Tuesday, January 29, 2013

കെഎസ്ആര്‍ടിസിയെ സംരക്ഷിക്കാന്‍ സെക്രട്ടറിയറ്റിലേക്ക് എല്‍ഡിഎഫ് മാര്‍ച്ച്


കെഎസ്ആര്‍ടിസിയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് സെക്രട്ടറിയറ്റിലേക്ക് ജനകീയ മാര്‍ച്ച് നടത്തി. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനംചെയ്തു. കെഎസ്ആര്‍ടിസിയെ തകര്‍ക്കുന്ന നയങ്ങള്‍ തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. പാളയം രക്തസാക്ഷി മണ്ഡപത്തിനു സമീപത്തുനിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിനാളുകള്‍ അണിനിരന്നു.

നാല്‍പ്പതുലക്ഷത്തിലേറെ യാത്രക്കാര്‍ ആശ്രയിക്കുന്ന പൊതുയാത്രാസംവിധാനമാണ് വികലനയത്തിലൂടെ തകരുന്നത്. ഏകദേശം 40,000 ജീവനക്കാരും 37,000 പെന്‍ഷന്‍കാരും ഈ വ്യവസായത്തെ ആശ്രയിച്ചുകഴിയുന്നുണ്ട്. യാത്രാക്ലേശത്തിന്റെ മറവില്‍ ദേശസാല്‍ക്കൃതറൂട്ടില്‍ ഉള്‍പ്പെടെ സ്വകാര്യ പെര്‍മിറ്റ് നല്‍കി സ്വകാര്യവല്‍ക്കരണം ത്വരിതപ്പെടുത്താനാണ് നീക്കം. ഇങ്ങനെ 1000 ബസ് സര്‍വീസ് ഇല്ലാതാകുമ്പോള്‍ ഏഴായിരത്തിലേറെ ജീവനക്കാരാണ് തൊഴില്‍രഹിതരാവുക. വന്‍കിട ഉപയോക്താവ് എന്ന പ്രശ്നം തരണംചെയ്യാന്‍ പ്രാദേശികമായി ഡീസല്‍ അടിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കണം. സിപിഐ നിയമസഭാ കക്ഷി നേതാവ് സി ദിവാകരന്‍ എംഎല്‍എ അധ്യക്ഷനായി. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, മാത്യു ടി തോമസ്, വി സുരേന്ദ്രന്‍പിള്ള, അമ്പലത്തറ ശ്രീധരന്‍നായര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ഉഴവൂര്‍ വിജയന്‍ എന്നിവര്‍ സംസാരിച്ചു.

കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരെയും വേട്ടയാടുന്നു

തൃശൂര്‍: കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കിയ സര്‍ക്കാര്‍ പെന്‍ഷന്‍കാരെയും വേട്ടയാടുന്നു. ആദ്യ ആഴ്ചയില്‍ നല്‍കാറുള്ള പെന്‍ഷന്‍ ജനുവരിയില്‍ വിതരണം ചെയ്തത് 28ന്. അതെത്തുംമുമ്പ് പാലക്കാട് തേങ്കുറുശിയില്‍ എന്‍ മണി സാമ്പത്തിക പ്രയാസത്താല്‍ ജീവനൊടുക്കി. ഇതാദ്യമായാണ് സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ജീവനക്കാരന്‍ പെന്‍ഷന്‍ ലഭിക്കാതെ ആത്മഹത്യ ചെയ്യുന്നത്. പെന്‍ഷന്‍ വിതരണം ഇത്രയും താമസിക്കുന്നതും ആദ്യം. പെന്‍ഷന്‍ ബാധ്യത ഏറ്റെടുക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതാണ് ഇതിന് കാരണമെന്ന് ജീവനക്കാരുടെ സംഘടനകള്‍ ചൂണ്ടിക്കാട്ടി.

കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ച 37,000 പേരാണുള്ളത്. പെന്‍ഷന് 31 കോടി രൂപ പ്രതിമാസം വേണം. വിവിധ ബാധ്യതകള്‍ കൂടിയതിനാല്‍ കെടിഡിഎഫ്സിയില്‍ നിന്നും മറ്റും കടം വാങ്ങിയാണ് പെന്‍ഷനും ശമ്പളവും നല്‍കുന്നത്. കെടിഡിഎഫ്സിയിലെ കടം മാത്രം 1100 കോടി രൂപ കവിഞ്ഞു. ഇതിന്റെ പ്രതിമാസ ഗഡുവും പലിശയും കൂടി 27 കോടി രൂപ അടയ്ക്കണം. ഇതിനു പുറമെ മാസം 15 കോടി രൂപയുടെ അധിക ബാധ്യതയാണ് ഡീസല്‍ വിലവര്‍ധനയിലൂടെ ഉണ്ടായത്. ഇപ്പോള്‍ പെന്‍ഷന്‍ മുടങ്ങിയപോലെ ശമ്പളവും മുടങ്ങിയേക്കുമെന്ന ഭയത്തിലാണ് നാല്‍പ്പതിനായിരത്തോളം വരുന്ന ജീവനക്കാര്‍. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കാനുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കെഎസ്ആര്‍ടിഇഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് ജേക്കബ് പറഞ്ഞു. കെടിഡിഎഫ്സിക്കു നല്‍കാനുള്ള വായ്പബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്താലേ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാനാകൂവെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 290113

No comments:

Post a Comment