Thursday, January 31, 2013

മാധ്യമങ്ങള്‍ സ്വയം അജന്‍ഡ തയ്യാറാക്കുന്നു: ശശികുമാര്‍


കൊച്ചി: ദൃശ്യമാധ്യമങ്ങള്‍ സ്വയം അജന്‍ഡ തയ്യാറാക്കുന്നതായി ചെന്നൈ ഏഷ്യന്‍ സ്കൂള്‍ ഓഫ് ജേര്‍ണലിസം ചെയര്‍മാന്‍ ശശികുമാര്‍ അഭിപ്രായപ്പെട്ടു. തങ്ങളുടെ അജന്‍ഡയിലേക്കു നീങ്ങുന്ന രീതിയിലുള്ള ചര്‍ച്ചകള്‍ സംഘടിപ്പിച്ച് ലക്ഷ്യത്തിലേക്ക് എത്തിക്കുകയാണ് പിന്നീട് ചെയ്യുക. ഇത് അപകടം പിടിച്ച കളിയാണെന്ന് "വാര്‍ത്താമാധ്യമങ്ങളുടെ സാമൂഹ്യ ഓഡിറ്റിങ്" എന്ന വിഷയത്തില്‍ കേരള പ്രസ് അക്കാദമി സംഘടിപ്പിച്ച എന്‍ എന്‍ സത്യവ്രതന്‍ സ്മാരക പ്രഭാഷണത്തില്‍ ശശികുമാര്‍ പറഞ്ഞു.

അടുത്തിടെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ അസ്വാരസ്യങ്ങളും ഡല്‍ഹിയിലെ സംഭവവികാസങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ പരിശോധിച്ചാല്‍ ഇതു കാണാം. തൂക്കുമരമാണ് ബലാത്സംഗംചെയ്യുന്നവനു നല്‍കേണ്ടതെന്ന് ദേശീയ ദൃശ്യമാധ്യമങ്ങള്‍ അജന്‍ഡ തയ്യാറാക്കി. അതിനെതിരെ സംസാരിക്കുന്നവന്‍ ബലാത്സംഗത്തെ അനുകൂലിക്കുന്നവനാണെന്ന തോന്നലുണ്ടാക്കി. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് മാധ്യമങ്ങള്‍ സ്വയം ശവക്കുഴി തോണ്ടുന്നതിനു തുല്യമാണ്. മാധ്യമങ്ങളുടെ വിശ്വാസ്യത മുമ്പത്തെക്കാളും കുറഞ്ഞു. മാധ്യമങ്ങള്‍ സ്വയം, വാര്‍ത്തകളെ വിമര്‍ശന വിധേയമാക്കണം- ശശികുമാര്‍ പറഞ്ഞു. എന്‍ എന്‍ സത്യവ്രതന്റെ മാധ്യമപഠന ഗ്രന്ഥമായ "വാര്‍ത്തയുടെ ശില്‍പ്പശാല"യുടെ രണ്ടാം പതിപ്പിന്റെ പ്രകാശനം തോമസ് ജേക്കബ് വി രാജഗോപാലിനു നല്‍കി നിര്‍വഹിച്ചു. പ്രസ് അക്കാദമി ചെയര്‍മാന്‍ എന്‍ പി രാജേന്ദ്രന്‍ അധ്യക്ഷനായി

deshabhimani 310113

No comments:

Post a Comment