വരുമാനം ഇടിയുന്നു; കമീഷന്‍ ഇനത്തില്‍ 16 കോടി നഷ്ടം
ഡീസല്‍വില വര്‍ധനയെ തുടര്‍ന്നുള്ള പ്രതിസന്ധി മറികടക്കാനാകാതെ കെഎസ്ആര്‍ടിസി നട്ടംതിരിയുന്നു. സര്‍വീസുകള്‍ വെട്ടിച്ചുരുക്കേണ്ടിവരുന്നതിനാല്‍ ദിനംപ്രതി വരുമാനം ഇടിയുന്നു. കടുത്ത യാത്രാക്ലേശത്തില്‍ ജനങ്ങള്‍ വീര്‍പ്പുമുട്ടുന്നു. എം പാനല്‍ കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും പിരിച്ചുവിടല്‍ ഭീഷണിയിലാണ്. അനധികൃത-സമാന്തര സര്‍വീസ് പെരുകുന്നു. കെഎസ്ആര്‍ടിസിയുടെ വിശ്വാസ്യത തകര്‍ക്കപ്പെടുന്ന അവസ്ഥയില്‍ സഹായിക്കാന്‍ സര്‍ക്കാരും തയ്യാറാകുന്നില്ല. മന്ത്രിസഭയും കോര്‍പറേഷനെ കൈവിട്ടു. കേന്ദ്രസര്‍ക്കാരിന് വീണ്ടും കത്തെഴുതുമെന്നുപറഞ്ഞ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൈകഴുകി.
അതിനിടെ ചില ഡിപ്പോകളില്‍ ഡീസല്‍ നല്‍കുന്നത് ഐഒസി നിര്‍ത്തി. ഡിസംബറിലെ ശരാശരി വരുമാനത്തെ അപേക്ഷിച്ച് കഴിഞ്ഞ ദിവസങ്ങളിലെ വരുമാനത്തില്‍ വന്‍ ഇടിവാണ്. പ്രതിദിനം 20 ശതമാനത്തിലേറെ സര്‍വീസ് നിര്‍ത്തിയിടുന്നതാണ് കാരണം. മണ്ഡലക്കാലത്ത് സംസ്ഥാനത്താകെയുള്ള ഡിപ്പോകളില്‍നിന്ന് സര്‍വീസുകള്‍ റദ്ദുചെയ്ത് ശബരിമലയിലേക്ക് അയക്കും. ഇതുമൂലം മണ്ഡലകാലത്ത് മറ്റു കാലങ്ങളെ അപേക്ഷിച്ച് വരുമാനം കുറവാണ്. കഴിഞ്ഞ ഡിസംബര്‍ ഏഴിന് 6.42 കോടി രൂപയായിരുന്നു വരുമാനം. എന്നാല്‍, കഴിഞ്ഞ നാലു ദിവസങ്ങളിലെ ശരാശരി വരുമാനം 4.88 കോടിയും. ശരാശരി വരുമാന നഷ്ടം 1.54 കോടി രൂപ.
വന്‍കിട ഉപയോക്താക്കളുടെ പട്ടികയില്‍പ്പെടുത്തിയാണ് എണ്ണക്കമ്പനികള്‍ കെഎസ്ആര്‍ടിസിക്ക് സബ്സിഡി നിരക്കിലുള്ള ഡീസല്‍ നിഷേധിച്ചത്. ഒന്നോ അതില്‍കൂടുതലോ ടാങ്കര്‍ ഡീസല്‍ സ്വന്തം ആവശ്യത്തിന് വാങ്ങുന്ന ഉപയോക്താക്കളെയാണ് എണ്ണക്കമ്പനികള്‍ വന്‍കിട പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതിലൂടെ കമീഷന്‍ ഇനത്തില്‍ പ്രതിവര്‍ഷം ലഭിക്കേണ്ട 16 കോടിയോളം രൂപയും കോര്‍പറേഷന് നഷ്ടമായി. ലിറ്ററിന് ഒരു രൂപ നിരക്കിലാണ് കമീഷന്‍ ലഭിച്ചിരുന്നത്. പ്രതിദിനം ശരാശരി 4.29 ലക്ഷം ലിറ്റര്‍ ഡീസല്‍ കോര്‍പറേഷന്‍ വാങ്ങുന്നു. കോര്‍പറേഷന്റെ ദൈനംദിന ആവശ്യത്തിനുള്ള ഡീസലില്‍ 20 ശതമാനം കുറവുവന്നതായി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ കെ ജി മോഹന്‍ലാല്‍ വ്യക്തമാക്കി. സ്വാഭാവികമായും ഷെഡ്യൂളുകള്‍ വെട്ടിക്കുറയ്ക്കേണ്ടിവരും. ഇതിനായി വരുമാനം കുറഞ്ഞ റൂട്ടുകളുടെ പട്ടിക തയ്യാറാക്കി. ആദിവാസി പിന്നോക്ക മേഖല, ഒറ്റപ്പെട്ട മേഖല, വിദ്യാര്‍ഥികള്‍ കൂടുതലുള്ള സര്‍വീസുകള്‍ തുടങ്ങിയവ ഒഴിവാക്കി റദ്ദാക്കേണ്ട ഷെഡ്യൂളുകള്‍ തീരുമാനിക്കേണ്ടിവരും. യൂണിയനുകളുമായി ചര്‍ച്ച നടത്തുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
