Monday, January 28, 2013

കാസര്‍കോട് ജില്ലാ ബാങ്കില്‍ യുഡിഎഫ്- ബിജെപി സഖ്യം


കാസര്‍കോട് ജില്ലാ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ പരസ്യമായി യുഡിഎഫ്-ബിജെപി സഖ്യം. മത്സരം നടക്കുന്ന 14 സീറ്റില്‍ നാലെണ്ണം യുഡിഎഫ് ബിജെപിക്ക് നല്‍കി. ജില്ലയില്‍ 35 സഹകരണ സംഘങ്ങളാണ് ബിജെപി ഭരിക്കുന്നത്. 106 വ്യാജ സംഘങ്ങളെ ചേര്‍ത്തിട്ടും യുഡിഎഫിന് തനിച്ച് ഭൂരിപക്ഷമില്ലെന്നുവന്നപ്പോഴാണ് ബിജെപിയുമായി ധാരണയുണ്ടാക്കിയത്. പത്തിനാണ് തെരഞ്ഞെടുപ്പ്. യുഡിഎഫില്‍ കോണ്‍ഗ്രസ് എട്ട് സീറ്റിലും മുസ്ലിംലീഗും സിഎംപിയും ഓരോ സീറ്റിലുമാണ് മത്സരിക്കുന്നത്. അഞ്ച് സീറ്റാണ് ബിജെപി ചോദിച്ചത്. വ്യാഴാഴ്ച രാത്രി കോണ്‍ഗ്രസ് ജില്ലാ നേതാക്കളുമായി നടന്ന ചര്‍ച്ചയിലാണ് നാലു സീറ്റിന് ധാരണയായത്.

കെപിസിസിയുടെ അനുമതിയോടെയാണ് സഖ്യമുണ്ടാക്കിയതെന്ന് കോണ്‍ഗ്രസ് ജില്ലാ നേതാക്കള്‍ പറഞ്ഞു. ബിജെപി സഖ്യത്തിനുവേണ്ടി കോണ്‍ഗ്രസ് വനിതാ സ്ഥാനാര്‍ഥിയുടെ നോമിനേഷന്‍ വ്യാജ ഒപ്പിട്ട് പിന്‍വലിച്ചതായും പരാതിയുയര്‍ന്നു. പെരിയ ചാലിങ്കാല്‍ വനിതാ സഹകരണ സംഘം പ്രസിഡന്റ് പത്മിനിയുടെ നോമിനേഷനാണ് അവരറിയാതെ പിന്‍വലിച്ചത്. തന്നെയാണ് പാര്‍ടി സ്ഥാനാര്‍ഥിയായി തീരുമാനിച്ചതെന്നും പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നും പത്മിനി പറഞ്ഞു. താനറിയാതെ ആരോ കള്ള ഒപ്പിട്ടാണ് നോമിനേഷന്‍ പിന്‍വലിച്ചതെന്നും ഇവര്‍ കെപിസിസി നേതൃത്വത്തിന് നല്‍കിയ പരാതിയില്‍ പറഞ്ഞു. മുമ്പും കാസര്‍കോട് ജില്ലയില്‍ യുഡിഎഫ് ബിജെപിയുമായി സഖ്യമുണ്ടാക്കിയിട്ടുണ്ട്. വിവാദമായപ്പോള്‍ മുസ്ലിംലീഗ് സഖ്യത്തില്‍നിന്ന് പിന്മാറിയിരുന്നു. എന്നാലിപ്പോള്‍, ലീഗും സഖ്യത്തോടൊപ്പമാണ്. ലീഗിലെ ഇ അബൂബക്കര്‍ഹാജിയാണ് മത്സരിക്കുന്നത്. ബിജെപിയുടെ സഹകാര്‍ ഭാരതി അഖിലേന്ത്യാ സെക്രട്ടറി കരുണാകരന്‍ നമ്പ്യാര്‍, ജില്ലാ പ്രസിഡന്റ് ഐത്തപ്പ മൗവ്വാര്‍, എന്‍ കൃഷ്ണകുമാര്‍, പി ഗീത എന്നിവരാണ് യുഡിഎഫ് സഖ്യത്തിലെ ബിജെപി സ്ഥാനാര്‍ഥികള്‍. മുന്‍ ഡിസിസി പ്രസിഡന്റ് കെ വെളുത്തമ്പു, മുന്‍ ജില്ലാ ബാങ്ക് പ്രസിഡന്റ് പി സി രാമന്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ കോ-ലീ-ബി സഖ്യത്തില്‍ മത്സരിക്കുന്നുണ്ട്. 16 സീറ്റുള്ളതില്‍ പ്രൊഫഷണല്‍ വിഭാഗത്തിലെ രണ്ടുപേര്‍ക്ക് എതിരില്ല. എല്‍ഡിഎഫിലെ വി കെ ബാലകൃഷ്ണനും യുഡിഎഫിലെ മാധവന്‍ നായരുമാണ് എതിരില്ലാതെ വിജയിച്ചത്. എല്‍ഡിഎഫില്‍ 12 സീറ്റില്‍ സിപിഐ എമ്മും രണ്ടു സീറ്റില്‍ സിപിഐയും മത്സരിക്കുന്നു.

deshabhimani 280113

No comments:

Post a Comment