Saturday, January 26, 2013

സാംസ്കാരിക ഭീകരത: കമല്‍


വിശ്വരൂപത്തിന്റെ പ്രദര്‍ശനം തടഞ്ഞ നടപടി സാംസ്കാരികഭീകരതയാണെന്ന് സംവിധായകന്‍ കമല്‍ പ്രതികരിച്ചു. മുസ്ലിം സമുദായത്തോട് അനുഭാവമുള്ള ചിത്രമാണിതെന്നും ഇപ്പോള്‍ അമേരിക്കയിലുള്ള കമല്‍ പ്രതികരിച്ചു. അതിനിടെ, കമലിന് പിന്തുണയുമായി തമിഴ്സൂപ്പര്‍താരം രജനീകാന്തും രംഗത്തെത്തി. വിശ്വരൂപം നിരോധിക്കണമെന്ന ആവശ്യം പിന്‍വലിക്കണമെന്ന് രജനി അഭ്യര്‍ഥിച്ചു. ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തുന്ന ആളല്ല കമല്‍. സെന്‍സര്‍ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചശേഷം മുസ്ലിംസമുദായ നേതാക്കള്‍ക്ക് മാത്രമായി സിനിമയുടെ പ്രത്യേകപ്രദര്‍ശനം സംഘടിപ്പിച്ചിരുന്നതായും രജനി ഈദ് ആശംസകള്‍ അറിയിച്ച് എഴുതിയ തുറന്നകത്തില്‍ അനുസ്മരിച്ചു. തമിഴ്നാട്ടില്‍ പ്രദര്‍ശനം തടഞ്ഞ വിശ്വരൂപം ഹൈദരാബാദിലും ബംഗളൂരുവിലും വെള്ളിയാഴ്ച റിലീസ് ചെയ്തില്ല. സംഘര്‍ഷാവസ്ഥ ഒഴിവാക്കാനാണ് പ്രദര്‍ശനം വേണ്ടെന്നുവച്ചതെന്ന് വിതരണക്കാര്‍ അറിയിച്ചു.

"വിശ്വരൂപ"ത്തിനുനേരെ അക്രമം; പ്രദര്‍ശനം നിര്‍ത്തി

കൊച്ചി: കമല്‍ഹാസന്റെ പുതിയ ചിത്രമായ വിശ്വരൂപം പ്രദര്‍ശിപ്പിക്കുന്നതിനെതിരെ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ വ്യാപക ആക്രമണം. വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രത്തിന്റെ പ്രദര്‍ശനം തടസ്സപ്പെടുത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ചില തിയറ്ററുകള്‍ ആക്രമിച്ചു. തിയറ്റര്‍ ഉടമകള്‍ക്ക് ഭീഷണി ഉണ്ടായതിനെത്തുടര്‍ന്ന് പതിനഞ്ചോളം കേന്ദ്രങ്ങളില്‍ പ്രദര്‍ശനം നിര്‍ത്തി. എറണാകുളം, കൊല്ലം, പാലക്കാട്, ഇടുക്കി, കോട്ടയം ജില്ലകളിലാണ് പ്രദര്‍ശനം നിര്‍ത്തേക്കണ്ടിവന്നത്.

