Sunday, January 27, 2013

കുടിവെള്ളം കിട്ടാക്കനിയാകും


ആഴ്ച്ചകള്‍ക്കുള്ളില്‍ കേരളത്തില്‍ കുടിവെള്ളം കിട്ടാക്കനിയാകുമെന്ന് ഗ്രൗണ്ട് വാട്ടര്‍ അതോറ്റിയുടെ കണ്ടെത്തല്‍. ഇത് സംബന്ധിച്ച് പത്ത് ദിവസം മുമ്പ്  സംസ്ഥാന ജലവിഭവ വകുപ്പിന് നല്‍കിയ റിപ്പോര്‍ട്ട് വകുപ്പ് മന്ത്രിയുടെ ഓഫീസ് ഇടപെട്ട് പൂഴ്ത്തി. സംസ്ഥാനത്തെ ഭൂഗര്‍ഭജലനിരപ്പ്  ഭയാനകാം വിധം താഴുന്നതായാണ് റിപ്പോര്‍ട്ടിലെ മുഖ്യപരാമര്‍ശം. വിവിധ ജില്ലകളിലെ വെള്ളത്തിന്റെ അളവിലുണ്ടായ കുറവും റിപ്പോര്‍ട്ടില്‍ അടിവരയിട്ട് വ്യക്തമാക്കിയിട്ടുണ്ട്. ഇതൊക്കെ പരിഹരിക്കുന്നതിന് പകരം ജനങ്ങളുടെ വെള്ളംകുടി മുട്ടിക്കുന്ന സമീപനമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന ആക്ഷേപവും ശക്തമാകുന്നു.

വെള്ളമില്ലെങ്കിലും പൈപ്പുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് 498 കോടി രൂപ അനുവദിക്കണമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ മന്ത്രി പി ജെ ജോസഫ് ആവശ്യപ്പെട്ടിരുന്നു. ആവശ്യം കേട്ടയുടനെ തുക അനുവദിക്കാന്‍ ധനമന്ത്രി മാണി തയ്യാറായി. അനാവശ്യമായ കരാറുകള്‍ നല്‍കി കോടികള്‍ കയ്യിട്ടുവാരാനുള്ള തീരുമാനത്തിന്റെ ഭാഗമാണെന്ന ആക്ഷേപവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്. ഡീസല്‍ വില വര്‍ധനയുടെ ഭാഗമായി സര്‍വീസുകള്‍ വെട്ടികുറയ്ക്കുന്ന കെ എസ് ആര്‍ ടി സിയെ സഹായിക്കാന്‍ ഒരു രൂപ നല്‍കാത്ത മാണിയാണ് ജോസഫിനായി കോടികള്‍ തിരക്കിട്ട് അനുവദിച്ചത്.

സംസ്ഥാനത്തെ 53 ബ്ലോക്കുകളിലാണ് അപകടകരമായ വിധത്തില്‍ ജലനിരപ്പ് താഴുന്നത്. ഏറ്റവും കൂടുതല്‍ ജലനിരപ്പ് താഴ്ന്നത് തിരുവനന്തപുരം ജില്ലയിലെ അതിയന്നൂര്‍ ബ്ലോക്കിലും.  ആറുമീറ്റര്‍ ജലനിരപ്പാണ് ഇവിടെ താഴ്ന്നത്. സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത കടുത്ത ജലക്ഷാമമായിരിക്കും വരുംനാളുകളില്‍ നേരിടേണ്ടിവരുന്നത്.

അമ്പത്തിമൂന്ന് ബ്ലോക്കുകളിലാണ് കടുത്ത ജലക്ഷാമം ഉണ്ടാകുന്നത്. തിരുവനന്തപുരം ജില്ലയിലെ പാറശാല, പെരിങ്കടവിള, അതിയന്നൂര്‍ ബ്ലോക്കുകളിലും  ജലനിരപ്പ് ഗണ്യമായി താഴ്ന്നിട്ടുള്ളത്. ഇവിടെ ആറുമീറ്റര്‍ വരെയാണ് ജലനിരപ്പ് കുറഞ്ഞതെന്ന് ഭൂഗര്‍ഭജലവകുപ്പിന്റെ പഠനം വ്യക്തമാക്കുന്നു.

