Friday, January 25, 2013
ജ.വര്‍മ കമ്മിറ്റി നിര്‍ദേശങ്ങള്‍ വൈകാതെ നടപ്പാക്കണം: സിപിഐ എം
ജസ്റ്റിസ് വര്‍മ കമ്മിറ്റി നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ വൈകാതെ നടപ്പാക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. ബലാത്സംഗവും ലൈംഗികാതിക്രമങ്ങളും തടയാനുള്ള നിയമത്തില്‍, റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളനുസരിച്ച് അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ത്തന്നെ ഭേദഗതിവരുത്തണം. പൊലീസ് പരിഷ്കരണം, ക്രിമിനല്‍ നിയമത്തിന്റെ പരിധിയില്‍ സൈനികരെ ഉള്‍പ്പെടുത്തല്‍, സായുധസേന പ്രത്യേക സംരക്ഷണ നിയമം പിന്‍വലിക്കല്‍, ജനപ്രാതിനിധ്യ നിയമത്തില്‍ മാറ്റം വരുത്തല്‍ തുടങ്ങിയ നിര്‍ദേശങ്ങളെക്കുറിച്ച് പരിശോധിക്കാന്‍ അന്തര്‍മന്ത്രാലയ സമിതി രൂപീകരിക്കണം. ഒരുമാസത്തിനകം ഈ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ജസ്റ്റിസ് വര്‍മ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങക്കെുറിച്ചുള്ള നടപടിറിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വയ്ക്കണമെന്നും പിബി ആവശ്യപ്പെട്ടു. വര്‍മകമ്മിറ്റി നിര്‍ദേശങ്ങളെ പിബി സ്വാഗതം ചെയ്തു. കമ്മിറ്റി റിപ്പോര്‍ട്ടും നിര്‍ദേശങ്ങളും സമഗ്രമാണെന്നും സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ നിലവിലുള്ള സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങളുടെ വിശാലമായ ചട്ടക്കൂടില്‍ കാണാന്‍ ശ്രമിച്ചിട്ടുണ്ടെന്നും പിബി പ്രസ്താവനയില്‍ പറഞ്ഞു. ഭരണം, നിയമം, രാഷ്ട്രീയം, സാമൂഹ്യമായ സമീപനം തുടങ്ങിയ പ്രശ്നങ്ങളും പരിശോധിച്ച കമ്മിറ്റി സ്ത്രീകള്‍ക്ക് നീതി ലഭിക്കാനാവശ്യമായ പരിഷ്കാരങ്ങളെക്കുറിച്ചും പറയുന്നുണ്ട്. കാലാവധിക്ക് മുമ്പ് സമഗ്രമ റിപ്പോര്‍ട്ട് സമര്‍പ്പിച്ച സമിതിയെ പിബി അഭിനന്ദിച്ചു.
നിര്‍ദേശങ്ങളോട് പ്രതികരിക്കാതെ രാഹുല്‍ഗാന്ധി; കോണ്‍ഗ്രസില്‍ അമ്പരപ്പ്
ന്യൂഡല്‍ഹി: ജസ്റ്റിസ് ജെ എസ് വര്‍മ കമ്മിറ്റി നിര്‍ദേശങ്ങളോട് പ്രതികരിക്കാതെ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഒഴിഞ്ഞുമാറി. വിശദാംശങ്ങളിലേക്ക് താനിപ്പോള്‍ കടക്കുന്നില്ലെന്നും തന്റെ പൊതുവായ അഭിപ്രായങ്ങള്‍ ജയ്പുരിലെ പ്രസംഗത്തില്‍ വിശദീകരിച്ചിട്ടുണ്ടെന്നും രാഹുല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വൈസ്പ്രസിഡന്റായി ചുമതലയേറ്റശേഷം ഭാരവാഹികളുമായുള്ള കൂടിയാലോചനയ്ക്കായി ആദ്യമായി എഐസിസി ഓഫീസിലെത്തിയതായിരുന്നു രാഹുല്‍. ഓഫീസില്‍ ഇത് തന്റെ ആദ്യ ദിനമാണ്. വിശദാംശങ്ങളിലേക്ക് കടക്കാന്‍ താനിപ്പോള്‍ ആഗ്രഹിക്കുന്നില്ല. തന്റെ പ്രസംഗം എല്ലാവരും കേട്ടതാണ്. തന്റെ പൊതുവായ അഭിപ്രായങ്ങള്‍ അതിലുണ്ട്- രാഹുല്‍ പറഞ്ഞു. ഇത്ര സുപ്രധാനമായ വിഷയത്തില്‍ നിലപാട് അറിയിക്കാതെയുള്ള രാഹുലിന്റെ പിന്മാറ്റം കോണ്‍ഗ്രസ് നേതാക്കളെപ്പോലും അമ്പരപ്പിച്ചു. വിഷയം പഠിക്കുന്നതില്‍ രാഹുല്‍ പിന്നോക്കമാണെന്ന വിമര്‍ശം ശരിവയ്ക്കുന്നതാണ് ഈ ഒഴിഞ്ഞുമാറലെന്ന് ചില കോണ്‍ഗ്രസ് വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു.
deshabhimani 250113
Subscribe to:
Post Comments (Atom)
No comments:
Post a Comment