Thursday, January 31, 2013

യുഡിഎഫ് ഭരണത്തിനേറ്റ കനത്ത പ്രഹരം: പിണറായി


സൂര്യനെല്ലി കേസിലെ സുപ്രീംകോടതി വിധി യുഡിഎഫ് ഭരണത്തിന്റെ കരണത്തിനേറ്റ കനത്ത പ്രഹരമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പ്രതികളെ വിട്ടയച്ച ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രീംകോടതി, ഹൈക്കോടതി വിധിയില്‍ നടുക്കവും അത്ഭുതവും പ്രകടിപ്പിച്ചതിലൂടെ ജുഡീഷ്യറിയുടെ വിശ്വാസ്യത സുപ്രീംകോടതി കാത്തുസൂക്ഷിച്ചിരിക്കുകയാണ്. 16 വയസ് മാത്രമുണ്ടായിരുന്ന പെണ്‍കുട്ടിയെ 40 ദിവസത്തോളം തുടര്‍ച്ചയായി 42 പേര്‍ പീഡിപ്പിച്ച കേസിലെ പ്രതികളെ ഹൈക്കോടതി വിട്ടയയ്ക്കുന്നതിന് വഴിയൊരുക്കിക്കൊടുത്തത് മുന്‍ യുഡിഎഫ് ഭരണമാണ്. അതുകൊണ്ടുതന്നെ, കേസ് അട്ടിമറിക്കാന്‍ നടത്തിയ നിഗൂഢമായ പരിശ്രമങ്ങളെയും ലൈംഗിക പീഡനക്കേസിലെ പ്രതികളെ രക്ഷിക്കാന്‍ ഭരണസംവിധാനം ദുരുപയോഗപ്പെടുത്തിയതിനെയും പറ്റി സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സമഗ്രമായ പ്രത്യേക അന്വേഷണം നടത്തണം.

ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ നടന്ന കേസില്‍ പെണ്‍കുട്ടിക്കുവേണ്ടി വാദിക്കേണ്ട സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരാകാതെ കേസ് നീട്ടിക്കൊണ്ടുപോയി പ്രതികളെ രക്ഷിക്കാനും പരിശ്രമിച്ചിരുന്നു. അത് ഇപ്പോഴത്തെ യുഡിഎഫ് ഭരണത്തിലാണ് ഉണ്ടായത്. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സംരക്ഷണത്തിനും സ്ത്രീ പീഡനക്കാര്‍ക്ക് ശിക്ഷ നല്‍കുന്നതിനും യുഡിഎഫ് ഭരണത്തിന്റെ താല്‍പ്പര്യം എത്രമാത്രമാണെന്ന് വിളിച്ചറിയിക്കുന്നതാണ് സൂര്യനെല്ലി കേസിലെ സംഭവവികാസങ്ങള്‍. കേസിലെ ഇരയായ പെണ്‍കുട്ടിയെ കള്ളക്കേസില്‍ പെടുത്തി വീണ്ടും വേട്ടയാടുന്നതിനുള്ള നീചശ്രമങ്ങളും നടക്കുന്നുണ്ട്. ഇരയ്ക്ക് നീതി ഉറപ്പാക്കാനും കൂടുതല്‍ സംരക്ഷണം നല്‍കാനും പ്രതികളുടെ ശിക്ഷ ഉറപ്പുവരുത്താനും ശക്തമായ ചുവടുവെപ്പ് സംസ്ഥാന സര്‍ക്കാര്‍ നടത്തണമെന്ന് പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

സൂര്യനെല്ലിക്കേസില്‍ വൈകിയാണെങ്കിലും നീതി നടപ്പാകുന്നതില്‍ സന്തോഷമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് സൂര്യനെല്ലി പെണ്‍കുട്ടിയുടെ പിതാവ് വ്യക്തമാക്കി. കേസില്‍ തങ്ങള്‍ക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. സുപ്രീം കോടതി വിധി മാതൃകാപരമാണെന്ന് സിപിഐ എം കേന്ദ്രകമ്മറ്റിയംഗം പി കെ ശ്രീമതി അഭിപ്രായപ്പെട്ടു. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ സുപ്രീം കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് സിബി മാത്യൂസ് പ്രതികരിച്ചു.

deshabhimani

No comments:

Post a Comment