Friday, January 25, 2013
പയ്യന്നൂര്‍ കോളേജില്‍ കെഎസ്യു- യൂത്ത്കോണ്‍ഗ്രസ് ആക്രമണം
പൊലീസിന്റെ തണലില്‍ പയ്യന്നൂര്‍ കോളേജില്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് ആക്രമം. പ്രിന്‍സിപ്പലിന്റെ ഓഫീസ് അടിച്ചുതകര്‍ത്ത അക്രമികള്‍ പ്രിന്‍സിപ്പലിനെ വധിക്കാന്‍ ശ്രമിച്ചു. കോളേജ് യൂണിയന്‍ ചെയര്‍മാന്‍ എന്‍ കെ സജിന്‍, എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് നദീഷ് നാരായണന്‍ എന്നിവരെ ആക്രമിച്ചു. അക്രമത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വനിതാ ഹോസ്റ്റല്‍ ഉദ്ഘാടനച്ചടങ്ങ് ഉപേക്ഷിച്ചു. എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചടങ്ങ് ബഹിഷ്കരിച്ച് പ്രകടനം നടത്തി.
വ്യാഴാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. കോളേജിലെ പുതിയ വനിതാ ഹോസ്റ്റല്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് കോളേജ് അധികൃതര്‍ നടത്തിയ അലങ്കാരത്തിനിടയില്‍ കെഎസ്യു പതാകയും അഭിവാദ്യബാനറും കെട്ടിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. അലങ്കാരത്തിനിടയില്‍ സംഘടനയുടെ പതാക കെട്ടാന്‍ പാടില്ലെന്ന് പ്രിന്‍സിപ്പല്‍ കെ നാരായണന്‍ കെഎസ്യു പ്രവര്‍ത്തകരോട് പറഞ്ഞു. ഇതിനെച്ചൊല്ലി അധ്യാപകരും കെഎസ്യു പ്രവര്‍ത്തകരും വാക്കുതര്‍ക്കം നടത്തുന്നതിനിടെ പുറമേ നിന്നെത്തിയ രാഹുല്‍, കരിവെള്ളൂരിലെ സുദീപ്, ആദര്‍ശ് എന്നിവരുടെ നേതൃത്വത്തിലുള്ള കെഎസ്യു-യൂത്ത്കോണ്‍ഗ്രസ് സംഘം പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ കയറി ഫര്‍ണിച്ചറുകള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. പ്രിന്‍സിപ്പലിന് നേരെ കസേര വലിച്ചെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് പുറത്തിറങ്ങിയ അക്രമിസംഘം കോളേജ് വരാന്തയില്‍ നില്‍ക്കുകയായിരുന്ന യൂണിയന്‍ ചെയര്‍മാനെയും എസ്എഫ്ഐ പ്രവര്‍ത്തകരെയും പൊലീസ് നോക്കിനില്‍ക്കെ ആക്രമിക്കുകയായിരുന്നു.
ഇതിനിടെ പൊലീസ് ചെയര്‍മാന്‍ സജിനെയും നദീഷിനെയും പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സി കൃഷ്ണന്‍ എംഎല്‍എയും ഡിവൈഎഫ്ഐ നേതാക്കളും സ്റ്റേഷനിലെത്തി ജില്ലാ പൊലീസ് മേധാവി രാഹുല്‍ ആര്‍ നായര്‍, സിഐ പി കെ ധനഞ്ജയബാബു എന്നിവരുമായി സംസാരിച്ചു. തുടര്‍ന്നാണ് സജിനെയും നദീഷിനെയും വിട്ടയച്ചത്. തുടര്‍ന്നിവരെ പയ്യന്നൂര്‍ സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമം നടത്തിയ കെഎസ്യുക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതര്‍ ഉറപ്പുനല്‍കി.
deshabhimani 250113
Subscribe to:
Post Comments (Atom)
No comments:
Post a Comment