ബസുകളില്‍ ടാങ്ക് നിറയെ ഡീസല്‍ അടിക്കുന്നത് അവസാനിപ്പിച്ചിട്ടുണ്ട്. ഇങ്ങനെ മിച്ചം പിടിക്കുന്ന ഡീസല്‍ ഉപയോഗിച്ച് കുറച്ചുദിവസംകൂടി പിടിച്ചുനില്‍ക്കാനാണ് ശ്രമം. തുടര്‍ന്ന്, പ്രതിസന്ധി അതിരൂക്ഷമാകും. ഇപ്പോള്‍ത്തന്നെ 1100ല്‍പരം സര്‍വീസ് റദ്ദാക്കിയതായി കോര്‍പറേഷന്‍ ഔദ്യോഗികമായി സമ്മതിക്കുന്നു. 20 ശതമാനം ഡീസല്‍ കുറയുന്നതോടെ റദ്ദാക്കുന്ന ഷെഡ്യൂളിന്റെ എണ്ണം 2200 കവിയും. യാത്രാസൗകര്യ മേഖലയില്‍ 27 ശതമാനമാണ് കെഎസ്ആര്‍ടിസിയുടെ പങ്ക്. ഇത് ഗണ്യമായി കുറയും. സ്വകാര്യമേഖലയ്ക്ക് തഴച്ചുവളരാന്‍ അവസരമൊരുങ്ങും. ഷെഡ്യൂള്‍ വെട്ടിക്കുറയ്ക്കുന്നതോടെ എം പാനല്‍ ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ജോലി നഷ്ടപ്പെടുമെന്ന് കോര്‍പറേഷന്‍ എംഡി തന്നെ വ്യക്തമാക്കുന്നു. കോര്‍പറേഷന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതീക്ഷയോടെ നോക്കുകയാണെന്നാണ് മന്ത്രി ആര്യാടന്‍ മുഹമ്മദ് "ദേശാഭിമാനി"യോട് പറഞ്ഞത്.
റദ്ദാക്കിയ 13എണ്ണം 15000ത്തില്‍ കൂടുതല്‍ വരുമാനമുള്ളവ
ആലപ്പുഴ: ഡീസല്‍ വില വര്‍ധനയുടെ മറവില്‍ ജില്ലയില്‍ സ്വകാര്യ ബസുടമകളെ സഹായിക്കാന്‍ ലാഭകരമായ സര്‍വീസുകളും വെട്ടിക്കുറച്ചു. ആകെ വെട്ടിക്കുറച്ച 97 ഷെഡ്യൂളുകളില്‍ 22 സര്‍വീസുകള്‍ ലാഭത്തിലുള്ളതാണെന്ന് കെഎസ്ആര്‍ടിസി വൃത്തങ്ങള്‍ പറഞ്ഞു. രാത്രികാല ആവശ്യസര്‍വീസുകളും വെട്ടിക്കുറച്ചതില്‍ പെടും. മാനദണ്ഡം ലംഘിച്ച് ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചത് ജില്ലയില്‍ യാത്രാക്ലേശം രൂക്ഷമാക്കി. ദേശസാല്‍കൃത റൂട്ടുകളിലായിരുന്നു യാത്രാക്ലേശം കൂടുതല്‍. രാത്രി ഏഴിനു ശേഷം ബസിനായി മണിക്കൂറുകളോളമാണ് കാത്തുനില്‍ക്കേണ്ടി വന്നത്. ലാഭകരമായ ഒരു സര്‍വീസും റദ്ദാക്കില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് ലംഘിച്ച് 15000ത്തില്‍ കൂടുതല്‍ വരുമാനമുള്ള സര്‍വീസുകള്‍പോലും ജില്ലയില്‍ റദ്ദാക്കി. അതേസമയം കായംകുളത്ത് കെസിടിയും ചേര്‍ത്തലയില്‍ സിസിടിയും ഓടുന്ന റൂട്ടുകളില്‍ 3000ത്തില്‍ കുറവ് വരുമാനമുള്ള ഷെഡ്യൂളുകള്‍ നിലനിര്‍ത്തുകയും ചെയ്തു. 15000 രൂപയില്‍ കൂടുതല്‍ വരുമാനമുള്ള എട്ടു സര്‍വീസുകളാണ് റദ്ദാക്കിയത്. 14000 ത്തില്‍ കൂടുതല്‍ വരുമാനമുള്ള അഞ്ചും റദ്ദാക്കി. കായംകുളത്താണ് ലാഭകരമായ ഷെഡ്യൂളുകള്‍ കൂടുതല്‍ റദ്ദാക്കിയത്. കായംകുളം - പുനലൂര്‍, കായംകുളം- എറണാകുളം എന്നിവ റദ്ദാക്കിയപ്പോള്‍ ഒട്ടും വരുമാനമില്ലാത്ത മുതുകുളം ഷെഡ്യൂള്‍ നിര്‍ബാധം തുടര്‍ന്നു.