കൊല്ലം, തൃശൂര്‍, മലപ്പുറം ജില്ലകളിലും വലിയ തോതില്‍ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. കൊല്ലം ജില്ലയിലെ ആകെയുള്ള 13 ബ്ലോക്കുകളിലും ഭൂഗര്‍ഭജലനിരപ്പ് കുറഞ്ഞു. രണ്ടു മീറ്റര്‍ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നിലവില്‍ കടുത്ത ജലക്ഷാമം നേരിടുന്ന കൊല്ലം ജില്ല ഇതോടെ കൂടുതല്‍ പ്രതിസന്ധിയിലാകും. തൃശൂര്‍ ജില്ലയിലെ 12 ബ്ലോക്കുകളിലും മലപ്പുറം ജില്ലയിലെ ആറുബ്ലോക്കുകളിലും 3 മീറ്റര്‍ വരെ ജലനിരപ്പ് കുറഞ്ഞു. പാലക്കാട് ചിറ്റൂര്‍ ബ്ലോക്കിന് പുറമെ ആദിവാസി മേഖലയായ അട്ടപ്പാടിയിലും അപടകരമായ വിധത്തില്‍ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്.
വന്‍തോതിലുള്ള മരംവെട്ടും മണല്‍വാരലുമാണ് ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള അട്ടപ്പാടിയിലെ ജലനിരപ്പ് കുറയുന്നതിന് കാരണമായിട്ടുണ്ട്. ഇടുക്കി, എറണാകുളം ജില്ലകളില്‍ മാത്രമാണ് അല്പമെങ്കിലും ആശ്വാസമായിട്ടുള്ളത്. ഒരു മീറ്ററില്‍ താഴെ മാത്രമാണ് ഇവിടങ്ങളില്‍ ഭൂഗര്‍ഭവിതാനം താഴ്ന്നിട്ടുള്ളത്. വ്യാവസായിക ബ്ലോക്കായ ചിറ്റൂരില്‍ ഭൂര്‍ഭജലത്തിന്റെ ഉപയോഗം അമ്പതുശതമാനമായി കുറക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നുവെങ്കിലും ഇതുവരെയും നടപടികള്‍ ഒന്നുമുണ്ടായിട്ടില്ല. കുഴല്‍ കിണറിന്റെ വന്‍തോതിലുള്ള ഉപയോഗം നിയന്ത്രിക്കുന്നതിന് അധികൃതര്‍ തയ്യാറാകാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. അനിയന്ത്രിതമായ മണല്‍ വാരല്‍, കൃഷിയിടങ്ങള്‍ മണ്ണിട്ട് നികത്തല്‍ തുടങ്ങിയ എന്നിവയും ഭൂഗര്‍ഭജലനിരപ്പ് കുറയുന്നതിന് പ്രധാന കാരണമാണ്.

ഇടുക്കിജില്ലയിലെ നെടുംങ്കണ്ടം, കട്ടപ്പന, ദേവികുളം, ഉടുമ്പചോല എന്നിവിടങ്ങളില്‍ ശരാശരി അരമീറ്റര്‍. എറണാകുളം ജില്ലയിലെ അങ്കമാലി, പേരക്കടവ്, പറവൂര്‍, വൈറ്റില എന്നിവിടങ്ങളില്‍ ശരാശരി രണ്ട് മീറ്റര്‍. തൃശൂര്‍ ജില്ലയിലെ ആകെയുള്ള 16 ബ്ലോക്കുകളില്‍ 12 ബ്ലോക്കുകളിലും ജലനിരപ്പ് കുറഞ്ഞു. 2-3 മീറ്ററാണ് ഇവിടങ്ങളില്‍ കുറഞ്ഞത്. പാലക്കാട് ജില്ലയിലെ ചിറ്റൂര്‍, മണ്ണാര്‍ക്കാട് (അട്ടപ്പാടി) - 2-3 മീറ്റര്‍, കോഴിക്കോട് - തൂണേരി, കുന്നുമ്മല്‍, കലോവള്ളി എന്നിവിടങ്ങളില്‍ രണ്ടുമീറ്റര്‍ വരെ കുറഞ്ഞു. വയനാട്- പനമരം ( മുള്ളംങ്കൊല്ലി, പുല്‍പ്പള്ളി) - 3 മീറ്റര്‍ വരെ കുറഞ്ഞു. മലപ്പുറം -അരീക്കോട്, കൊണ്ടോട്ടി, നിലമ്പൂര്‍, വണ്ടൂര്‍, പെരിന്തല്‍മണ്ണ, കുറ്റിപ്പുറം - 2 മീറ്റര്‍ കുറഞ്ഞു. കോട്ടയം - കാഞ്ഞിരപ്പള്ളി, വാഴൂര്‍, ഈരാട്ടുപേട്ട - 3 മീറ്റര്‍ കുറഞ്ഞു

ആലപ്പുഴ - മാവേലിക്കര, ചെങ്ങന്നൂര്‍-2 മീറ്റര്‍ വരെ കുറഞ്ഞു. കണ്ണൂര്‍-കൂത്തുപറമ്പ്, തളിപ്പറമ്പ് -2 മീറ്റര്‍ വരെ കുറഞ്ഞു.  കാസര്‍കോട്-കാസര്‍കോട്, കാഞ്ഞങ്ങാട്, പരപ്പ-3 മീറ്റര്‍ വരെ കുറഞ്ഞു.
എന്നാല്‍ ഇത്രമാത്രം ഗുരുതരമായ മുന്നറിയിപ്പുകള്‍ ഉണ്ടായിട്ടും ഭൂഗര്‍ഭജല ചൂഷണം തടയാന്‍ കാര്യക്ഷമമായ നടപടികള്‍ ഉണ്ടായിട്ടില്ല. ഈ സ്ഥിതി തുടര്‍ന്നാല്‍ സമീപഭാവിയില്‍ കേരളം മരുഭൂമിയാകുമെന്നുറപ്പ്.
(കെ ആര്‍ ഹരി)

janayugom 2501113

No comments:

Post a Comment