Monday, January 28, 2013

അയോധ്യയില്‍ തല്‍സ്ഥിതി തുടരണമെന്ന് സുപ്രീംകോടതി


അയോധ്യയില്‍ ബാബറി മസ്ജിദ് നിലനിന്നതിന് സമീപമുള്ള 67 ഏക്കര്‍ ഭൂമിയില്‍ തല്‍സ്ഥിതി നിലനിര്‍ത്തണമെന്ന് സുപ്രീംകോടതി ആവര്‍ത്തിച്ചു. സമീപപ്രദേശങ്ങളില്‍ കുഴിച്ചുപരിശോധനയും മറ്റും നടത്തുന്നത് തല്‍സ്ഥിതി നിലനിര്‍ത്തിയാവണമെന്ന് ജസ്റ്റിസുമാരായ അഫ്താബ് ആലവും രഞ്ജന പ്രകാശ് ദേശായിയും ഉള്‍പ്പെട്ട ബെഞ്ച് നിര്‍ദേശിച്ചു. അയോധ്യയില്‍ സംഘപരിവാര്‍ സംഘടനകള്‍ നിര്‍മിച്ചിട്ടുള്ള താല്‍ക്കാലിക ക്ഷേത്രത്തിന്റെ പന്തല്‍ മാറ്റാന്‍ അനുമതി തേടിയുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതി നിലപാട് ആവര്‍ത്തിച്ചത്. രണ്ടാഴ്ച കൂടുമ്പോള്‍ അയോധ്യ സന്ദര്‍ശിച്ച് സ്ഥിതിവിവരങ്ങള്‍ അറിയിക്കുന്നതിന് അലഹബാദ് ഹൈക്കോടതി നിയോഗിച്ച രണ്ട് ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ ചുമതലയില്‍നിന്ന് ഒഴിവാക്കണമെന്നും സുപ്രീംകോടതി പരിഗണിക്കുന്ന ഹര്‍ജിയില്‍ ആവശ്യമുണ്ട്. 2003ലാണ് ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ നിയമിച്ചത്. താല്‍ക്കാലിക ക്ഷേത്രത്തിന്റെ അറ്റകുറ്റപ്പണികള്‍ക്ക് സുപ്രീംകോടതിയുടെ അനുമതി ആവശ്യമാണെന്നും ഫൈസാബാദ് ജില്ലാകമീഷണര്‍ അറിയിച്ചു. ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്തരം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. ഹര്‍ജി വിശദവാദം കേള്‍ക്കുന്നതിനായി ഫെബ്രുവരി 18ലേക്ക് മാറ്റി. ഹര്‍ജിയിലെ ആവശ്യങ്ങള്‍ കേള്‍ക്കാമെന്ന് അറിയിച്ച കോടതി പുതിയതായി ആരെയും കക്ഷിചേര്‍ക്കില്ലെന്നും വ്യക്തമാക്കി.

ബാബറി മസ്ജിദ് നിലനിന്ന സ്ഥലത്തെ മൂന്നായി വിഭജിച്ചുകൊണ്ടായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ്. ഇത് ചോദ്യംചെയ്ത് ഒട്ടനവധി ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് എത്തിയിട്ടുണ്ട്. ഹര്‍ജികള്‍ പരിഗണിച്ച കോടതി 2010 സെപ്തംബറില്‍ ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നത് സ്റ്റേ ചെയ്തിരുന്നു. കേസിലെ കക്ഷികള്‍ ഭൂമി വിഭജിക്കണമെന്ന് ആവശ്യപ്പെടാതിരുന്നിട്ടും മൂന്നായി വിഭജിച്ചുള്ള ഹൈക്കോടതി ഉത്തരവ് ആശ്ചര്യകരമാണെന്ന് സുപ്രീംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. പ്രദേശത്ത് തല്‍സ്ഥിതി തുടരാന്‍ ഉത്തരവിട്ട കോടതി പള്ളി നിലനിന്ന സ്ഥലത്തോട് ചേര്‍ന്നുള്ള 67 ഏക്കര്‍ ഭൂമിയില്‍ മതാനുഷ്ഠാനങ്ങളൊന്നും പാടില്ലെന്നും നിര്‍ദേശിച്ചിരുന്നു.

deshabhimani 290113

No comments:

Post a Comment