ചേര്‍ത്തലയിലും സ്വകാര്യബസ് സര്‍വീസ് നടത്തുന്ന അരൂക്കുറ്റി, കോട്ടയം റൂട്ടുകളിലെ ഷെഡ്യൂളുകളാണ് റദ്ദാക്കിയത്. ഇത് സ്വകാര്യ ബസുകളുടെ വരുമാനം കൂട്ടാനിടയാക്കി. രാത്രി ഏഴു കഴിഞ്ഞ് സ്വകാര്യബസില്ലാത്ത ഈ റൂട്ടുകളില്‍ കെഎസ്ആര്‍ടിസി ഇല്ലാതിരുന്നത് യാത്രാക്ലേശം ഇരട്ടിയാക്കി. ചേര്‍ത്തലയില്‍ നിന്ന് ആലപ്പുഴ വരെയുള്ള സര്‍വീസ് മണ്ണഞ്ചേരി വരെ ചുരുക്കിയതും സ്വകാര്യബസുകളെ സഹായിക്കാനാണെന്ന് ആരോപണമുണ്ട്. ആലപ്പുഴയില്‍ നല്ല വരുമാനം ലഭിക്കുന്ന രാവിലെ 7.30നുള്ള കായംകുളം, ഏഴിനും 7.30നും ഉള്ള എറണാകുളം എന്നിവയും റദ്ദാക്കി. ആലപ്പൂഴയില്‍ ആകെ 102 ഷെഡ്യൂളുകളില്‍ രണ്ട് ഫാസ്റ്റടക്കം പത്തെണ്ണം ബുധനാഴ്ച റദ്ദാക്കി. ചേര്‍ത്തലയില്‍ 99 ഷെഡ്യൂളുകളില്‍ 14 ലോക്കലുകളും ഹരിപ്പാട് 45 ഷെഡ്യൂളുകളില്‍ രണ്ട് ഫാസ്റ്റടക്കം പത്തെണ്ണവും റദ്ദാക്കി. കായംകുളത്താണ് കൂടുതല്‍ ഷെഡ്യൂളുകള്‍ റദ്ദാക്കിയത്. 78 ഷെഡ്യുളുകളില്‍ ഏഴ് ഫാസ്റ്റടക്കം 24 ഷെഡ്യൂളുകള്‍ ഇവിടെ നിര്‍ത്തി. മാവേലിക്കരയില്‍ 43ല്‍ 11ഉം എടത്വയില്‍ 28ല്‍ ആറും ചെങ്ങന്നൂരില്‍ 62ല്‍ 15 ഷെഡ്യൂളുകളുമാണ് റദ്ദാക്കിയത്.
റദ്ദാക്കല്‍ തുടരുന്നു കെഎസ്ആര്‍ടിസി താല്‍ക്കാലിക ജീവനക്കാര്‍ പുറത്തേക്ക്
പാലക്കാട്: ജനങ്ങളെ ദുരിതത്തിലാക്കി കെഎസ്ആര്‍ടിസി ബസ് സര്‍വീസ് റദ്ദാക്കല്‍ തുടരുന്നു. അതേസമയം, ബസ് റദ്ദാക്കുന്നതും ഷെഡ്യൂള്‍ വെട്ടിക്കുറയ്ക്കുന്നതും കെഎസ്ആര്‍ടിസി താല്‍ക്കാലിക ജീവനക്കാരുടെ തൊഴിലിന് ഭീഷണിയായി മാറിയിരിക്കുകയാണ്. ജില്ലയില്‍ കണ്ടക്ടര്‍, ഡ്രൈവര്‍, മെക്കാനിക് തസ്തികയിലുള്ള അഞ്ഞൂറോളം താല്‍ക്കാലിക ജീവനക്കാരാണ് പിരിച്ചുവിടല്‍ ഭീഷണി നേരിടുന്നത്.
