Thursday, January 24, 2013

തലയില്‍ മുണ്ടിട്ടുനില്‍ക്കുന്ന ബി ജെ പി


'രാജനൈതികതയുടെ മണ്ഡലത്തില്‍ ധര്‍മ സംസ്ഥാപനാര്‍ഥം' അവതരിച്ച പാര്‍ട്ടിയെന്നാണ് ബി ജെ പി സ്വയം അവകാശപ്പെട്ടുപോന്നത്. ഹിന്ദുരാഷ്ട്രം ലക്ഷ്യമാക്കി ജന്മംകൊണ്ട ആര്‍ എസ് എസ് ആണ് അതിന്റെ തലയും തലച്ചോറും ശക്തിയും ബുദ്ധിയുമെല്ലാം. 1925 ല്‍ രൂപീകൃതമായ ആര്‍ എസ് എസിന്റെ കുടക്കീഴിലാണ് സംഘ് പരിവാര്‍ സംഘടനകളെല്ലാം അണിചേര്‍ന്നിട്ടുള്ളത്. ആ വിശാല പരിവാരത്തിന്റെ രാഷ്ട്രീയ മുഖമായാണ് ജനസംഘവും പിന്നീട് ബി ജെ പിയും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാനെത്തിയത്. അഴിമതിക്കെതിരായ വാചകമടിയില്‍ അവര്‍ ഒരിക്കലും വിട്ടുവീഴ്ച കാണിച്ചിട്ടില്ല. 'വ്യത്യസ്തമായ പാര്‍ട്ടി' എന്ന വിശേഷണത്തോടെയാണ് ബി ജെ പി അധികാര സോപാനത്തിലേക്ക് കടന്നുവന്നത്. എന്നാല്‍ അഴിമതിയുടെ അഴുക്കുചാലില്‍ അതു മുങ്ങിത്താണത് കോണ്‍ഗ്രസിനേക്കാള്‍ വേഗത്തിലായിരുന്നു. ഇന്ത്യന്‍ ചൂഷകവര്‍ഗത്തിന്റെ രാഷ്ട്രീയ താല്‍പര്യങ്ങളെത്തന്നെയാണ് കോണ്‍ഗ്രസിനെപോലെ ബി ജെ പിയും പ്രതിനിധീകരിക്കുന്നത്. അഴിമതിയുമായുള്ള ആത്മബന്ധം അരക്കിട്ടുറപ്പിക്കാന്‍ കോണ്‍ഗ്രസിനു നാല് ദശാബ്ദം വേണ്ടിവന്നു. ബി ജെ പിയാകട്ടെ അധികാര രാഷ്ട്രീയം കൈയാളി നാല് കൊല്ലം കഴിഞ്ഞപ്പോള്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനെ കടത്തിവെട്ടാന്‍ തങ്ങള്‍ക്കു പ്രാപ്തിയുണ്ടെന്നു തെളിയിച്ചു. ഇപ്പോഴിതാ, അധ്യക്ഷപദവിയിലേക്ക് ആര്‍ എസ് എസ് കല്‍പിക്കുകയും ബി ജെ പി തലകുലുക്കി സമ്മതിക്കുകയും ചെയ്ത നിതിന്‍ ഗഡ്കരി തലയില്‍ മുണ്ടിട്ടു പിന്‍മാറിയിരിക്കുന്നു. അഴിമതിയുടെ കറപുരണ്ട നാണംകെട്ട ഇടപാടിന്റെ ഫലമായാണ് നാല്‍ക്കവലയില്‍വച്ച് ഉടുമുണ്ടഴിഞ്ഞതുപോലെ ബി ജെ പിക്ക് നില്‍ക്കേണ്ടിവന്നത്. സംഘപരിവാറിന്റെ തനിസ്വരൂപമാണ് ഗഡ്കരി സംഭവത്തോടെ ഇന്ത്യന്‍ ജനതയ്ക്കുമുമ്പില്‍ അനാവൃതമാകുന്നത്.

