Monday, January 28, 2013

കിളിപ്പാട്ടുമായുന്ന കേരളത്തിലേക്ക് ആപല്‍സൂചനയായി മരുഭൂമിയിലെ പക്ഷികള്‍?


കാല്‍നൂറ്റാണ്ടു മുമ്പ് കാക്കകളെ കാണാനില്ലായിരുന്ന മൂന്നാര്‍ ഇന്ന് കാക്കപ്പറ്റങ്ങളുടെ സങ്കേതമായത് കാലാവസ്ഥാ വ്യതിയാനത്തിന്റെ അശുഭലക്ഷണമായി പരിസ്ഥിതി ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടിയിരുന്നുവെങ്കില്‍ കേരളം മരുവല്‍കരിക്കപ്പെടാന്‍ പോകുന്നുവെന്ന ആപല്‍ സൂചനയുമായി ചിലയിനം ദേശാടന പക്ഷികള്‍ കൂട്ടത്തോടെ കേരളത്തിലേക്ക് വിരുന്നു വരുന്നു.
കാട്ടുകള്ളന്മാരും ഭൂമാഫിയകളും ചേര്‍ന്നു കാടു മുതല്‍ കടല്‍വരെ പരിസ്ഥിതി നാശം വിതയ്ക്കുന്നതിനിടയില്‍ കിളിപ്പാട്ടുമായുള്ള കേരളത്തിലേക്കാണ് ഉഷ്ണമേഖലാപ്രദേശങ്ങളില്‍ മാത്രം കണ്ടുവരുന്ന വിവിധയിനം ദേശാടനകിളികളുടെ പറന്നേറ്റം. ശൈത്യം ഏറുമ്പോള്‍ തെല്ല് ഉഷ്ണം തേടി ആയിരക്കണക്കിനു കാതങ്ങള്‍ താണ്ടിയെത്തുന്ന സൈബീരിയന്‍ കൊക്കുകളുടെ പ്രവാഹ ശക്തി ഏറിയതും ഹരിതകേരളം രാജസ്ഥാനിലെ താര്‍ സമാനമായ മരുഭൂമിയായേയ്ക്കുമെന്ന ആശങ്കയുടെ കരിനിഴല്‍ പരത്തുന്നു.

ചക്കിപ്പരുന്തും കൃഷ്ണ പരുന്തും മാത്രമായിരുന്നു കേരളത്തില്‍ കണ്ടുവന്ന പരുന്തിനങ്ങള്‍. പക്ഷേ ഉഷ്ണ മേഖലാ രാജ്യങ്ങളില്‍ മാത്രം കാണുന്ന കഴുകന്‍ പരുന്തുകളും രാജപരുന്തുകളും ഈ ഗണത്തിലെ കുഞ്ഞന്മാരായ പുള്ളിപ്പരുന്തുകളും ഇത്തവണ കൊടും വേനലെത്തുംമുമ്പുതന്നെ കേരളത്തില്‍ താവളമുറപ്പിച്ചത് ഭൂമി പിളരുന്ന വരള്‍ച്ചയിലേക്ക് സംസ്ഥാനം പ്രയാണം തുടങ്ങിയെന്ന സൂചനയാണെന്ന് പക്ഷി നിരീക്ഷകര്‍ കരുതുന്നു.

പത്തു വര്‍ഷത്തിലൊരിക്കല്‍ ഒരു വരള്‍ച്ചയുണ്ടാവുമെന്നു ശാസ്ത്രജ്ഞര്‍ പ്രവചിച്ചത് കൃത്യമായി നടന്നുവരുന്നു. 83 ലാണ് ഓര്‍മയില്‍ തങ്ങിനില്‍കുന്ന സമീപകാലത്തെ കൊടും വരള്‍ച്ചയുണ്ടായത്. പശ്ചിമഘട്ടത്തില്‍ നിന്ന് ഒഴുകിയെത്തുന്ന ആ നദികള്‍ മിക്കവാറും അന്നു വറ്റിവരണ്ടിരുന്നു. അഗസ്ത്യകൂട താഴ്‌വരയിലെ നെയ്യാറിന്റെ ഈറന്‍ മാറില്‍ അന്ന് ആദിവാസികളായ കാണിക്കാര്‍ കൃഷിയിറക്കി വന്‍വിളവെടുപ്പു നടത്തിയതു വാര്‍ത്തയായിരുന്നു. അന്നും ഉണങ്ങി വരണ്ട നെയ്യാര്‍ തീരങ്ങളില്‍ മരുഭൂപ്രദേശത്തു നിന്നുള്ള ദേശാടന പക്ഷികളെത്തിയിരുന്നു.

തണ്ണീര്‍തടങ്ങളിലും കോള്‍നിലങ്ങളിലും ചതുപ്പുകളിലും യൂറോപ്പില്‍ നിന്ന് ചൂടണയാനെത്തുന്ന വിവിധയിനം കൊക്കുകളും മറ്റു ദേശാടന പക്ഷികള്‍ക്കുമൊപ്പം മരുഭൂമികളെ സ്‌നേഹിക്കുന്ന കിളിക്കൂട്ടങ്ങളും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കൂടുതലായെത്തുന്നതു മരുഭൂമികള്‍ ഉണ്ടാകുന്നതെങ്ങിനെയെന്ന് നമ്മോടു പറയാതെ പറഞ്ഞുതരാനാണെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ വ്യാകുലപ്പെടുന്നു. ഇത്തവണ മരുഭൂമിയില്‍ നിന്നുള്ള ദേശാടന പക്ഷികള്‍ വന്‍തോതില്‍ കേരളത്തിലേക്കു പറന്നെത്തുമെന്ന പക്ഷിനിരീക്ഷകരുടെ പ്രവചനവും അവരെ ഭയപ്പെടുത്തുന്നു.

janayugom 280113

No comments:

Post a Comment