പാലക്കാട് ഡിപ്പോയില്‍ പ്രതിദിനം 18,000 ലിറ്റര്‍ ഡീസലാണ് പൂര്‍ണതോതില്‍ സര്‍വീസ് നടത്താന്‍ ആവശ്യമുള്ളത്. എന്നാല്‍ വില കൂടിയതോടെ ഡീസലിന്റെ വരവ് പടിപടിയായി കുറഞ്ഞു. ഞായര്‍, തിങ്കള്‍ ദിവങ്ങളില്‍ 13,500 ലിറ്റര്‍ വീതം ഡീസല്‍ വന്നപ്പോള്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ എത്തിയത് വെറും 9000 ലിറ്റര്‍ മാത്രം. ഈ അവസ്ഥയില്‍ വ്യാഴാഴ്ച കൂടുതല്‍ സര്‍വീസും ഷെഡ്യൂളും റദ്ദാക്കേണ്ടിവരും. അങ്ങനെ വന്നാല്‍ സ്ഥിരം ജീവനക്കാര്‍ക്ക് തന്നെ പണിയില്ലാതെവരുന്ന അവസ്ഥയുണ്ടാവും. സര്‍വീസ് നിര്‍ത്തി ജനങ്ങളെ ദ്രോഹിക്കില്ലെന്ന് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തെങ്കിലും ജില്ലയില്‍ ബുധനാഴ്ച 28 സര്‍വീസാണ് റദ്ദാക്കിയത്. പിന്നോക്ക മേഖലയില്‍ ഉള്‍പ്പടെ ജനങ്ങള്‍ പ്രധാനമായും ആശ്രയിക്കുന്ന ബസുകളാണ് റദ്ദാക്കിയതില്‍ ഏറെയും. പാലക്കാട് ഡിപ്പോയില്‍നിന്ന് 13 ഉം മണ്ണാര്‍ക്കാട് സബ് ഡിപ്പോയിലെ ഒമ്പതും ചിറ്റൂര്‍ സബ് ഡിപ്പോയിലെ ആറും സര്‍വീസുകളാണ് റദ്ദാക്കിയത്.
വടക്കഞ്ചേരിയില്‍ മൂന്ന് ബസ് സര്‍വീസ് രണ്ട് ദിവസമായി നടത്തുന്നില്ല. എന്നാല്‍ ഇത് റദ്ദാക്കിയതാണെന്ന് അധികൃതര്‍ സമ്മതിക്കുന്നില്ല. പാലക്കാട് ഡിപ്പോയില്‍നിന്ന് കോയമ്പത്തൂരിലേക്കുള്ള നാല് അന്തര്‍ സംസ്ഥാന സര്‍വീസ് ഉള്‍പ്പടെ 13 ബസാണ് റദ്ദാക്കിയത്. ഗുരുവായൂര്‍, തൃശൂര്‍, കുറ്റിപ്പുറം എന്നിവിടങ്ങളിലേക്കുള്ള രണ്ട് വീതവും ധോണി, പടലിക്കാട്, പേഴുംകാവ് എന്നിവിടങ്ങളിലേക്കുള്ള ഓരോ ബസ് വീതവും റദ്ദാക്കി. പാലക്കാട് ഡിപ്പോയില്‍നിന്ന് ധോണിയിലേക്കുള്ള ഏക സര്‍വീസാണ് നിര്‍ത്തിയത്. പിന്നോക്ക മേഖലയായ പടലിക്കാട്, പേഴുംകാവ് എന്നിവിടങ്ങളിലേക്ക് ആവശ്യത്തിന് സ്വകാര്യ ബസുകള്‍ പോലുമില്ല. മണ്ണാര്‍ക്കാട് ഡിപ്പോയിലെ ഒമ്പത് ബസുകള്‍ റദ്ദാക്കി. അട്ടപ്പാടി ആനക്കട്ടിയിലേക്കുള്ള അഞ്ച് സര്‍വീസ് റദ്ദ് ചെയ്തിട്ടുണ്ട്. വൈകിട്ട് ആറിന്ശേഷം സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്താത്ത ഈ മേഖലയില്‍ കെഎസ്ആര്‍ടിസി ബസ് കൂടി റദ്ദാക്കിയതോടെ ജനങ്ങള്‍ ദുരിതത്തിലായി. പലയിടത്തും ജനങ്ങള്‍ ബസ് കാത്ത് മണിക്കൂറുകള്‍ നില്‍ക്കേണ്ടിവന്നു.
പെരിന്തല്‍മണ്ണ, ഒറ്റപ്പാലം എന്നിവിടങ്ങളിലേക്കുള്ള രണ്ട് ബസ് സര്‍വീസ് നടത്തിയില്ല. മലയോര പിന്നോക്ക മേഖലയായ ചളവ-ഉപ്പുകുളം, പാലക്കയം എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് നിര്‍ത്തിയത് സാധാരണക്കാരന് തിരിച്ചടിയായി. ലാഭമില്ലാത്തതിനാല്‍ സ്വകാര്യ ബസുകള്‍ വിരളമായി മാത്രം സര്‍വീസ് നടത്തുന്ന പ്രദേശമാണിത്. ഇവിടെ കെഎസ്ആര്‍ടിസി കൂടി നിലച്ചതോടെ യാത്രാദുരിതം അതീവ ഗുരുതരമായി. ചിറ്റൂര്‍ സബ് ഡിപ്പോയില്‍ ഒരു അന്തര്‍ സംസ്ഥാന ബസുള്‍പ്പടെ ആറെണ്ണം റദ്ദാക്കി. പൊള്ളാച്ചി, തിരുവില്വാമല, എറണാകുളം ജെട്ടി, ഗുരുവായൂര്‍, മാനന്തവാടി, പട്ടാമ്പി എന്നിവിടങ്ങളിലേക്കുള്ള സര്‍വീസാണ് നിര്‍ത്തിയത്.
