Thursday, January 24, 2013

ദേശീയജാഥയ്ക്ക് വന്‍ വരവേല്‍പ്പ് നല്‍കും


സിപിഐ എം ദേശീയജാഥയ്ക്ക് കേരളത്തില്‍ വന്‍വരവേല്‍പ്പ് നല്‍കാന്‍ പാര്‍ടി സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. ജനകീയ ആവശ്യങ്ങള്‍ നേടാനുള്ള പ്രക്ഷോഭത്തില്‍ ജനങ്ങളെ അണിനിരത്താനും ദേശീയരാഷ്ട്രീയത്തില്‍ ഇടതുപക്ഷ ബദല്‍നയങ്ങള്‍ക്ക് കരുത്തുപകരാനുമാണ് ജാഥ. സിപിഐ എം നേതൃത്വത്തില്‍ ദേശീയജാഥ ആദ്യമാണ്. ജാഥയുടെ പ്രാധാന്യത്തെ പ്പറ്റി പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും സംസ്ഥാനത്തെ സംഘാടനത്തെപ്പറ്റി സംസ്ഥാന സെക്രട്ടറി പിണറായി വിജയനും റിപ്പോര്‍ട്ട് ചെയ്തു.

ഫെബ്രുവരി 24നു കന്യാകുമാരിയില്‍ നിന്ന് പുറപ്പെടുന്ന ജാഥ 25 മുതല്‍ കേരളത്തില്‍ പര്യടനം നടത്തും. പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ളയാണ് ജാഥാക്യാപ്ടന്‍. ഭക്ഷ്യസുരക്ഷ, വിലക്കയറ്റം തടയല്‍, എല്ലാവര്‍ക്കും ഭൂമി-പാര്‍പ്പിടം-വിദ്യാഭ്യാസം-ആരോഗ്യം, അഴിമതി നിര്‍മാര്‍ജനം തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ജാഥ ഉയര്‍ത്തുന്നത്. യുപിഎ സര്‍ക്കാര്‍ നയങ്ങള്‍ രാജ്യത്തെ ജനങ്ങളെയും കൂടുതല്‍ പ്രതിസന്ധിയിലാഴ്ത്തുകയാണ്. അതിനാല്‍ ജനദ്രോഹ സര്‍ക്കാരിനും ഭരണനയങ്ങള്‍ക്കും എതിരെ കൂടുതല്‍ ജനവിഭാഗങ്ങളെ അണിനിരത്തി അതിശക്തമായ പ്രക്ഷോഭം വളര്‍ത്തണം. അതിന് ഉണര്‍വേകാന്‍ ദേശീയജാഥയ്ക്ക് സംസ്ഥാനത്ത് ഓരോ കേന്ദ്രത്തിലും പതിനായിരങ്ങള്‍ പങ്കെടുക്കുന്ന സ്വീകരണം നല്‍കാന്‍ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.

മൂന്നുദിവസത്തെ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ എ വിജയരാഘവന്‍ അധ്യക്ഷനായി. കൊല്‍ക്കത്തയില്‍ ചേര്‍ന്ന പാര്‍ടി കേന്ദ്രകമ്മിറ്റി അംഗീകരിച്ച ദേശീയ-സാര്‍വദേശീയ സ്ഥിതിഗതികളെപ്പറ്റിയുള്ള റിപ്പോര്‍ട്ട് പ്രകാശ് കാരാട്ട് അവതരിപ്പിച്ചു. സംസ്ഥാനത്തെ സ്ഥിതിഗതികളെപ്പറ്റി പിണറായി വിജയനും റിപ്പോര്‍ട്ട് ചെയ്തു. ഇവയെ ആസ്പദമാക്കി ചര്‍ച്ച നടന്നു. പിബി അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ള, കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നു. സിപിഐ എം കോട്ടയം മുന്‍ ജില്ലാകമ്മിറ്റി അംഗം കെ എന്‍ നാരായണപിള്ള, കല്‍പ്പറ്റ മുന്‍ ഏരിയ കമ്മിറ്റി അംഗം കെ പി കുര്യാക്കോസ്, വര്‍ക്കല മുന്‍ ഏരിയ കമ്മിറ്റി അംഗം ജൂനു ശ്രീനിവാസന്‍, വാഴക്കാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എന്‍ ഹരിദാസന്‍, പുന്നപ്ര-വയലാര്‍ സമരസേനാനി കാര്‍ത്യായനി, വയലിനിസ്റ്റ് എം എസ് ഗോപാലകൃഷ്ണന്‍ എന്നിവരുടെ നിര്യാണത്തില്‍ സംസ്ഥാന കമ്മിറ്റിയോഗം അനുശോചിച്ചു.

deshabhimani 240113

No comments:

Post a Comment