ബുധനാഴ്ച ഉച്ചയോടെ രണ്ടാംവട്ടവും ഗഡ്കരി ബി ജെ പി അധ്യക്ഷനാകുമെന്നാണ് അദ്ദേഹവും അനുചരവൃന്ദവും കണക്കുകൂട്ടിയിരുന്നത്. ഗഡ്കരിയുടെ രണ്ടാമൂഴത്തിനു തടയിടാന്‍ ബി ജെ പി പാളയത്തില്‍തന്നെ പട ഉണ്ടായിരുന്നു. എല്‍ കെ അദ്വാനിയും അരുണ്‍ ജയ്റ്റ്‌ലിയും സുഷമാസ്വരാജും യശ്വന്ത്‌സിന്‍ഹയും രാജ്‌നാഥ് സിംഗും രാംജത്മലാനിയുമെല്ലാം ഗഡ്കരിക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും യുദ്ധം നയിച്ചവരാണ്. എന്നാല്‍ അവരുടെ എതിര്‍പ്പിന്റെ മുനയൊടിച്ചുകൊണ്ട് ആര്‍ എസ് എസ് നേതൃത്വം ഗഡ്കരിക്കു പിന്നില്‍ അണിനിരക്കുകയായിരുന്നു. ഗഡ്കരിക്കു പരവതാനി വിരിക്കുന്നതിനായി ബി ജെ പി ഭരണഘടന തന്നെ തിരുത്തി എഴുതിച്ചു; ആര്‍ എസ് എസ്. സത്യധര്‍മാദികളും തത്വസംഹിതകളുമൊന്നും ഇത്തരം സന്ദര്‍ഭങ്ങളില്‍ സംഘപരിവാറിനു തടസമാവുകയില്ല. കഴുത്തറുപ്പന്‍ മത്സരത്തിന്റെയും പണത്തെ മുന്‍നിര്‍ത്തിയുള്ള കടുകട്ടി  തീരുമാനത്തിന്റെയും സദാചാരമാണ് അപ്പോള്‍ അവരുടെ വഴികാട്ടി. അതു വണിക്കുകളുടെ സംസ്‌കാരമാണ്. പണത്തെ ദൈവത്തെക്കാള്‍ വലുതായി പൂജിക്കുന്ന വണിക്കുകളുടെ സംസ്‌കാരം തന്നെയാണ് ബി ജെ പിക്കും ആര്‍ എസ് എസിനും വഴികാട്ടുന്നത്. പണം വാരിയെറിയാന്‍ വിരുതനായ നിതിന്‍ ഗഡ്കരിക്കു മുമ്പില്‍ അവര്‍ ഓച്ഛാനിച്ചുനിന്നത് അതുകൊണ്ടായിരുന്നു.

നിതിന്‍ഗഡ്കരി അവിഹിത ധനസമ്പാദനത്തിനു പണ്ടേ പേരുകേട്ട ആളാണ്. മഹാരാഷ്ട്രയില്‍ മന്ത്രിപദവി വഹിച്ചപ്പോഴും അതിനു മുമ്പും പിമ്പുമെല്ലാം അദ്ദേഹം വിശ്വസിച്ചുപോരുന്നത്, ''നാണംകെട്ടും പണം നേടിക്കൊണ്ടാല്‍ നാണക്കേട് ആ പണം മാറ്റിക്കൊള്ളും'' എന്നാണ്. അത്തരക്കാര്‍ തന്നെ വേണം ആഗോളവല്‍കരണകാലത്ത് ബി ജെ പിയെ നയിക്കാന്‍ എന്ന് ആര്‍ എസ് എസ് സര്‍സംഘ്ചാലക്കിനും സഹകാര്യവാഹകന്മാര്‍ക്കും നിര്‍ബന്ധമുണ്ട്. ബി ജെ പി അധ്യക്ഷനെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ ഉയരുമ്പോഴെല്ലാം ആരോപണ കര്‍ത്താക്കള്‍ക്കുനേരെ അവര്‍ കണ്ണുരുട്ടി. 'ധനപ്രഭുസേവ' തന്നെയാണ് മാധവസേവ എന്നും മാനവസേവ എന്നും വിശ്വസിക്കുന്നതുകൊണ്ടാകുമല്ലോ മോഹന്‍ ഭഗവതും കൂട്ടാളികളും അത് ചെയ്തത്.

പൂര്‍ത്തി ഗ്രൂപ്പ് എന്നു പേരുള്ള ബിസിനസ് ശൃംഖലയുമായി ബന്ധപ്പെട്ട ഓഫീസുകളില്‍ ആദായനികുതി വിഭാഗം നടത്തിയ റെയ്ഡുകളാണ് ഗഡ്കരിയുടെയും ആര്‍ എസ് എസിന്റെയും ബി ജെ പിയുടെയും മോഹങ്ങള്‍ പൂര്‍ത്തിയാകുന്നതിനു തടസം സൃഷ്ടിച്ചത്. ഗഡ്കരിയുടെ പൂര്‍ത്തി ഗ്രൂപ്പുമായി ബന്ധപ്പെട്ട 'ഷെല്‍ കമ്പനികളെ'ല്ലാം കാലങ്ങളായി സംശയത്തിന്റെ നിഴലിലാണ്. കാര്യമായ ആസ്തിയോ പ്രവര്‍ത്തനങ്ങളോ ഇല്ലാത്ത പുറം തോടുകള്‍ മാത്രമാണ് ഷെല്‍ കമ്പനികള്‍. അവിഹിത ഇടപാടുകള്‍ക്കുള്ള മറ മാത്രമാണവ. ബി ജെ പി അധ്യക്ഷന്റെ ബിസിനസ് സാമ്രാജ്യം മുഴുവന്‍ ഇത്തരം നെറികേടുകളുടെ കണ്ണി കോര്‍ത്ത് ശക്തിപ്പെടുത്തിയതാണ്. ആ കുറ്റകൃത്യമഞ്ഞുമലയുടെ മുകള്‍മുന മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നത്. അതിന്റെ മുമ്പിലാണ് സംഘ് പരിവാറിന്റെ മാനസപുത്രനായ നിതിന്‍ഗഡ്കരി കമഴ്ന്നടിച്ചുവീണിരിക്കുന്നത്.