ലാഭമില്ലാത്ത റൂട്ട് വേണ്ടെന്ന് അധികൃതര്‍
മലപ്പുറം: ലാഭകരമല്ലാത്ത റൂട്ടുകളില്‍ ബസ് സര്‍വീസ് നിര്‍ത്താന്‍ കെഎസ്ആര്‍ടിസി അധികൃതരുടെ രഹസ്യനിര്‍ദേശം. 30 ശതമാനം സര്‍വീസുകളാണ് ഇത്തരത്തില്‍ നിലയ്ക്കുക. ജീവനക്കാര്‍ക്ക് ഫോണിലൂടെയാണ് ഇതുസംബന്ധിച്ച നിര്‍ദേശംനല്‍കിയിരിക്കുന്നത്. ഇതോടെ ജില്ലയില്‍ 59 സര്‍വീസ് ഇല്ലാതാവും. യാത്രാപ്രതിസന്ധി കൂടുതല്‍ രൂക്ഷമാവും. ഡീസല്‍ ലഭ്യതക്കനുസരിച്ച് ബുധനാഴ്ച മുതല്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കാനാണ് ഡിപ്പോകളിലേക്ക് അധികൃതര്‍ നല്‍കിയ നിര്‍ദേശം. മന്ത്രിസഭ ചേര്‍ന്നശേഷം ഉത്തരവായി ഇറക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ബുധനാഴ്ച സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല. വ്യാഴാഴ്ചതന്നെ ഉത്തരവിറക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ലാഭകരമായി സര്‍വീസ് നടത്തുന്ന റൂട്ടുകളില്‍ തിരക്ക് കുറഞ്ഞ സമയത്ത് ബസ് നിര്‍ത്തിയിടാനും ഉത്തരവുണ്ട്.
ജില്ലയിലെ നാല് ഡിപ്പോകളിലും സര്‍വീസുകള്‍ നിര്‍ത്തലാക്കേണ്ടിവരും. മലപ്പുറം ഡിപ്പോയിലാണ് കൂടുതല്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കേണ്ടി വരിക. ആകെയുള്ള 61ല്‍ 19 എണ്ണവും ഓട്ടം അവസാനിപ്പിക്കേണ്ടിവരും. പെരിന്തല്‍മണ്ണയില്‍ സര്‍വീസ് നടത്തുന്ന 49ല്‍ 15 എണ്ണം കട്ടപ്പുറത്താകും. പൊന്നാനിയിലെ 42ല്‍ 13 സര്‍വീസുകളും ഇല്ലാതാവും. നിലമ്പൂരിലാണ് കുറഞ്ഞ എണ്ണം സര്‍വീസ് ഇല്ലതാവുക. 40ല്‍ 12 എണ്ണമാകും നിലമ്പൂര്‍ ഡിപ്പോയില്‍ നിര്‍ത്തലാക്കുന്ന ബസുകളുടെ എണ്ണം. ആറായിരം രൂപയില്‍ കുടുതല്‍ വരുമാനമുള്ള സര്‍വീസ് നടത്താന്‍ അനുവദിക്കണമെന്നാണ് കെഎസ്ആര്‍ടിസിയുടെ ആവശ്യം. എന്നാല്‍ സര്‍ക്കാര്‍ ഇത് ഏത് രീതിയില്‍ നടപ്പാക്കുമെന്നതിനെ കുറിച്ച് വ്യക്തമായ ധാരണയായിട്ടില്ല.
സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ വരുമാനം ഉണ്ടാക്കുന്നത് എംഎല്‍എ സര്‍വീസുകളാണ്. പുതിയ നിര്‍ദേശത്തോടെ പല എംഎല്‍എ സര്‍വീസുകളും കട്ടപ്പുറത്ത് വിശ്രമിക്കേണ്ടിവരും. ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേരില്‍ ഒമ്പത് എംഎല്‍എ സര്‍വീസുകളാണ് നിലമ്പൂര്‍ ഡിപ്പോയില്‍ സര്‍വീസ് നടത്തുന്നത്. ലാഭം കുറവാണെങ്കിലും ഈ സര്‍വീസ് വേണ്ടെന്ന് വയ്ക്കരുതെന്നാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതിനിടെ ജില്ലയില്‍ ബുധനാഴ്ച 32 സര്‍വീസുകള്‍ റദ്ദ് ചെയ്തു. മലപ്പുറംþ14, പൊന്നാനിþ8, പെരിന്തല്‍മണ്ണþ7, നിലമ്പൂര്‍ 3 എന്നിങ്ങനെയാണ് ബുധനാഴ്ച റദ്ദാക്കിയ സര്‍വീസുകളുടെ എണ്ണം. ഡീസലിന്റെയും സ്പെയര്‍പാര്‍ട്സുകളുടെയും ക്ഷാമമാണ് ഷെഡ്യുളുകള്‍ റദ്ദാക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്.
