Monday, January 28, 2013

കെഎസ്ആര്‍ടിസി: രണ്ട് മാസത്തെ ബാധ്യത മാത്രം ഏറ്റെടുക്കും

ഡീസല്‍ സബ്സിഡി നഷ്ടമായതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസിക്കുണ്ടായ അധികബാധ്യത ഏറ്റെടുക്കാന്‍ തിങ്കളാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു. രണ്ട് മാസത്തേക്ക് കോര്‍പ്പറേഷന് വരുന്ന അധികബാധ്യതയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുക. ഈയിനത്തില്‍ മാസം 14 കോടി രൂപ വീതം രണ്ട് മാസത്തേക്ക് കോര്‍പ്പറേഷന് നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രിസഭാ യോഗ തീരുമാനം വിശദീകിരച്ച് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. സബ്സിഡി പുനസ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനും തീരുമാനമായി. സബ്സിഡി പുനസ്ഥാപിക്കാത്ത പക്ഷം പ്രതിസന്ധി മറികടക്കാന്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

ഡീസല്‍ സബ്സിഡി പുനസ്ഥാപിക്കുക പ്രയാസമാണെന്ന് കഴിഞ്ഞ ദിവസം പെട്രോളിയം മന്ത്രി വീരപ്പ മൊയ് ലി വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിലവില സാഹചര്യത്തില്‍ പ്രശ്നത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടലുണ്ടാകുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ആവശ്യമായി വന്നാല്‍ ഡല്‍ഹിയിലെത്തി കേന്ദ്രസര്‍ക്കാരിനെയും കോണ്‍ഗ്രസ് നേതൃത്വത്തെയും നിലവിലെ പ്രതിസന്ധി ബോധ്യപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിമാസം 15 കോടിയോളം രൂപയാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിലൂടെ കോര്‍പ്പറേഷന് അധിക ബാധ്യത വരുന്നത്. ഡീസല്‍ സബ്സിഡി എടുത്ത് കളഞ്ഞത് മൂലമുണ്ടാകുന്ന അധിക ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുകയോ അതല്ലെങ്കില്‍ 240 കോടി രൂപയുടെ സാമ്പത്തിക സഹായം അനുവദിക്കുകയോ ചെയ്യണമെന്നായിരുന്നു കോര്‍പ്പറേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

വിലക്കയറ്റം മറികടക്കന്‍ സംസ്ഥാനത്തിന് അധികമായി ഭക്ഷധാന്യം കേന്ദ്രം അനുവദിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബിപിഎല്‍ കാര്‍ഡുകാര്‍ക്കും ബിപിഎല്‍ കാര്‍ഡില്ലാത്ത ബിപിഎല്‍ ലിസ്റ്റിലുള്ളവര്‍ക്കും വിതരണം ചെയ്യാനായാണ് പ്രത്യേക ക്വാട്ട അനുവദിച്ചത്. അടുത്ത നാല് മാസത്തേക്ക് 6 രൂപയ്ക്ക് 5 കിലോ അരി വീതം ബിപിഎല്ലുകാര്‍ക്ക് വിതരണം ചെയ്യും. ഈ നിലയില്‍ തുടര്‍ന്നും ഭക്ഷ്യധാന്യം അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും.

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ വിവാദമായ പരാമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. പൊതു രംഗത്ത് നില്‍ക്കുമ്പോള്‍ ഇത്തരം നിരവധി ആരോപണങ്ങള്‍ നേരിടേണ്ടിവരുമെന്ന് പറഞ്ഞ് ഇത് സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. രമേശ് ചെന്നിത്തലുമായി ഒരു തരത്തിലുള്ള അഭിപ്രായ വ്യത്യാസവുമില്ല. മന്ത്രിസഭാ പുനസംഘടനയെക്കുറിച്ച് ചെന്നിത്തല തന്നെ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


8 സ്വകാര്യബസിന്റെ റൂട്ട് നീട്ടി; സര്‍ക്കാര്‍ സഹായംകണ്ണില്‍ പൊടിയിടല്‍

തിരു: ഡീസല്‍ വിലക്കയറ്റത്തെത്തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം കണ്ണില്‍ പൊടിയിടല്‍. കെഎസ്ആര്‍ടിസിക്കായി പ്രഖ്യാപിച്ച 14 കോടി കിട്ടിയാലും ആയിരത്തോളം സര്‍വീസ് കട്ടപ്പുറത്ത് തുടരും. വില വര്‍ധിച്ചശേഷം ഇതുവരെ വന്ന നഷ്ടം നികത്താനുള്ള നടപടിയുമില്ല. കട്ടപ്പുറത്തുള്ള ബസുകള്‍ക്കു പകരം സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കി ഘട്ടംഘട്ടമായി സ്വകാര്യവല്‍ക്കരണത്തിനാണ്സര്‍ക്കാര്‍ നീക്കം. ഇതിന്റെ ഭാഗമായി തലസ്ഥാനത്ത് തിങ്കളാഴ്ച മാത്രം എട്ട് സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് നീട്ടി നല്‍കി. നഗരത്തില്‍ സര്‍വീസ് നടത്തുന്ന ബസുകളുടെ സര്‍വീസ് ഗ്രാമങ്ങളിലേക്ക് നീട്ടി നല്‍കിയാണ് അട്ടിമറി. നഗരത്തില്‍നിന്ന് പേരൂര്‍ക്കടവരെ സര്‍വീസ് നടത്തിയിരുന്ന ബസുകള്‍ക്ക് നെടുമങ്ങാട്ടേക്കും മറ്റുമാണ് റൂട്ട് നീട്ടിനല്‍കിയത്. ദേശസാല്‍കൃത റൂട്ടായ കാസര്‍കോട്- മംഗളൂരു റൂട്ടില്‍ സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കിയതിന്റെ തുടര്‍ച്ചയാണിത്.

രണ്ടു മാസത്തേക്ക് താല്‍ക്കാലികമായേ കെഎസ്ആര്‍ടിസിക്കുള്ള പരിമിത സഹായം തുടരൂ. പ്രശ്നത്തിന് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കുന്നുമില്ല. സര്‍വീസ് റദ്ദാക്കിയതിനെതിരായ ജനരോഷത്തിന് അയവ് വരുന്ന മുറയ്ക്ക് ധനസഹായം കുറയ്ക്കാനും കൂടുതല്‍ സ്വകാര്യ ബസിന് പെര്‍മിറ്റ് നല്‍കാനുമുള്ള ഗൂഢനീക്കമാണ് ഉന്നതതലത്തില്‍. പ്രതിമാസം 64 കോടി രൂപയോളം ബാധ്യത വരുന്ന കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 14 കോടി രൂപകൊണ്ട് പ്രതിസന്ധിയുടെ ചെറിയ അംശംപോലും മറികടക്കാനാകില്ല. പുതിയ വിലവര്‍ധനയനുസരിച്ച് ഡീസല്‍ വാങ്ങി മുഴുവന്‍ ബസുകളും സര്‍വീസ് നടത്തണമെങ്കില്‍ പ്രതിമാസം 16 കോടി രൂപ അധികം ചെലവ് വരും. 14 കോടിയെന്ന കണക്ക് കഴിഞ്ഞ ഏതാനും നാളുകളായി റദ്ദാക്കുന്ന ആയിരത്തോളം സര്‍വീസുകള്‍ക്കുള്ള ഇന്ധനം ഒഴിവാക്കിയുള്ളതാണ്.


deshabhimani

No comments:

Post a Comment