തീവ്രവാദസംഘടനയുടെയും ഒരുവിഭാഗം തിയറ്റര്‍ ഉടമകളുടെയും പ്രതിഷേധത്തിനിടെയാണ് വിശ്വരൂപം വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തിയത്. ബി ക്ലാസ് തിയറ്ററുകളുടെ സഹകരണത്തോടെ 86 കേന്ദ്രത്തില്‍ ചിത്രം റിലീസ്ചെയ്തിരുന്നു. ആദ്യ ഷോ കഴിഞ്ഞ ഉടനെ പലയിടത്തും പ്രതിഷേധം ഉയര്‍ന്നു. പാലക്കാട്, പട്ടാമ്പി, ചെര്‍പ്പുളശേരി, മണ്ണാര്‍ക്കാട് എന്നിവിടങ്ങളിലെ തിയറ്ററുകളില്‍ ആദ്യ ഷോയോടെ പ്രദര്‍ശനം മതിയാക്കി. മുസ്ലിംസമുദായത്തിനെതിരായ പരാമര്‍ശങ്ങളുണ്ടെന്നാണ് പോപ്പുലര്‍ ഫ്രണ്ട് ഉന്നയിക്കുന്ന ആക്ഷേപം. കൊല്ലത്തെ പാര്‍ഥാസ് തിയറ്ററിന്റെ ചില്ലുകള്‍ അക്രമികള്‍ തകര്‍ത്തു. പെരുമ്പാവൂരിലെ ജ്യോതി തിയറ്ററിലും പ്രദര്‍ശനം തടഞ്ഞു. രണ്ട് ഷോ നിറഞ്ഞ സദസ്സിലാണ് പ്രദര്‍ശിപ്പിച്ചതെന്നും പ്രേക്ഷകരില്‍ ഭൂരിഭാഗവും മുസ്ലിങ്ങളായിരുന്നെന്നും അവരാരും ആക്ഷേപം ഉന്നയിച്ചില്ലെന്നും ജ്യോതി തിയറ്റര്‍ ഉടമ വി മോഹനന്‍ പറഞ്ഞു. കൊല്ലത്തെ പത്തനാപുരം സീമ, ഓയൂര്‍ എന്‍വിപി സിനിമ എന്നിവിടങ്ങളിലും പ്രദര്‍ശനം മുടങ്ങി.

എറണാകുളം ജില്ലയില്‍ ഒമ്പതു കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്. ഇതില്‍ പട്ടിമറ്റം ജിജോയിലും ആദ്യ രണ്ട് ഷോയ്ക്കുശേഷം പ്രദര്‍ശനം അവസാനിപ്പിക്കേണ്ടിവന്നു. പാലക്കാട്ട് 11 റിലീസ് കേന്ദ്രങ്ങളില്‍ മൂന്നിടത്തു മാത്രമാണ് "വിശ്വരൂപം" പ്രദര്‍ശിപ്പിച്ചത്. രണ്ടിടത്ത് ഒരു ഷോ മാത്രം കാണിച്ചു. പ്രദര്‍ശനകേന്ദ്രങ്ങളിലേക്ക് എസ്ഡിപിഐക്കാര്‍ മാര്‍ച്ച് നടത്തി. ചിറ്റൂരില്‍ കെഎസ്എഫ്ഡിസിയുടെ ചിത്രാഞ്ജലി, വേലന്താവളം ധനലക്ഷ്മി എന്നീ തിയറ്ററുകളിലേക്ക് മാര്‍ച്ച് നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ശ്രീദേവി ദുര്‍ഗയില്‍ രാവിലത്തെ പ്രദര്‍ശനത്തിനുശേഷം നിര്‍ത്തി. ഒറ്റപ്പാലത്ത് പൊലീസ് കാവലില്‍ ഒരു പ്രദര്‍ശനമേ ഉണ്ടായുള്ളൂ. മറ്റിടങ്ങളിലൊന്നും പ്രദര്‍ശനം നടന്നില്ല. ചിലയിടങ്ങളില്‍ പ്രദര്‍ശനം തുടങ്ങി ഒരു മണിക്കൂര്‍ കഴിഞ്ഞാണ് പ്രതിഷേധക്കാര്‍ എത്തി മുടക്കിയത്. എ ക്ലാസ് തിയറ്ററുകള്‍ ബഹിഷ്കരിച്ചതിനെത്തുടര്‍ന്ന് ബി ക്ലാസ് തിയറ്റര്‍ ഉടമകളുടെ സംഘടനയായ എക്സിബിറ്റേഴ്സ് അസോസിയേഷന്റെ 75 തിയറ്ററും നാല് മള്‍ട്ടിപ്ലക്സുകളും ഏഴ് സര്‍ക്കാര്‍ തിയറ്ററുകളും ഉള്‍പ്പെടെ 86 തിയറ്ററിലാണ് വിശ്വരൂപം റിലീസ് ചെയ്തത്.

അസഹിഷ്ണുത: പിണറായി 

No comments:

Post a Comment