Friday, January 25, 2013

കാസര്‍കോട്- മംഗളൂരു ദേശസാല്‍കൃത റൂട്ടില്‍ 22 സ്വകാര്യ ബസിന് അനുമതി


കാസര്‍കോട്- മംഗളൂരു അന്തര്‍സംസ്ഥാന റൂട്ടില്‍ സുപ്രീംകോടതിവിധി മറികടന്ന് സ്വകാര്യബസ്സുകള്‍ക്ക് കൂട്ടത്തോടെ അനുമതി. 22 ബസ്സുകള്‍ക്കാണ് സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഒരു മാസത്തേക്കുള്ള താല്‍ക്കാലിക പെര്‍മിറ്റ് നല്‍കിയത്. കര്‍ണാടക- കേരള സര്‍ക്കാരുകള്‍ ഒപ്പുവച്ച കരാര്‍പ്രകാരം ഈ റൂട്ടില്‍ കെഎസ്ആര്‍ടിസിക്ക് മാത്രമേ സര്‍വീസ് നടത്താവൂ. 2001- 06 കാലത്തെ യുഡിഎഫ് സര്‍ക്കാരിന്റെയും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥ മേധാവികളുടെയും ഒത്താശയോടെ സ്വകാര്യബസ്സുടമസ്ഥര്‍ കാസര്‍കോട്-മംഗളൂരു റൂട്ടില്‍ അനധികൃത സര്‍വീസ് ആരംഭിച്ചു. ഇതിനെതിരെ കെഎസ്ആര്‍ടിഇഎ കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ട്രൈബ്യൂണലിനെ സമീപിച്ചു. നിയമവിരുദ്ധമായി സ്വകാര്യബസ്സുകള്‍ നടത്തുന്ന സര്‍വീസ് 2006ല്‍ ട്രൈബ്യൂണല്‍ റദ്ദാക്കി. തുടര്‍ന്ന് ബസ്സുടമകള്‍ ഹൈക്കോടതിയെ സമീപിച്ചു. അപ്പോള്‍ അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിര്‍ദേശാനുസരണം കെഎസ്ആര്‍ടിസി മാനേജ്മെന്റും കേസില്‍ കക്ഷിചേര്‍ന്നു. ഹൈക്കോടതിയും പിന്നീട് സുപ്രീംകോടതിയും സ്വകാര്യബസ്സുകളുടെ നിയമവിരുദ്ധ സര്‍വീസ് റദ്ദാക്കി. യാത്രാപ്രശ്നം പരിഹരിക്കാന്‍ 2008ല്‍ ഇരു സംസ്ഥാനങ്ങളും ചേര്‍ന്ന് 61 ബസ് നിരത്തിലിറക്കി. സ്വകാര്യബസ്സുകളുടെ പെര്‍മിറ്റ് കാലാവധി തീരുന്ന മുറയ്ക്ക് ഇവരെ ഒഴിവാക്കി ആര്‍ടിസികള്‍ സര്‍വീസ് നടത്തി.

വീണ്ടും യുഡിഎഫ് അധികാരത്തിലെത്തിയതോടെ കെഎസ്ആര്‍ടിസിയെയും അന്തര്‍സംസ്ഥാന സര്‍വീസുകളെയും തകര്‍ക്കാനുള്ള നീക്കമാണ് നടത്തുന്നത്. സര്‍ക്കാരിലെ ഉന്നതരുടെ ഒത്താശയോടെ ഈ റൂട്ടില്‍ സര്‍വീസ് നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി വിധി മറച്ചുവച്ച് സ്വകാര്യ ബസ്സുടമകള്‍ കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ട്രൈബ്യൂണലിനെ സമീപിച്ചു. കേസില്‍ കക്ഷിചേര്‍ന്ന കെഎസ്ആര്‍ടിഇഎ സുപ്രീംകോടതി വിധിയും നിലവിലെ സാഹചര്യവും ബോധിപ്പിച്ചതിനെ തുടര്‍ന്ന് ഹര്‍ജി ഫയലില്‍ സ്വീകരിക്കാതെ ട്രൈബ്യൂണല്‍ തള്ളി. മന്ത്രിമാരുള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കളുടെ പൂര്‍ണ പിന്തുണയുള്ള സ്വകാര്യബസ്സുടമകള്‍ കേരള ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ സുപ്രീംകോടതി, കര്‍ണാടക ട്രൈബ്യൂണല്‍ വിധി എന്നിവ നിരത്തി യഥാസമയം വാദിക്കാന്‍ സംസ്ഥാന സര്‍ക്കാരോ, ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയോ തയ്യാറായില്ല. കേസ് അനിശ്ചിതമായി നീളുകയാണെന്ന കാരണം പറഞ്ഞാണ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി സെക്രട്ടറി ഈ റൂട്ടില്‍ സ്വകാര്യബസ്സുകള്‍ക്ക് താല്‍ക്കാലിക പെര്‍മിറ്റ് നല്‍കിയത്. പ്രതിമാസം 1.5 കോടി രൂപ വരുമാനമുള്ള കാസര്‍കോട്- മംഗളൂരു അന്തര്‍സംസ്ഥാന റൂട്ടില്‍ സ്വകാര്യ സര്‍വീസ് വരുന്നതോടെ കെഎസ്ആര്‍ടിസി പ്രതിസന്ധിയിലാകും. കാസര്‍കോട്- മംഗളൂരു- 17, കണ്ണൂര്‍- മംഗളൂരു- 5 എന്നിങ്ങനെയാണ് സ്വകാര്യബസ്സുകള്‍ക്ക് പെര്‍മിറ്റ് നല്‍കിയത്.
(കെ സി ലൈജുമോന്‍)

deshabhimani 250113

No comments:

Post a Comment