ലാഭകരമല്ലെന്ന പേരിലും സര്‍വീസുകള്‍ നിര്‍ത്തുന്നു
കോഴിക്കോട്: ലാഭകരമല്ലെന്ന പേരിലും ജില്ലയിലെ വിവിധ ഡിപ്പോകളില്‍നിന്നുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ നിര്‍ത്തലാക്കാന്‍ അണിയറയില്‍ നീക്കം. 78 സര്‍വീസുകള്‍ നിര്‍ത്താനാണ് ആലോചന. ഡീസല്‍ വില വര്‍ധനയുടെ പേരില്‍ കെഎസ്ആര്‍ടിസി ബസ് റൂട്ടുകള്‍ റദ്ദാക്കുന്നതിന് പുറമേയാണ് ജനത്തെ പെരുവഴിയിലാക്കുന്ന പുതിയ നടപടി. ഇതിനായി ഓരോ ഡിപ്പോകളില്‍ നിന്നും ലാഭകരമല്ലാത്ത സര്‍വീകളുടെ കണക്കെടുത്ത് ലിസ്റ്റ് തയ്യാറാക്കി. കെഎസ്ആര്‍ടിസി ഉന്നതങ്ങളില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണ് നഷ്ടക്കണക്കെടുപ്പ്. 10,000ത്തിന് താഴെ വരുമാനമുള്ള സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാനാണ് കണക്കെടുത്തത്.
കോഴിക്കോട്. താമരശേരി ഡിപ്പോകളില്‍നിന്ന് അടുത്തദിവസം മുതല്‍ 23 സര്‍വീസ് നിര്‍ത്തലാക്കും. തൊട്ടില്‍പ്പാലം ഡിപ്പോയില്‍ നിന്ന് 13 വടകരയില്‍ എട്ട് തിരുവമ്പാടിയില്‍ 11 എന്നിങ്ങനെയും സര്‍വീസുകള്‍ റദ്ദാക്കും. കെഎസ്ആര്‍ടിസി മാത്രം സര്‍വീസ് നടത്തുന്ന ആനക്കാം പൊയില്‍, കക്കാടംപൊയില്‍ പോലുള്ള പ്രദേശങ്ങളിലെ സര്‍വീസ് നിര്‍ത്തലാക്കുന്നത് മലയോരവാസികള്‍ക്ക് ഇരുട്ടടിയാകും. തിരുവമ്പാടിയില്‍നിന്നുള്ള സര്‍വീസുകള്‍ ഭൂരിഭാഗവും ഓര്‍ഡിനറിയാണ്. ആനക്കാംപൊയിലിലേക്ക് ദിവസവും 40 ട്രിപ്പുകള്‍ ഉണ്ട്. പുല്ലൂരാംപാറ, ആനക്കാംപൊയില്‍ വഴി മുക്കം ഭാഗത്തേക്ക് സര്‍വീസ് നടത്തുന്നവയാണിവ. താമരശ്ശേരി-അടിവാരം, അടിവാരം-കോഴിക്കോട് റൂട്ടുകളിലെ സര്‍വീസുകളും റദ്ദാവും. മലയോര മേഘലകളിലെ വിദ്യാര്‍ഥികളടക്കം നിരവധി പേരുടെ ആശ്രയം സര്‍ക്കാര്‍ ബസുകളാണ്. കോഴിക്കോട്നിന്ന് വെട്ടിച്ചുരുക്കാന്‍ നിര്‍ദേശമുള്ള സര്‍വീസുകളില്‍ വയനാട്, മാനന്തവാടി, കല്‍പ്പറ്റ, ബത്തേരി എന്നീ ഭാഗങ്ങളിലേക്കുള്ള ടൗണ്‍ ടു ടൗണും ഉള്‍പ്പെടും. കോഴിക്കോട്നിന്ന് മാനന്തവാടിക്ക് ദിനവും 44 ട്രിപ്പാണ് ഉള്ളത്. വയനാട്, മാനന്തവാടിപോലുള്ള ഭാഗങ്ങളിലുള്ള സര്‍വീസ് വെട്ടിച്ചുരുക്കുന്നത് യാത്രക്കാരെ വെട്ടിലാക്കും. ഈ റൂട്ടുകളില്‍ സാധാണക്കാരുടെ ഏക ആശ്രയം കെഎസ്ആര്‍ടിസിയാണ്.
