Friday, January 25, 2013
ആര്‍എസ്എസ് പ്രമുഖനെ കേസില്‍നിന്ന് ഒഴിവാക്കുന്നു
സംഝോത, മലെഗാവ്, മെക്ക മസ്ജിദ്, അജ്മീര്‍ ദര്‍ഗ സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മുതിര്‍ന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കേസില്‍നിന്ന് ഒഴിവാക്കുന്നു. നിരവധി നിരപരാധികള്‍ കൊല്ലപ്പെട്ട സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ പണം നല്‍കി സഹായിച്ചത് ആര്‍എസ്എസ് സഹപ്രചാര്‍പ്രമുഖ് ഇന്ദ്രേഷ്കുമാറാണെന്ന് കൃത്യമായ കുറ്റമൊഴി ലഭിച്ചിട്ടും എന്‍ഐഎ തയ്യാറാക്കിയ പ്രതിപ്പട്ടികയില്‍ ഇയാളില്ല. ഹിന്ദുത്വ ഭീകരതയുമായി ബന്ധമുള്ള ആര്‍എസ്എസുകാരുടെ വിശദാംശം കഴിഞ്ഞദിവസം എന്‍ഐഎ ആഭ്യന്തരമന്ത്രാലയത്തിന് കൈമാറിയിരുന്നു. പത്തുപേരുള്ള ഈ പട്ടികയിലും ഇന്ദ്രേഷ്കുമാറില്ല. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തന്നെ വധിച്ച പ്രചാരകന്‍ സുനില്‍ ജോഷിയുടേതടക്കം പത്തു പേരുകളാണ് എന്‍ഐഎ കൈമാറിയത്. ഒളിവില്‍ കഴിയുന്ന സന്ദീപ് ഡാങ്കെ, രാംജി കല്‍സാങ്ര എന്നിവരും പട്ടികയിലുണ്ട്.
സംഝോത, മെക്ക മസ്ജിദ്, അജ്മീര്‍ ദര്‍ഗ സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഡാങ്കെ മധ്യപ്രദേശിലെ മൗ, ഇന്‍ഡോര്‍, ഉത്തര്‍കാശി, സാജാപ്പൂര്‍ എന്നിവിടങ്ങളില്‍ ആര്‍എസ്എസ് പ്രചാരകനായിരുന്നു. ജയിലില്‍ കഴിയുന്ന സ്വാമി അസീമാനന്ദ്, ലോകേഷ് ശര്‍മ, രാജേന്ദര്‍, മുകേഷ് വസാനി, ദേവേന്ദര്‍ഗുപ്ത, കമല്‍ ചൗഹാന്‍, ചന്ദ്രശേഖര്‍ എന്നിങ്ങനെയാണ് പട്ടികയിലുള്ള മറ്റു പേരുകള്‍. സാധ്വി പ്രഗ്യാസിങ്, സൈനികോദ്യോഗസ്ഥനായിരുന്ന കേണല്‍ ശ്രീകാന്ത് പുരോഹിത് തുടങ്ങിയവരെയൊന്നും ആര്‍എസ്എസ് ബന്ധമുള്ളവരായി എന്‍ഐഎ കാണുന്നില്ല. ഗുജറാത്തിലെ ദാങ് ജില്ലയില്‍ ആര്‍എസ്എസിന്റെ പോഷകസംഘടനയായ വനവാസി കല്യാണ്‍ പരിഷത്ത് ഭാരവാഹിയാണ് അസീമാനന്ദ്. മജിസ്ട്രേട്ടിന് മുമ്പാകെ ഇയാള്‍ നല്‍കിയ കുറ്റസമ്മത മൊഴിയിലാണ് ഇന്ദ്രേഷ്കുമാറിന്റെ ഉള്‍പ്പെടെ പേരുകള്‍ പുറത്തുവന്നത്. ലോകേഷ് ശര്‍മ ദിയോഗഡില്‍ ആര്‍എസ്എസ് നഗര്‍കാര്യവാഹാണ്. രാജേന്ദര്‍ ആര്‍എസ്എസിന്റെ വര്‍ഗ്വിസ്താരകാണ്. അജ്മീര്‍ ദര്‍ഗ കേസില്‍ ഉള്‍പ്പെട്ട മുകേഷ് വസാനി ഗോദ്രയിലെ സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനാണ്. ദേവേന്ദര്‍ ഗുപ്ത ഇന്‍ഡോറിലും മൗവിലും ആര്‍എസ്എസ് പ്രചാരകനായിരുന്നു. ചന്ദ്രശേഖര്‍ ഷാജന്‍പൂരില്‍ ആര്‍എസ്എസ് പ്രചാരകനാണ്.
സംഝോത എക്സ്പ്രസ് കേസില്‍ 2011 ജൂണില്‍ എന്‍ഐഎ ഫയല്‍ ചെയ്ത കുറ്റപത്രത്തില്‍ അസീമാനന്ദ്, സുനില്‍ ജോഷി, ശര്‍മ്മ, ഡാങ്കെ, കല്‍സങ്ര എന്നിവരുടെ പേരുകളുണ്ട്. ഇന്ദ്രേഷിന്റെ പേര് കുറ്റപത്രത്തില്‍ മൂന്നിടത്ത് പരാമര്‍ശിക്കുന്നുണ്ടെങ്കിലും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. 2005-06 കാലയളവുകളിലായി കേസിലെ പ്രതികളില്‍ പലരുമായും വിവിധ സ്ഥലത്ത് ഇന്ദ്രേഷ്കുമാര്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയതിന് എന്‍ഐഎക്ക് തെളിവുണ്ട്. പണം നല്‍കിയത് ഇന്ദ്രേഷാണെന്നും ബോംബിനു പകരം ബോംബ് എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ സ്ഫോടനം നടത്താന്‍ തീരുമാനിച്ചതെന്നും അസീമാനന്ദ് പറഞ്ഞിരുന്നു. മുതിര്‍ന്ന ആര്‍എസ്എസ് ഭാരവാഹികളുടെ അറിവോടെയായിരുന്നു പ്രവര്‍ത്തനമെന്നും അസിമാനന്ദ് വെളിപ്പെടുത്തി. അഭിഭാഷകന്റെ നിര്‍ദേശപ്രകാരം ഈ മൊഴി അസീമാനന്ദ് തിരുത്തി. എന്നാല്‍, മജിസ്ട്രേട്ടിന് മുന്നില്‍ നടത്തിയ കുറ്റസമ്മതം നിയമത്തിനു മുന്നില്‍ വിലപ്പെട്ടതെന്ന് നിയമവിദഗ്ധര്‍ പറയുന്നു. ഇതൊക്കെയായിട്ടും ഇന്ദ്രേഷിനെ ഒഴിവാക്കുകയും മുതിര്‍ന്ന ആര്‍എസ്എസ് നേതാക്കളിലേക്ക് അന്വേഷണം എത്താതിരിക്കുകയും ചെയ്തു.
(എം പ്രശാന്ത്)
deshabhimani 250113
Labels:
സംഘപരിവാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment