Wednesday, January 30, 2013

തുറന്ന പോര്


രമേശ് ചെന്നിത്തല കുന്തമുന തൊടുത്തത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു നേരെ. അന്തഃഛിദ്രവും സ്വജനപക്ഷപാതവും അരങ്ങുതകര്‍ക്കുന്ന യുഡിഎഫ് സര്‍ക്കാരിനു കീഴില്‍ കെപിസിസി പ്രസിഡന്റിനുപോലും രക്ഷയില്ലെന്ന് ചെന്നിത്തലയുടെ ഗുരുതരമായ ആരോപണം വെളിപ്പെടുത്തുന്നു. ആസൂത്രിതമായ വലിയൊരു ഗൂഢാലോചനയുടെ ഇരയാണ് താനെന്ന ചെന്നിത്തലയുടെ ഏറ്റുപറച്ചില്‍ അധികാരക്കൊതി മൂത്ത കോണ്‍ഗ്രസും യുഡിഎഫും കേരള രാഷ്ട്രീയത്തെ എന്തുമാത്രം മലിനപ്പെടുത്തുകയാണെന്നതിന്റെ സാക്ഷ്യപത്രമാണ്. നാല്‍പ്പതുവര്‍ഷത്തെ മതേതരപ്രതിച്ഛായ ഇല്ലാതാക്കി തന്നെ നശിപ്പിക്കാന്‍ കരുക്കള്‍ നീങ്ങുന്നതായി ചൂണ്ടിക്കാട്ടിയ ചെന്നിത്തല പറയാതെ പറഞ്ഞത് കോണ്‍ഗ്രസിനകത്തു നിന്നുതന്നെയാണ് തനിക്കെതിരായ ആക്രമണം എന്നാണ്.

ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയകുതന്ത്രങ്ങളുടെ അടുത്ത ഇരയാകാന്‍ പോകുകയാണ് താനെന്ന് തിരിച്ചറിഞ്ഞാണ് ചെന്നിത്തലയുടെ ഇപ്പോഴത്തെ നീക്കങ്ങള്‍. ഇത്തരം ഗൂഢാലോചനയ്ക്ക് അങ്ങനെയങ്ങ് വഴിപ്പെടാന്‍ ഒരുക്കമല്ലെന്ന പ്രഖ്യാപനംകൂടിയാണ് ചൊവ്വാഴ്ചത്തെ വെളിപ്പെടുത്തല്‍. ആന്റണി- കരുണാകരന്‍ ഗ്രൂപ്പ് യുദ്ധം അവസാനിച്ചശേഷം യുഡിഎഫ് രാഷ്ട്രീയത്തിലുണ്ടായ എല്ലാ വിവാദങ്ങളുടെയും ഗുണഭോക്താവ് ഉമ്മന്‍ ചാണ്ടി മാത്രമാണ്. ഇത് തിരിച്ചറിഞ്ഞാണ്, കരുണാകരനും ആന്റണിക്കും ഉമ്മന്‍ ചാണ്ടിയില്‍നിന്നു നേരിടേണ്ടി വന്ന ദുരനുഭവത്തിന് നിന്നുകൊടുക്കില്ലെന്ന്് ചെന്നിത്തല വ്യക്തമാക്കുന്നത്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ ഭീഷണി വന്ന് മൂന്നാം ദിവസമാണ് ചെന്നിത്തല മറുപടി പറയാന്‍ വാര്‍ത്താസമ്മേളനം വിളിച്ചത്. അതാകട്ടെ ശക്തമായി പ്രതികരിക്കണമെന്ന സമ്മര്‍ദത്തിനു ശേഷവും.

ചെന്നിത്തലയെ സംസ്ഥാന രാഷ്ട്രീയത്തില്‍നിന്ന് നാടുകടത്താന്‍ നേരത്തെയും ശ്രമമുണ്ടായതാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യത്തിനു പിന്നിലെ ലക്ഷ്യം ഇതായിരുന്നു. എന്നാല്‍, ചെന്നിത്തല അതിനു വഴിപ്പെട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് വെറുമൊരു എംഎല്‍എ ആയിരിക്കാനല്ലെന്ന് എല്ലാ കോണ്‍ഗ്രസുകാര്‍ക്കുമറിയാം. ഉപമുഖ്യമന്ത്രിപദത്തോടെ ആഭ്യന്തരവകുപ്പ് കൈമാറാന്‍ നിര്‍ദേശം വരുമെന്ന ആശങ്കയിലാണ് ഹൈക്കമാന്‍ഡോ കെപിസിസിയോ കെപിസിസി പ്രസിഡന്റ് പോലുമോ അറിയാതെ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഉമ്മന്‍ ചാണ്ടി പൊടുന്നനെ ആഭ്യന്തരമന്ത്രിയാക്കിയത്. ചെന്നിത്തലയുടെ മന്ത്രിസഭാപ്രവേശനത്തിന് മുന്‍കൂട്ടി തടയിടുകയായിരുന്നു ഉമ്മന്‍ ചാണ്ടി. ഉമ്മന്‍ ചാണ്ടിയുടെ ഇപ്പോഴത്തെ എല്ലാ നീക്കങ്ങള്‍ക്കും പിന്നില്‍ നിഴല്‍പോലെ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ സി ജോസഫുമുണ്ട്. മറ്റ് മന്ത്രിമാരെപ്പോലും ഈ മൂവര്‍ സംഘം നോക്കുകുത്തികളാക്കി.
(കെ എം മോഹന്‍ദാസ്)

deshabhimani 300113

No comments:

Post a Comment