Tuesday, January 29, 2013
പ്രത്യേക സംഘത്തിന് മൊഴി നല്‍കാതിരുന്നത് പൊലീസിനെ ഭയന്ന്: സൂര്യനെല്ലി പെണ്‍കുട്ടി
കോട്ടയം: ഓഫീസില്‍ സഹപ്രവര്‍ത്തകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച പരാതിയില്‍ പ്രത്യേക അന്വേഷണസംഘത്തിന് മൊഴി നല്‍കാതിരുന്നത് പൊലീസിനെ ഭയന്നിട്ടാണെന്ന് സൂര്യനെല്ലി പെണ്‍കുട്ടിയും കുടുംബവും. തന്റെ അഭിഭാഷകയുടെ സാന്നിധ്യത്തില്‍ മാത്രമേ മൊഴി നല്‍കാന്‍ കഴിയൂ എന്ന് പെണ്‍കുട്ടി കഴിഞ്ഞദിവസം അന്വേഷണസംഘത്തോട് വ്യക്തമാക്കിയിരുന്നു. "അവള്‍ക്ക് ഇപ്പോഴും ഭയമുണ്ട്, പൊലീസ് അറസ്റ്റ് ചെയ്യാനാണോ വിളിപ്പിക്കുന്നതെന്ന് അറിയില്ലല്ലോ" പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.
എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിലുള്ളവര്‍ കഴിഞ്ഞദിവസം മൊഴിയെടുക്കാന്‍ പെണ്‍കുട്ടി ജോലി ചെയ്യുന്ന നാഗമ്പടത്തെ ഓഫീസില്‍ എത്തിയിരുന്നു. ചങ്ങനാശേരിയില്‍ ആദായനികുതി ഓഫീസില്‍ ജോലി ചെയ്യവേ ആയിരുന്നു പീഡനശ്രമം. ഓഫീസ് സമയം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ഉന്നതഉദ്യോഗസ്ഥന്‍ കൈയ്ക്കുപിടിച്ച് തിരിക്കുകയും അപമാനിക്കാന്‍ ശ്രമിച്ചെന്നും ഇത് എതിര്‍ത്തപ്പോള്‍ തന്നെ കള്ളക്കേസില്‍ കുടുക്കിയെന്നുമായിരുന്നു പെണ്‍കുട്ടിയുടെ പരാതി. പണംതിരിമറിയുടെ പേരില്‍ ആരോപണവിധേയമായ പെണ്‍കുട്ടിയെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. സുപ്രീംകോടതിയില്‍ ആരംഭിക്കുന്ന സൂര്യനെല്ലി കേസിന്റെ അന്തിമവാദത്തില്‍ തങ്ങള്‍ക്ക് നീതിലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും പിതാവ് പറഞ്ഞു. ജനാധിപത്യമഹിളാ അസോസിയേഷന്‍ നിയോഗിച്ച അഭിഭാഷകന്‍ കേസ് നന്നായി നടത്തുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സൂര്യനെല്ലി കേസില്‍ സര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണം: പി കെ ശ്രീമതി
തിരു: സൂര്യനെല്ലി പെണ്‍വാണിഭ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി ആവശ്യപ്പെട്ടു. പെണ്‍കുട്ടിയുടെ രക്ഷിതാവ് ആവശ്യപ്പെട്ട അഭിഭാഷകനെപ്പോലും നിയമിക്കാന്‍ തയ്യാറാകാത്തത് ദുരൂഹമാണ്. സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിട്ടും നിസ്സംഗത തുടരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. 16 വര്‍ഷത്തിലേറെയായി നീതിക്കുവേണ്ടി പൊരുതുന്ന കുട്ടിയോടും കുടുംബത്തോടും സര്‍ക്കാര്‍ കടുത്ത നീതിനിഷേധമാണ് കാട്ടുന്നതെന്നും പ്രസ്താവനയില്‍ പറഞ്ഞു.