തൊട്ടില്‍പാലത്ത്നിന്ന് റദ്ദാക്കാന്‍ ഉദ്ദേശിക്കുന്ന 13 സര്‍വീസുകളില്‍ ഭൂരിഭാഗവും മാനന്തവാടി വഴിയുള്ള ഓര്‍ഡിനറി സര്‍വീസുകളാണ്. ഇത് വഴി കെഎസ്ആര്‍ടിസി മാത്രമേ ഉളളൂ. തൊട്ടില്‍പ്പാലത്തെ ഡിപ്പോയുടെ പ്രധാന വരുമാനം തന്നെ മാനന്തവാടി റൂട്ടില്‍ നിന്നാണ്. ഈ സര്‍വീസ് റദ്ദാക്കുന്നത് തൊട്ടില്‍പ്പാലം ഡിപ്പോയെ കട്ടപ്പുറത്താക്കും. എന്നാല്‍ സര്‍വീസുകള്‍ നിര്‍ത്താന്‍ കണക്കെടുക്കുന്നതിനെപ്പറ്റി കെഎസ്ആര്‍ടിസി അധികൃതര്‍ പ്രതികരിച്ചില്ല. എന്നാല്‍ ഡീസല്‍ വില വര്‍ധനയുടെ പേരില്‍ സര്‍വീസ് റദ്ദ് ചെയ്തിട്ടില്ലെന്ന അവകാശവാദം അവര്‍ ആവര്‍ത്തിച്ചു. ബസുകള്‍ ഇല്ലാത്തിനാല്‍ വന്ന മുടക്കം മാത്രമേ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിട്ടുള്ളൂ എന്നാണ് വാദം.
ഉദ്യോഗാര്‍ഥികള്‍ക്ക് ആശങ്ക
എടപ്പാള്‍: ഡീസല്‍ വില വര്‍ധനവിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി ഉടലെടുത്തതോടെ ഉദ്യോഗാര്‍ഥികളും ജീവനക്കാരും ആശങ്കയില്‍. സംസ്ഥാനത്ത് കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടര്‍-ഡ്രൈവര്‍ ജോലിക്കായി 80,000 ത്തോളം ഉദ്യോഗാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 75,000 ത്തോളം പേരാണ് ശാരീരിക ക്ഷമതാപരിശോധന കഴിഞ്ഞ് ജോലിക്കായി കാത്തിരിക്കുന്നത്. എന്നാല്‍ ഇവരുടെ നിയമനം പ്രതിസന്ധിയിലായി. ഒരുമാസം മുന്‍പാണ് ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. മെയിന്‍ ലിസ്റ്റില്‍ അരലക്ഷം പേരും, സപ്ലിമെന്ററി ലിസ്റ്റില്‍ കാല്‍ലക്ഷം പേരുമാണുള്ളത്. മൊത്തം ലിസ്റ്റിന്റെ 20 ശതമാനം സ്ത്രീകളാണ്. മാര്‍ച്ച് 31ന് മുന്‍പ് പിഎസ്സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനിരിക്കെയാണ് ഇടിത്തീപോലെ കെഎസ്ആര്‍ടിസി പ്രതിസന്ധി വന്നത്. സര്‍ക്കാര്‍ ഇടപെട്ട് തങ്ങളുടെ ആശങ്ക അകറ്റണമെന്ന് ജോലി കാത്ത് കഴിയുന്ന തൃശൂര്‍ ജില്ലയിലെ വരവൂര്‍ പഞ്ചായത്തിലെ ഉദ്യോഗാര്‍ഥിയായ ചെക്കന്‍ചാത്ത് വിനോദ്(29)പറഞ്ഞു.
സര്‍വീസുകള്‍ അടിക്കടി വെട്ടിക്കുറക്കുന്നത് കെഎസ്ആര്‍ടിസിയിലെ താല്‍കാലിക ജീവനക്കാരേയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. സര്‍വീസുകള്‍ വെട്ടിക്കുറച്ചാല്‍ ആദ്യം പിരിച്ചുവിടുന്നത് എം പാനല്‍ ജീവനക്കാരേയാണ്. ഇതിനിടെ ദിനം പ്രതി 10,000 രൂപക്ക് താഴെ കലക്ഷനുള്ള ബസുകള്‍ കൂടി നിറുത്തലാക്കാനുള്ള തീരുമാനം കൂടി വന്നിട്ടുണ്ട്. ഇതോടെ ഗ്രാമ പ്രദേശങ്ങളില്‍ ഓടുന്ന ബസുകള്‍ കൂടി ഇല്ലാതാകും. ഇപ്പോള്‍ ഗ്രാമങ്ങളില്‍ 10,000 ത്തില്‍താഴെ കലക്ഷനിലാണ് ബസുകള്‍ ഓടിക്കൊണ്ടിക്കുന്നത്. സംസ്ഥാനത്ത് എടപ്പാള്‍, കോഴിക്കോട്, മാവേലിക്കര, ആലുവ, തിരുവനന്തപ്പുരം എന്നിവിടങ്ങളിലെ വര്‍ക്ക്ഷോപ്പുകളിലായി ഏതാണ്ട്് 200-ല്‍ പരം ബസുകള്‍ കട്ടപ്പുറത്ത് കയറിക്കഴിഞ്ഞു. ദിനം പ്രതി 15,000 മുതല്‍ 20,000 രൂപ വരെ കലക്ഷന്‍ കിട്ടുന്ന പുതിയ ആര്‍എസ്ഇ ഫാസ്റ്റ് വണ്ടികളും കട്ടപ്പുറത്ത് കയറിയവയിലുണ്ട്
