Saturday, January 26, 2013
ഓര്‍മകളില്‍ സെയ്താലിക്കുട്ടിക്ക് പുനര്‍ജനി
മഞ്ചേരി: 1960കളില്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ ജില്ലയിലെ പ്രമുഖ സമരങ്ങളിലൊന്നായ ഇന്ത്യന്‍ ബീഡി കമ്പനി സമരം. സ. സെയ്താലിക്കുട്ടിയുടെ സമരത്തിലെ ശക്തമായ ഇടപെടലുകള്‍ ആദ്യകാല പാര്‍ടി പ്രവര്‍ത്തകനായ മംഗലശേരി നാരായണന്‍ വിവരിച്ചപ്പോള്‍ കേള്‍വിക്കാരുടെ മനസ്സില്‍ പഴയ സമരങ്ങളുടെ ഇരമ്പം. ജന്മി പൊളിച്ച കുടിയാന്റെ കുടില്‍ ഇരുട്ടിവെളുക്കുംമുമ്പ് പണിതുകൊടുത്തതും മിച്ചഭൂമി വിറ്റുകാശാക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ സമരംചെയ്തതുമെല്ലാം ഓര്‍മകളായെത്തി. ജില്ലയുടെ രാഷ്ട്രീയ രംഗത്തെ അതുല്യ പ്രതിഭ കെ സെയ്താലിക്കുട്ടിയുടെ മൂന്നാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച "എന്റെ മനസ്സിലെ സെയ്താലിക്കുട്ട്യാക്ക" ചടങ്ങിലാണ് ഓര്‍മകളിലൂടെ ആ വ്യക്തിത്വത്തിന് പുനര്‍ജനിയായത്. വൈകാരികതമുറ്റിനിന്ന അന്തരീക്ഷത്തില്‍ സെയ്താലിക്കുട്ടിയുമായി വിവിധ വിഷയങ്ങളില്‍ ബന്ധപ്പെട്ടിട്ടുള്ളവരും സുഹൃത്തുക്കളും ബന്ധുക്കളും ഓര്‍മകള്‍ പങ്കുവച്ചു.
രാഷ്ട്രീയത്തിനതീതമായ വ്യക്തിബന്ധങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞതായി പരിപാടി ഉദ്ഘാടനംചെയ്ത് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ടി കെ ഹംസ പറഞ്ഞു. ഒരു മുണ്ടും ഷര്‍ട്ടും മാത്രം സ്വന്തമായുള്ളകാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ അദ്ദേഹത്തിന്റെ ജീവിതം പുതുതലമുറയ്ക്ക് മാതൃകയാണ്. അദ്ദേഹത്തിന്റെ ജീവചരിത്രം ഏതൊരു വിപ്ലവകാരിയെയും ആവേശഭരിതനാക്കും. യാഥാസ്ഥിതിക കുടുംബത്തില്‍നിന്ന് 12ാം വയസ്സില്‍ കമ്യൂണിസ്റ്റുകാരനായ സെയ്താലിക്കുട്ടി അതുല്യ വ്യക്തിത്വത്തിന് ഉടമയായിരുന്നെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ഇ എന്‍ മോഹന്‍ദാസ് പറഞ്ഞു. വീട്ടില്‍നിന്ന് പുറത്താക്കിയിട്ടും പാര്‍ടി വിട്ടില്ല. അഭിഭാഷകര്‍ക്കുവരെ തൊഴില്‍നിയമങ്ങള്‍ പറഞ്ഞുകൊടുത്തിരുന്ന സഖാവിന്റെ സംഘാടന മികവ് തെളിഞ്ഞത് അടിയന്തരാവസ്ഥക്കാലത്താണ്. ജില്ലാ നേതാക്കളെല്ലാം ഒളിവിലും ജയിലിലും പോയപ്പോള്‍ പോറലേല്‍ക്കാതെ പാര്‍ടിയെ മുന്നോട്ടുനയിച്ചത് അദ്ദേഹമാണ്. എസ് എ ജമീലിനെക്കൊണ്ട് പാട്ടുപാടിക്കുന്ന സംഗീത പ്രേമിയായ, ശാരീരികാവസ്ഥ കാര്യമാക്കാതെ ഫുട്ബോള്‍ മത്സരം കാണാന്‍ പോകുന്ന സെയ്താലിക്കുട്ടിയെ ജനതാദള്‍ ജില്ലാ പ്രസിഡന്റ് അഡ്വ. പി എം സഫറുള്ള ഓര്‍മിച്ചു. സ്വന്തം രോഗത്തെക്കുറിച്ച് വ്യാകുലപ്പെടാതെ മറ്റുരോഗികളെ തന്റെയടുത്തേക്ക് പറഞ്ഞുവിടുന്ന സെ്താലിക്കുട്ട്യാക്കയെ അദ്ദേഹത്തെ ചികിത്സിച്ചിരുന്ന ഡോ. കെ ആര്‍ വാസുദേവന്‍ ഓര്‍മിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം അസൈന്‍ കാരാട്ട് അധ്യക്ഷനായി. പ്രൊഫ. എ എന്‍ ശിവരാമന്‍ നായര്‍, മരയ്ക്കാര്‍ ഹാജി, മൊറയൂര്‍ അബൂബക്കര്‍, കെ കെ വേലുനായര്‍, ബഷീര്‍ ചുങ്കത്തറ, ബക്കര്‍ പെരിന്തല്‍മണ്ണ, പൂന്തല അഹമ്മദ്, പറമ്പില്‍ ലത്തീഫ്, കുട്ടിയാപ്പു എന്നിവര്‍ സംസാരിച്ചു. അഡ്വ. കെ ഫിറോസ് ബാബു സ്വാഗതവും സിപിഐ എം എരിയാസെക്രട്ടറി വി എം ഷൗക്കത്ത് നന്ദിയും പറഞ്ഞു.
deshabhimani 260113
Labels:
ഓര്‍മ്മ,
രാഷ്ട്രീയം
Subscribe to:
Post Comments (Atom)
No comments:
Post a Comment