Friday, January 25, 2013

റേഷന്‍ മണ്ണെണ്ണയ്ക്ക് വീണ്ടും വിലകൂട്ടി


റേഷന്‍ മണ്ണെണ്ണയുടെ വില വീണ്ടും ഒരു രൂപ വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. വിലവര്‍ധന ഈ മാസം ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. കര്‍ഷകര്‍ക്ക് കൃഷി പെര്‍മിറ്റില്‍ നല്‍കിയിരുന്ന മണ്ണെണ്ണ വിതരണവും ഈ വര്‍ഷം മുതല്‍ ലഭിക്കില്ല. ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഇത് അഞ്ചാം തവണയാണ് റേഷന്‍ മണ്ണെണ്ണയ്ക്ക് വില കൂട്ടുന്നത്. കഴിഞ്ഞ ഡിസംബറിലാണ് അവസാനമായി 50 പൈസ കൂട്ടിയത്. ഒരുരൂപകൂടി വര്‍ധിച്ചതോടെ ലിറ്ററിന് 17 രൂപ വരെ നല്‍കണം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പത്തുരൂപയില്‍ താഴെയായിരുന്നു ഒരു ലിറ്റര്‍ റേഷന്‍ മണ്ണെണ്ണയുടെ വില. ഇതാണ് ഘട്ടം ഘട്ടമായി വര്‍ധിപ്പിച്ച് 17 രൂപയില്‍ എത്തിച്ചത്. വിതരണം ചെയ്തിരുന്ന മണ്ണെണ്ണയുടെ അളവ് വിവിധ ഘട്ടങ്ങളിലായി സര്‍ക്കാര്‍ കാര്യമായി വെട്ടികുറയ്ക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് രണ്ടു ലിറ്റര്‍ മണ്ണെണ്ണ ലഭിച്ചവര്‍ക്ക് നിലവില്‍ അര ലിറ്റര്‍ മാത്രമാണുള്ളത്. വൈദ്യുതീകരിക്കാത്ത വീടുകള്‍ക്കുള്ള ആറു ലിറ്റര്‍ നാലായും ചുരുക്കി.

എല്ലാ വര്‍ഷവും ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവിലാണ് കര്‍ഷകര്‍ക്കുള്ള മണ്ണെണ്ണ നല്‍കാറ്. കൃഷിവകുപ്പ് അനുവദിക്കുന്ന കാര്‍ഷിക പെര്‍മിറ്റുള്ളവര്‍ക്കാണ് ഇത്തരത്തില്‍ മണ്ണെണ്ണ അനുവദിക്കുക. ഏക്കറിന് 10 ലിറ്റര്‍ എന്ന നിലയിലാണ് മുന്‍കാലങ്ങളില്‍ നല്‍കിയിരുന്നത്. കേന്ദ്രസര്‍ക്കാര്‍ മണ്ണെണ്ണ ക്വോട്ട വെട്ടിക്കുറച്ചതിനാല്‍ ഈ വര്‍ഷം മുതല്‍ മണ്ണെണ്ണ വിതരണം ചെയ്യാനാവില്ലെന്ന നിലപാടിലാണ് സിവില്‍സപ്ലൈസ് വകുപ്പ്. കൃഷയിടങ്ങളില്‍ സ്ഥാപിച്ച മോട്ടോര്‍ പമ്പുകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിപ്പിക്കാന്‍ കരിഞ്ചന്തയില്‍നിന്ന് വന്‍ തുകയ്ക്ക് മണ്ണെണ്ണ വാങ്ങേണ്ട ഗതികേടിലാണ് കര്‍ഷകര്‍.

deshabhimani 250113

No comments:

Post a Comment