(വി സെയ്ദ്)
സ്വകാര്യ ബസ് പെര്‍മിറ്റിന് തള്ളിക്കയറ്റം
പത്തനംതിട്ട: കെഎസ്ആര്‍ടിസി ലാഭകരമായ സര്‍വീസുകള്‍ വരെ റദ്ദാക്കുന്ന അവസരം മുതലെടുത്ത് ഇതേ റൂട്ടില്‍ സര്‍വീസ് തുടങ്ങാന്‍ സ്വകാര്യ ബസ് ഉടമകള്‍ അപേക്ഷ നല്‍കി. പത്തനംതിട്ട ജില്ലയില്‍ മാത്രം പുതിയ പെര്‍മിറ്റിന് 300 അപേക്ഷകള്‍ എത്തിക്കഴിഞ്ഞു. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലായി ബുധനാഴ്ച 128 സര്‍വീസുകളാണ് റദ്ദാക്കിയത്. ഇതില്‍ ലാഭകരമായ റൂട്ടുകളും ധാരാളം. ഇവയില്‍ കണ്ണുനട്ടാണ് ഏറെ അപേക്ഷകളും. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം കെഎസ്ആര്‍ടിസിയെ കൈവിട്ടതും സ്വകാര്യ ബസുകാര്‍ക്ക് പ്രതീക്ഷ നല്‍കുന്നു.
ഹൈറേഞ്ച് മേഖലയിലേക്കാണ് കൂടുതല്‍ അപേക്ഷ. കരിമാന്‍തോട്-കുമളിയും ഇതില്‍പ്പെടുന്നു. കെഎസ്ആര്‍ടിസി ലാഭകരമായി ഓടിക്കൊണ്ടിരുന്ന മുണ്ടക്കയം-പുനലൂര്‍ ചെയിന്‍ സര്‍വീസ് ടൗണ്‍ ടു ടൗണ്‍ ആക്കിയതോടെ ഈ റൂട്ടിലും അപേക്ഷകര്‍ ഏറെ. അടുത്ത ആഴ്ച ചേരുന്ന ആര്‍ടിഒ യോഗത്തില്‍ അപേക്ഷകള്‍പരിഗണനയ്ക്ക് വരും. എന്നാല്‍, ഇതിനെ കെഎസ്ആര്‍ടിസി എതിര്‍ക്കാന്‍ സാധ്യതയില്ല. തങ്ങള്‍ക്ക് ആധിപത്യമുള്ള മേഖലകളില്‍ സ്വകാര്യ സര്‍വീസുകളുടെ അപേക്ഷ കെഎസ്ആര്‍ടിസി എതിര്‍ക്കുകയാണ് പതിവ്. ഇതോടെ ആ അപേക്ഷ മാറ്റിവയ്ക്കും. യാത്രാക്ലേശത്തില്‍ ജനം വലയുമ്പോള്‍ എതിര്‍പ്പിന് പിന്തുണ ലഭിക്കാന്‍ സാധ്യതയില്ല. കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിക്കുറച്ചതോടെ ദീര്‍ഘദൂര മേഖലകളില്‍ സര്‍വീസ് നടത്തിയ ചില സ്വകാര്യ ബസുകള്‍ അനധികൃതമായി സൂപ്പര്‍ഫാസ്റ്റ് സ്റ്റിക്കര്‍ പതിച്ചാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. മുന്‍ മന്ത്രിയുടെ ബന്ധുവിന്റെ 12 ഓളം ബസുകള്‍ അനുമതിയില്ലാതെ ഇപ്പോള്‍ സൂപ്പര്‍ഫാസ്റ്റായി ഓടുന്നുണ്ട്. നെടുങ്കണ്ടം-കൊട്ടാരക്കര റൂട്ടിലോടുന്ന ബസില്‍ ഇരട്ടി ചാര്‍ജ് ഈടാക്കുന്നതായും പരാതിയുണ്ട്. ജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്രദമായിരുന്ന ചെയിന്‍ സര്‍വീസുകളുടെ സമയക്രമം പുനഃക്രമീകരിച്ചതുകാരണം പല റൂട്ടുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഗ്രാമീണ റൂട്ടുകളിലെ സര്‍വീസുകള്‍ റദ്ദാക്കിയത് ഈ മേഖലയില്‍ യാത്രാക്ലേശം രൂക്ഷമാക്കി.
deshabhimani 240113
No comments:
Post a Comment