പങ്കുണ്ട്. ഇറക്കുമതി വിലയുമായി തദ്ദേശീയവില ഏകീകരിക്കുന്നത് ഈ നിലയങ്ങളിലെ വൈദ്യുതി ഉല്‍പ്പാദനച്ചെലവ് ഉയര്‍ത്തും. കെഎസ്ഇബിയുടെ സാമ്പത്തികസ്ഥിതി ഇത് കൂടുതല്‍ അപകടത്തിലാക്കും.

പ്രകൃതിവാതകത്തിന്റെ കാര്യത്തിലുള്ള നിര്‍ദേശവും കേരളത്തിന് തിരിച്ചടിയാകും. ഇറക്കുമതി പ്രകൃതിവാതകത്തെ മാത്രം ആശയിക്കേണ്ടിവരുന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ ആഭ്യന്തര പ്രകൃതിവാതകത്തിന്റെ വിലയും ഇറക്കുമതിവിലയും ഏകീകരിക്കണമെന്നാണ് നിരന്തരം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, അത് നിരാകരിച്ച കമീഷന്‍ ആഭ്യന്തര പ്രകൃതിവാതകത്തിന്റെ വില ഇറക്കുമതിവിലയിലേക്ക് ഉയര്‍ത്തണമെന്നാണ് നിര്‍ദേശിച്ചിരുക്കുന്നത്. ആഭ്യന്തര പ്രകൃതിവാതക ഉല്‍പ്പാദനത്തില്‍ കുത്തകയുള്ള റിലയന്‍സലിന് കൊള്ളലാഭം കൊയ്യാന്‍ ഇത് അവസരമൊരുക്കും. ആഭ്യന്തര പ്രകൃതിവാതകത്തിന്റെ വിലയേക്കാള്‍ നാലിരട്ടിയാണ് ഇറക്കുമതി ചെയ്യുന്നതിന്റെ വില. ഈ വിലയ്ക്ക് പ്രകൃതിവാതകം വാങ്ങി വൈദ്യുതി ഉല്‍പ്പാദിപ്പിക്കുമ്പോള്‍ യൂണിറ്റിന് എട്ടു രൂപയോളം ചെലവു വരും. ബ്രഹ്മപുരം (1026 മെഗാവാട്ട്), കായംകുളം എക്സ്പാന്‍ഷന്‍ (1950) ചീമേനി (1200) തുടങ്ങിയ വമ്പന്‍ പദ്ധതികള്‍ പ്രകൃതിവാതകത്തെ ആശ്രയിച്ചാണ് കേരളം വിഭാവനം ചെയ്തിരുന്നത്. നിലവിലുള്ള താപനിലയങ്ങള്‍ പ്രകൃതിവാതകത്തിലേക്ക് മാറ്റാനും പദ്ധതിയുണ്ട്. എന്നാല്‍, പ്രകൃതിവാതകത്തിന്റെ വിലയില്‍ ഏകീകരണമില്ലെങ്കില്‍ ഈ പദ്ധതികളെല്ലാം അവതാളത്തിലാകും. ഗൗരവമായ ചര്‍ച്ചയില്ലാതെ, ദേശീയ വികസന കൗണ്‍സില്‍ യോഗം പദ്ധതിരേഖ അംഗീകരിച്ചുകഴിഞ്ഞു. ഇനി മന്ത്രിസഭ അംഗീകരിച്ച് ഉത്തരവിറങ്ങുന്നതോടെ ഇത് നടപ്പാകും.
(ആര്‍ സാംബന്‍)

പാവങ്ങള്‍ക്ക് വൈദ്യുതിയില്ല: എ കെ ബാലന്‍

മഞ്ചേരി: വൈദ്യുതി മേഖലയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയതിന്റെ അഞ്ചിലൊന്ന് വികസനമെങ്കിലും നടപ്പാക്കാന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിനെ വെല്ലുവിളിക്കുന്നതായി മുന്‍ വൈദ്യുതി മന്ത്രിയും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ എ കെ ബാലന്‍. ഇതേ സാഹചര്യങ്ങളില്‍ ഇതേ ഉദ്യോഗസ്ഥരെ വച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വൈദ്യുതി മേഖലയെ പ്രതിസന്ധിരഹിതമാക്കിയത്. ഇക്കാര്യത്തില്‍ നിലവിലെ വൈദ്യുതിമന്ത്രിയെ വെല്ലുവിളിക്കുകയാണ്. മഞ്ചേരിയില്‍ കെ സെയ്താലിക്കുട്ടി അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈദ്യുതി പോസ്റ്റ് സൗജന്യമായി നല്‍കിയും ചോദിക്കുന്ന എല്ലാവര്‍ക്കും കണക്ഷന്‍ നല്‍കിയും പവര്‍കട്ട് ഇല്ലാതെയാണ് ഇടതുസര്‍ക്കാര്‍ അഞ്ചുവര്‍ഷം ഭരിച്ചത്. ഇപ്പോള്‍ 17,300 രൂപ നല്‍കിയാലേ പോസ്റ്റ് ലഭിക്കൂ. കെഎസ്ഇബിയെ സ്വകാര്യവത്കരിക്കില്ലെന്ന് പലതവണ ആണയിട്ടയാളാണ് ആര്യാടന്‍. എന്നാല്‍ ഇപ്പോള്‍ റിലയന്‍സുമായി ധാരണയായിക്കഴിഞ്ഞു. കുഞ്ഞാലിക്കുട്ടി എത്ര പണംമുടക്കി പ്രചാരണം നടത്തിയിട്ടും കാര്യമില്ല. വ്യവസായം വരണമെങ്കില്‍ മിതമായ നിരക്കില്‍ വൈദ്യുതിനല്‍കാന്‍ കഴിയണം. സര്‍ക്കാര്‍ പാവപ്പെട്ടവരെ പാടെ അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

deshabhimani

No comments:

Post a Comment