ആഗോളവല്‍കരണത്തിന്റെ സാമ്പത്തിക ശക്തികളും സാമ്രാജ്യത്വത്തിന്റെ തലതൊട്ടപ്പന്മാരും ഇന്ത്യയില്‍ ദ്വികക്ഷി സമ്പ്രദായത്തിനു വളംവയ്ക്കാന്‍ കൊതിച്ചവരാണ്. കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും  കൂടുകളിലാണ് അവര്‍ തങ്ങളുടെ ദുര്‍മോഹത്തിന്റെ മുട്ടകള്‍ വിരിയാന്‍ വയ്ക്കുന്നത്. അതിനുപറ്റിയ താരങ്ങളെ കണ്ടെത്താനും വളര്‍ത്തിയെടുക്കാനും അവര്‍ എന്നും ഉത്സാഹിച്ചിട്ടുണ്ട്. ബി ജെ പിയില്‍ നരേന്ദ്രമോഡിയും ഗഡ്കരിമാരുമെല്ലാം അവരുടെ പന്തയക്കുതിരകളാണ്. ഇത്തരം കുതിരകളെയാണ് സംഘ്പരിവാര്‍ പോറ്റിവളര്‍ത്തുന്നത്. അവര്‍ വര്‍ഗീയ രാഷ്ട്രീയം കൈയാളുന്നതും വികസന മുഖംമൂടി അണിയുന്നതും മതസ്പര്‍ധ വളര്‍ത്തുന്നതും വര്‍ഗീയ കലാപങ്ങള്‍ കുത്തിപ്പൊക്കുന്നതുമെല്ലാം നിശ്ചിതമായ സാമ്പത്തിക രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. അതിന്റെ വികൃതമുഖം ഇന്ത്യ എപ്പോഴും കണ്ടിട്ടുണ്ട്. നിതിന്‍ ഗഡ്കരി പ്രതിനിധീകരിക്കുന്ന ദുരന്തകഥ അതിന്റെ ഭാഗമാണെന്ന് ജനങ്ങള്‍ അറിയണം. ഒരു രാഷ്ട്രീയകക്ഷിയിലെ ഒരു നേതാവിനു പറ്റിയ കൈയബദ്ധമായി ഇതിനെ വ്യാഖ്യാനിക്കാന്‍ പുതിയ ബി ജെ പി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് തന്നെ നിയുക്തനായേക്കാം. അല്ലെങ്കില്‍ അടിസ്ഥാനമില്ലാത്ത ആരോപണമെന്ന് സംഘ്പരിവാര്‍ ഒന്നടങ്കം വിളിച്ചുകൂവിയേക്കാം. എന്നാല്‍ ഇത് കെട്ടുനാറുന്ന ചൂഷകവര്‍ഗ വ്യവസ്ഥയുടെ ഗതികേടിന്റെ പ്രതിഫലനമാണ്. ജനസേവനത്തിന്റെ മറവില്‍ അവിഹിതമായി സമ്പത്തുകുന്നുകൂട്ടുന്നവരാണ് വലതുപക്ഷ രാഷ്ട്രീയത്തിന്റെ തേരാളികള്‍. അത്തരക്കാരില്‍ നിന്ന് നാടിനെ മോചിപ്പിക്കുന്ന ബദല്‍ രാഷ്ട്രീയത്തിന്റെ ആവശ്യകതയാണ് ഈ സംഭവം വിളിച്ചറിയിക്കുന്നത്.

janayugom editorial 240113

1 comment:

  1. സീപ്പീയെമ്മോ, പിണറായിയോ പ്രതിയാകുന്ന കേസാണേ സര്‍ജിക്കല്‍ ബ്ലേഡും ഭൂതക്കണ്ണാടീം ഒക്കെ റെഡി.. ഇഴനാരു കീറി സത്യം അറിയാഞ്ഞാല്‍ ഉറക്കവും വരില്ല. മറ്റു കേസില്‍ ഒക്കെ കൊണ്ഗ്രസ്സിനെ ഒടുക്കത്തെ വിശ്വാസമാ..

    ReplyDelete