Friday, January 25, 2013

കല്‍ക്കരിപ്പാടം അനുവദിക്കാന്‍ കേന്ദ്രത്തിന് അധികാരമില്ല


ഖനി-ധാതുനിയമപ്രകാരം കല്‍ക്കരിപ്പാടങ്ങള്‍ വിവിധ കമ്പനികള്‍ക്ക് അനുവദിക്കാന്‍ കേന്ദ്രത്തിന് അധികാരമില്ലെന്ന് കോടതി നിരീക്ഷിച്ചു. നിലവിലുള്ള നിയമപ്രകാരം ഇതിനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കാണെന്നും നിയമപരമായ വിശദീകരണം ആവശ്യപ്പെടുന്ന വിഷയമാണ് ഇതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ആര്‍ എം ലോധ, ജെ ചെലമേശ്വര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് കല്‍ക്കരിപ്പാടങ്ങള്‍ വിതരണം ചെയ്യുന്നതില്‍ കേന്ദ്രത്തിനുള്ള അധികാരം ചോദ്യംചെയ്തത്. അഭിഭാഷകനായ എം എല്‍ ശര്‍മ, മുന്‍ തെരഞ്ഞെടുപ്പു കമീഷണര്‍ എന്‍ ഗോപാലസ്വാമി, മുന്‍ നാവികസേനാമേധാവി എല്‍ രാംദാസ്, മുന്‍ കാബിനറ്റ് സെക്രട്ടറി ടി എസ് ആര്‍ സുബ്രഹ്മണ്യന്‍ തുടങ്ങി ഏതാനും വ്യക്തികള്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

കല്‍ക്കരി ഖനി കുംഭകോണം പ്രത്യേക അന്വേഷണസംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. നിലവിലുള്ള 1957ലെ ഖനി-ധാതുവികസന-നിയന്ത്രണനിയമം കണ്ടില്ലെന്നുനടിച്ച് പ്രവര്‍ത്തിക്കാന്‍ കേന്ദ്രത്തിനാകില്ല. മറ്റേതെങ്കിലും തരത്തിലുള്ള അധികാരമുണ്ടോയെന്ന് കേന്ദ്രത്തിന് പരിശോധിക്കാം. പ്രത്യേകിച്ച് കല്‍ക്കരി ഖനി ദേശസാല്‍ക്കരണനിയമം. നിയമത്തെ മറികടക്കുന്ന വ്യവസ്ഥയൊന്നും കാണുന്നില്ല. ധാതു-ഖനിനിയമപ്രകാരം കേന്ദ്രത്തിന് അധികാരമുണ്ടോ എന്നതാണ് ചോദ്യം. നിലവിലുള്ള നിയമസംവിധാനം പൂര്‍ണമായി മറികടക്കാന്‍ അധികാരമുണ്ടോ എന്നതും പരിശോധിക്കേണ്ടതുണ്ട്. വലിയ സംശയങ്ങള്‍ ഉയര്‍ത്തുന്ന വിഷയമാണ് ഇത്- കോടതി പറഞ്ഞു.

ഈ വിഷയത്തില്‍ പെട്ടെന്നൊരു പ്രതികരണത്തിന് താന്‍ തയ്യാറാകുന്നില്ലെന്ന് കേന്ദ്രത്തിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതി പറഞ്ഞു. മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നും എജി ആവശ്യപ്പെട്ടു. ആറാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. കേന്ദ്രം അനുവദിച്ച കല്‍ക്കരിപ്പാടങ്ങളാകെ റദ്ദാക്കേണ്ടിവരുമെന്ന സൂചന സുപ്രീംകോടതി നല്‍കി. കേന്ദ്രം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തന്നെ ധാതു-ഖന പാട്ടക്കരാര്‍ നടപ്പാക്കേണ്ടത് സംസ്ഥാനങ്ങളാണെന്നും കേന്ദ്രമല്ലെന്നും പറയുന്നുണ്ട്. ഇത് ശരിയെങ്കില്‍ അനുവദിച്ച എല്ലാ കല്‍ക്കരിപ്പാടവും റദ്ദാക്കേണ്ട സ്ഥിതി വരും- കോടതി പറഞ്ഞു. കല്‍ക്കരി ഇടപാടില്‍ ക്രമക്കേടു നടന്നിട്ടുണ്ടെന്ന് സിബിഐ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. കേസില്‍ സിബിഐ പരിശോധന തുടരുകയാണ്. സിബിഐ ഡയറക്ടര്‍ നേരിട്ടു നിയമിച്ച പ്രത്യേക സംഘമാണ് ഇടപാട് അന്വേഷിക്കുന്നത്. നാലുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാമെന്ന ഉറപ്പ് സിബിഐ നല്‍കി. കേസന്വേഷണം നിരീക്ഷിക്കാന്‍ കോടതി താല്‍പ്പര്യം പ്രകടിപ്പിച്ചെങ്കിലും സിബിഐ അഭിഭാഷകന്‍ വിയോജിച്ചു. അന്വേഷണ പുരോഗതി അറിയിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്നും നിരീക്ഷണത്തിന്റെ ആവശ്യമില്ലെന്നും സിബിഐ വാദിച്ചു. മാര്‍ച്ച് പന്ത്രണ്ടിനകം റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.

ജിണ്ടാല്‍ സ്റ്റീല്‍, ടാറ്റ തുടങ്ങി പ്രമുഖ സ്വകാര്യ കമ്പനികള്‍ക്ക് അടക്കം കല്‍ക്കരിപ്പാടങ്ങള്‍ വഴിവിട്ട് അനുവദിക്കുക വഴി യുപിഎ സര്‍ക്കാര്‍ ഖജനാവിന് 1.86 ലക്ഷം കോടി രൂപ നഷ്ടം വരുത്തിയെന്നാണ് കല്‍ക്കരി കുംഭകോണ കേസ്. 2ജി സ്പെക്ട്രം അഴിമതിക്ക് പിന്നാലെ സിഎജി തന്നെയാണ് കല്‍ക്കരി കുംഭകോണവും പുറത്തുകൊണ്ടുവന്നത്. ഇടപാട് വിവാദമായതിനെ തുടര്‍ന്ന് കേന്ദ്രം ഇടപെട്ട് ക്രമവിരുദ്ധമായി അനുവദിച്ച ഏതാനും കല്‍ക്കരിപ്പാടം റദ്ദാക്കിയിരുന്നു. മറ്റു പാടങ്ങളുടെ കാര്യത്തില്‍ പരിശോധന തുടരുകയാണ്.
(എം പ്രശാന്ത്)

deshabhimani 250113

No comments:

Post a Comment