Tuesday, January 29, 2013

മത്സ്യബന്ധനപരിധി നിയന്ത്രിക്കാന്‍ നിയമം വരുന്നു


തലശേരി: പരമ്പരാഗത തൊഴിലാളികള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തിനുള്ള ദൂരപരിധി കര്‍ശനമാക്കാന്‍ നിയമത്തിന് നീക്കം. കടല്‍ക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരാണ് നിയമത്തിന്റെ സാധ്യത തേടുന്നത്. സമുദ്രാതിര്‍ത്തി ലംഘിക്കുന്ന മത്സ്യബന്ധന തൊഴിലാളികള്‍ക്കെതിരെ കര്‍ശന നടപടിയടക്കം നിര്‍ദിഷ്ടനിയമത്തില്‍ വ്യവസ്ഥയുണ്ട്. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ 12 നോട്ടിക്കല്‍ മൈലിനുള്ളിലേ യന്ത്രവല്‍കൃത ബോട്ടുകള്‍ക്കും പരമ്പരാഗത യാനങ്ങള്‍ക്കും മത്സ്യബന്ധനത്തിന് അനുമതിയുള്ളൂ. നിയമം വരുന്നതോടെ അതിര്‍ത്തി ലംഘിക്കുന്ന പരമ്പരാഗത വള്ളങ്ങളെ മറൈന്‍ എന്‍ഫോഴ്സ്മെന്റ് തടയും. ലൈസന്‍സ് റദ്ദാക്കി കണ്ടുകെട്ടുകയുംചെയ്യും. മൂന്നുവര്‍ഷം തടവും ഒമ്പതുലക്ഷം രൂപവരെ പിഴയും ഈടാക്കുംവിധത്തിലാകും നിയമം. യന്ത്രവല്‍കൃത ബോട്ടുകളും തോണിയും അതിര്‍ത്തി കടക്കുന്നത് തടഞ്ഞാല്‍ കപ്പലിടിച്ച് തുടരെയുണ്ടാകുന്ന അപകടം ഒഴിവാക്കാമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. അടുത്തിടെയുണ്ടായ കപ്പലപകടങ്ങളില്‍ കേരളതീരത്തുമാത്രം ഏഴു മത്സ്യത്തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. അഞ്ചുപേര്‍ കപ്പലിടിച്ച് ബോട്ട് തകര്‍ന്നും രണ്ടുപേര്‍ ഇറ്റാലിയന്‍ സൈനികരുടെ വെടിയേറ്റും. സമുദ്രാതിര്‍ത്തി ലംഘിക്കുന്ന കപ്പലുകള്‍ക്കെതിരെ നടപടിയെടുക്കാതെ പരമ്പരാഗത തൊഴിലാളികളെ നിയന്ത്രിക്കാനാണ് ആലോചന.

സമുദ്രാതിര്‍ത്തി നിയന്ത്രണം പരമ്പരാഗതതൊഴിലാളികളെയാണ് ദോഷകരമായി ബാധിക്കുക. അതിര്‍ത്തി ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി വരുന്നതോടെ മീന്‍പിടിത്തം അസാധ്യമാകും. സ്രാവും അയക്കൂറയും ഉള്‍പ്പെടെയുള്ളവ പിടിക്കാന്‍ തൊഴിലാളികള്‍ ആഴക്കടലില്‍ ദിവസങ്ങളോളം തങ്ങാറുണ്ട്. മീന്‍തേടിയുള്ള യാത്രയില്‍ പലപ്പോഴും ഇവര്‍ക്ക് അതിര്‍ത്തി കടക്കേണ്ടിവരും. നിയമം വരുന്നതോടെ നിശ്ചിതപരിധിക്കപ്പുറം കടന്ന് മീന്‍പിടിക്കുന്നത് കടുത്ത നടപടി ക്ഷണിച്ചുവരുത്തും. പന്ത്രണ്ട് നോട്ടിക്കല്‍ മൈലിനപ്പുറം അപകടം നടന്നാല്‍ ഉത്തരവാദിത്തത്തില്‍നിന്ന് കപ്പലുകാര്‍ക്കും സര്‍ക്കാരിനും രക്ഷപ്പെടാം. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കുള്ള നിയന്ത്രണത്തിലൂടെ വിദേശ കപ്പലുകള്‍ക്ക് അതിര്‍ത്തിക്കുള്ളില്‍ കടന്ന് മത്സ്യബന്ധനം നടത്താന്‍ സൗകര്യമൊരുക്കുകയാണ് കേന്ദ്രം. തീരദേശത്ത് മത്സ്യസമ്പത്ത് ഗണ്യമായി കുറയുന്നെന്ന പരാതി നിലനില്‍ക്കുമ്പോഴാണ് മീന്‍പിടിത്തത്തിന് നിയന്ത്രണമേര്‍പ്പെടുത്തുന്നത്. വന്‍കിട കപ്പലുകള്‍ക്ക് ആഴക്കടല്‍ മത്സ്യസമ്പത്ത് പൂര്‍ണമായും കൊള്ളയടിക്കാന്‍ സൗകര്യമൊരുക്കുന്നതാകും നടപടി.

deshabhimani 290113

No comments:

Post a Comment