വര്‍മ കമീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ നടപ്പാക്കണം: കെ കെ ശൈലജ
കണ്ണൂര്‍: ജസ്റ്റിസ് ജെ എസ് വര്‍മ കമീഷന്‍ റിപ്പോര്‍ട്ട് വിരല്‍ചൂണ്ടുന്നത് ഇന്ത്യന്‍ ഭരണവര്‍ഗത്തിന്റെ പരാജയത്തിലേക്കാണെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ കെ ശൈലജ പ്രസ്താവനയില്‍ പറഞ്ഞു. സ്ത്രീകളുടെ സുരക്ഷയും അവകാശവുമായി ബന്ധപ്പെട്ട് പുരോഗമനപരമായ നിരവധി നിര്‍ദേശങ്ങളാണ് കമീഷന്‍ മുന്നോട്ടുവച്ചത്. മഹിളാ അസോസിയേഷന്‍ നല്‍കിയ ശുപാര്‍ശകളില്‍ മിക്കതും കമീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലും ക്രിമിനല്‍ നടപടിച്ചട്ടങ്ങളിലും തെളിവുനിയമത്തിലും അനിവാര്യമായ നിരവധി ഭേദഗതികള്‍ കമീഷന്‍ ശുപാര്‍ശ ചെയ്യുന്നു. ഇന്ത്യന്‍ സമൂഹവും മതപരമായ ആചാരാനുഷ്ഠാനങ്ങളുമെല്ലാം സ്ത്രീകളുടെ മൗലികാവകാശങ്ങള്‍ നിഷേധിക്കുന്നതായി നിരീക്ഷിച്ച കമീഷന്‍ സ്ത്രീയുടെ സ്വാതന്ത്ര്യം പുരുഷന്റെ ദാനമല്ലെന്നും അവകാശമാണെന്നും പറയുന്നു. ശിക്ഷ സംബന്ധിച്ച് വളരെ വിശദമായ നിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. ഈ റിപ്പോര്‍ട്ട് അടിയന്തരമായി നടപ്പാക്കുകയാണെങ്കില്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ സ്ത്രീസുരക്ഷയിലും അവകാശസംരക്ഷണത്തിലും വിപ്ലവകരമായ മുന്നേറ്റമുണ്ടാകും. എത്രയും വേഗം റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് കെ കെ ശൈലജ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
സ്ത്രീകള്‍ക്കെതിരായ അതിക്രമം: ബഹുജനസംഘടനകള്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കും
ന്യൂഡല്‍ഹി: ജസ്റ്റിസ് വര്‍മ സമിതി നിര്‍ദേശങ്ങള്‍ എത്രയുംവേഗം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ അസോസിയേഷന്‍, ഡിവൈഎഫ്ഐ, എസ്എഫ്ഐ, സിഐടിയു സംഘടനകള്‍ പ്രധാനമന്ത്രിക്ക് നിവേദനം സമര്‍പ്പിക്കും. ആയിരക്കണക്കിന് ആളുകളുടെ ഒപ്പോടുകൂടിയാകും നിവേദനം സമര്‍പ്പിക്കുക. ഒപ്പുശേഖരണം റിപ്പബ്ലിക് ദിനത്തില്‍ ആരംഭിച്ചു. അടുത്ത പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതു വരെ തുടരും. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചുള്ളതാണ് പ്രധാനമന്ത്രിക്കുള്ള നിവേദനം. സ്ത്രീകള്‍ക്കെതിരായ അതിക്രമക്കേസുകളില്‍ വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കുക, മൂന്നുമാസത്തിനകം ശിക്ഷ വിധിക്കുക, കൂട്ടബലാത്സംഗം, കുട്ടികളെ ബലാത്സംഗം ചെയ്യുക, കസ്റ്റഡിയില്‍ വച്ചുള്ള ബലാത്സംഗം തുടങ്ങിയ കേസുകളില്‍ ജീവപര്യന്തം നിര്‍ബന്ധമാക്കുക എന്നീ ആവശ്യങ്ങള്‍ നിവേദനത്തിലുണ്ട്.
deshabhimani
Labels:
സമൂഹം,
സ്ത്രീ,
സ്ത്രീസംഘടന
Subscribe to:
Post Comments (Atom)
No comments:
Post a Comment