Monday, January 28, 2013
ഭൂസമരം: ഊര്‍ങ്ങാട്ടിരിയിലെ 52 കുടുംബങ്ങള്‍ താമസമാരംഭിച്ചു
അരീക്കോട്: മണ്ണിനുവേണ്ടിയുള്ള പോരാട്ടചരിത്രത്തില്‍ പുതിയ അധ്യായംകുറിച്ച ഭൂസമരത്തിന് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കിയപ്പോള്‍ ഊര്‍ങ്ങാട്ടിരിയിലെ 52 കുടുംബങ്ങളുടെ ജീവിതസ്വപ്നമാണ് പൂവണിഞ്ഞത്. മുദ്രാവാക്യംകൊണ്ട് പ്രകമ്പനംസൃഷ്ടിച്ച പുതുവര്‍ഷപ്പുലരിയില്‍ ചുവപ്പ് റിബണുകളും ചെങ്കൊടികളുമേന്തി ഊര്‍ങ്ങാട്ടിരിയിലെ കല്ലരട്ടിക്കല്‍ പാലത്തുപാറ മിച്ചഭൂമിയില്‍ കുടില്‍ കെട്ടി സമരമാരംഭച്ചതോടെയാണ് ഭൂരഹിതരായ 52 പേരുടെ ജീവിതസ്വപ്നങ്ങള്‍ക്ക് ചിറകുമുളച്ചത്. സമരഭൂമിയിലേക്ക് പ്രവേശിച്ച നൂറുകണക്കിന് സഖാക്കളുടെ സഹായത്തോടെയാണ് പാലത്തുപാറയില്‍ ഇ എം എസ് കോളനിയില്‍ 52 കുടിലുകള്‍ ഉയര്‍ന്നത്. ഇതില്‍ 20 കുടുംബങ്ങള്‍ താമസമാരംഭിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍ ഇ എം എസ് കോളനി എന്ന് പേരുനല്‍കി.
ഞായറാഴ്ച രാവിലെ തൊട്ടിമാന്‍ മുഹമ്മദ് താമസമാരംഭിച്ചു. സ്വന്തമായി ഭൂമിയില്ലാതെ കഴിഞ്ഞ ഒമ്പതുവര്‍ഷമായി മുഹമ്മദും ഭാര്യയും ആറ് മക്കളും വാടക വീട്ടിലാണ് താമസം. സ്വന്തമായി ഭൂമിക്കുവേണ്ടി വര്‍ഷങ്ങളായുള്ള ഇവരുടെ കാത്തിരിപ്പിനൊടുവിലാണ് മുഹമ്മദും കുടുംബവും പാലത്തുപാറ മിച്ചഭൂമിയില്‍ നടന്ന സമരത്തില്‍ വളന്റിയര്‍മാരായത്. ചടങ്ങില്‍ സിപിഐ എം ഏരിയാ കമ്മിറ്റിയംഗങ്ങളായ എന്‍ കെ ഷൗക്കത്തലി, പി കെ മണി, പാര്‍വതി, ലോക്കല്‍ സെക്രട്ടറി ടി പി അന്‍വര്‍, ബ്രാഞ്ച് സെക്രട്ടറി ശ്രീധരന്‍, മുജീബ്, സി പി ഷെരീഫ് എന്നിവരും സന്നിഹിതരായിരുന്നു. കോളനിയില്‍ താമസമുറപ്പിറപ്പിച്ചവര്‍ക്ക് കുടിവെള്ള വിതരണത്തിനാവശ്യമായ നടപടി തുടങ്ങിക്കഴിഞ്ഞു.
1997ലെ നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് പാലത്തുപാറയിലെ അര ഏക്കര്‍ മിച്ചഭൂമി ഭൂരഹിതരായ 90 പേര്‍ക്ക് വീതിച്ചുനല്‍കിയത്. ജനറല്‍ വിഭാഗത്തില്‍ അഞ്ച് സെന്റും എസ്സിക്ക് പത്ത് സെന്റ് വീതവുമാണ് വിതരണംചെയ്തത്. പട്ടയംലഭിച്ച കുടുംബങ്ങള്‍ 1998 വരെ ഊര്‍ങ്ങാട്ടിരി വില്ലേജില്‍ നികുതി അടച്ചിരുന്നു. എന്നാല്‍ ചില തല്‍പ്പരകക്ഷികളുടെ ഭീഷണിക്കുവഴങ്ങി നികുതിവാങ്ങാന്‍ റവന്യു അധികൃതര്‍ തയ്യാറായില്ല. ഭൂമി വിട്ടുകിട്ടാന്‍ ഉടമ കോടതിയെ സമീപിച്ചെങ്കിലും കൈവശാവകാശവും പട്ടയവും ലഭിച്ചവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കോടതിക്കുമായില്ല. കോളനിയിലെ മറ്റ് വീടുകളിലും വരുംദിവസങ്ങളില്‍ കുടുംബങ്ങള്‍ താമസമാരംഭിക്കും.
ആറന്മുളയില്‍ സമരം മുന്നോട്ട്
കോഴഞ്ചേരി: നിര്‍ദിഷ്ട ആറന്മുള വിമാനത്താവള ഭൂമിയിലെ ഭൂരഹിതരുടെ കുടില്‍കെട്ടി സമരം 17 ദിവസം പിന്നിട്ട് ശക്തമായി മുന്നോട്ട്. സര്‍ക്കാര്‍ ഭൂമി മണ്ണിട്ട് നികത്തിയും നീര്‍ത്തോടുകള്‍ കൈയേറിയും സ്വകാര്യ കമ്പനി വിമാനത്താവളത്തിന്റെ പേരില്‍ കൈയടക്കി വെച്ച ഭൂമിയിലാണ് പാവപ്പെട്ടവരുടെ പോരാട്ടം സമാനതകളിലാതെ മുന്നേറുന്നത്. കുടിലുകെട്ടി താമസമുറപ്പിച്ച ഇവിടെ കിണര്‍ കുഴിച്ച് ശുദ്ധജല ലഭ്യത ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ സമരസമിതിയംഗങ്ങള്‍.
സംസ്ഥാന വ്യാപകമായി നടന്ന സമരത്തിന്റെ ഭാഗമായി ജനുവരി ഒന്നിനാണ് ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ആറന്മുളയിലും പ്രക്ഷോഭമാരംഭിച്ചത്. ജനുവരി 11ന് ഇവിടെ കുടിലുകെട്ടി അവകാശം സ്ഥാപിച്ചു. ഇതിനകം 300 കുടിലുകളാണ് സമര ഭൂമിയില്‍ നിര്‍മിച്ചിട്ടുള്ളത്. ഇവിടെ താമസിക്കുന്ന നിര്‍ധനരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും അരിയും ശുദ്ധജലവും മണ്ണെണ്ണയും വാങ്ങി നല്‍കുന്നത് ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ്. ശുദ്ധജലം പുറത്തുനിന്നും ടാങ്കര്‍ ലോറികളിലാണ് എത്തിക്കുന്നത്. ഈ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനാണ് കുടിലുകളോട് ചേര്‍ന്ന് കിണര്‍ കുഴിച്ച് ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിന് തീരുമാനിച്ചത്. നിര്‍മാണത്തിനാവശ്യമായ കോണ്‍ക്രീറ്റ് റിങ്ങുകള്‍ പള്ളിയോട-പള്ളിവിളക്ക് സംരക്ഷണ ഭാരവാഹികള്‍ സമരഭൂമിയിലെത്തിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കിണര്‍ നിര്‍മാണം ആരംഭിക്കുമെന്ന് സമരസമിതി ഭാരവാഹികള്‍ അറിയിച്ചു.
deshabhimani 280113
Labels:
പോരാട്ടം
Subscribe to:
Post Comments (Atom)
No comments:
Post a Comment