Wednesday, January 30, 2013

എസ്എസ്എ 343 കോടി ലാപ്സാക്കി


സര്‍വശിക്ഷാ അഭിയാന്‍ (എസ്എസ്എ) പദ്ധതിയില്‍ കേന്ദ്രസര്‍ക്കാര്‍ ഈ അധ്യയന വര്‍ഷത്തേക്ക് അനുവദിച്ച 543 കോടി രൂപയില്‍ 343 കോടിയും ചെലവഴിക്കാതെ സര്‍ക്കാര്‍ നഷ്ടമാക്കി. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും മുഴുവന്‍ വിദ്യാലയങ്ങളിലെയും എട്ടാം ക്ലാസ് വരെയുള്ള പഠനിലവാരം ഉയര്‍ത്താനുമായി നടപ്പാക്കുന്ന പദ്ധതി യുഡിഎഫ് അധികാരത്തിലെത്തിയതോടെയാണ് വഴിമുട്ടിയത്. അധ്യയനവര്‍ഷം അവസാനിക്കാന്‍ രണ്ടുമാസമാണ് അവശേഷിക്കുന്നത്. പരീക്ഷാ കാലമായതിനാല്‍ പണം ചെലവഴിക്കാന്‍ എസ്എസ്എയ്ക്ക് പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യാനാകില്ല. കഴിഞ്ഞ അധ്യയനവര്‍ഷം അനുവദിച്ച 473 കോടി രൂപയില്‍200 കോടിയും ചെലവഴിക്കാതെ കേരളം നഷ്ടപ്പെടുത്തിയിരുന്നു. രണ്ട് അധ്യയന വര്‍ഷംകൊണ്ട് നഷ്ടമാക്കിയത് അഞ്ഞൂറു കോടിയിലേറെ രൂപ.

വിദ്യാഭ്യാസവകുപ്പ് കൈയാളുന്ന മുസ്ലിംലീഗിന്റെ സമ്പൂര്‍ണ നിയന്ത്രണത്തില്‍ എസ്എസ്എയെ കൊണ്ടുവന്നതോടെയാണ് പൊതുവിദ്യാഭ്യാസമേഖലയുടെ മുഖച്ഛായ മാറ്റുമായിരുന്ന പദ്ധതി നിശ്ചലമായത്. ലീഗിന്റെ വിദ്യാഭ്യാസ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മനംമടുത്ത് എസ്എസ്എ ഡയറക്ടര്‍ രാമാനുജന്‍ മൂന്നുമാസം മുമ്പ് രാജിവച്ചു. വിദ്യാഭ്യാസ വിദഗ്ധരെയും ഡയറ്റ് അധ്യാപകരെയും സഹകരിപ്പിച്ച് വിജയകരമാക്കിയ പദ്ധതിയിലെ മുഴുവന്‍ കോ-ഓഡിനേറ്റര്‍മാരെയും പ്രോഗ്രാം ഓഫീസര്‍മാരെയും സര്‍ക്കാര്‍ കൂട്ടത്തോടെ പിരിച്ചുവിട്ടത് പ്രതിസന്ധി രൂക്ഷമാക്കി. അധ്യാപകര്‍ക്ക് മാസംതോറും ക്ലസ്റ്റര്‍ പരിശീലനം നല്‍കണമെന്നാണ് വ്യവസ്ഥ. 1135 ക്ലസ്റ്ററാണ് സംസ്ഥാനത്തുള്ളത്. ഈ വര്‍ഷം ഒരു ക്ലസ്റ്റര്‍ പരിശീലനമേ നടന്നുള്ളൂ. അതും പ്രഹസനമായി. രണ്ട് ദിവസത്തെ പരിശീലനം നിശ്ചയിച്ചെങ്കിലും പരിശീലകരില്ലാത്തതിനാല്‍ മുടങ്ങി. 159 ബ്ലോക്ക് റിസോഴ്സ് സെന്ററും (ബിആര്‍സി) നഗരങ്ങളിലെ എട്ട് അര്‍ബന്‍ റിസോഴ്സ് സെന്ററും(യുആര്‍സി) നാഥനില്ലാത്ത അവസ്ഥയിലാണ്. എസ്എസ്എ ഡയറക്ടര്‍ രാജിവച്ച് മൂന്ന് മാസം പിന്നിട്ടിട്ടും പുതിയ ഡയറക്ടറെ നിയമിച്ചിട്ടില്ല. ചുമതല വഹിക്കുന്ന അഡീഷണല്‍ ഡയറക്ടറാകട്ടെ എട്ടുവര്‍ഷം മുമ്പ് പദ്ധതി ആവിഷ്കരിക്കുന്ന ഘട്ടം മുതല്‍ വിവാദങ്ങളില്‍ മുങ്ങിയ ആളുമാണ്. ഇദ്ദേഹത്തിന്റെ നിയന്ത്രണത്തിലായതോടെ പ്രാദേശിക മുസ്ലിംലീഗ് പ്രവര്‍ത്തകരുടെ താവളമായി എസ്എസ്എ ആസ്ഥാനം മാറി.
(എം വി പ്രദീപ്)

4614 സ്കൂള്‍ ലാഭകരമല്ലെന്ന് സര്‍ക്കാര്‍

തിരു: സംസ്ഥാനത്തെ 4614 സ്കൂള്‍ ലാഭകരമല്ലെന്ന് സര്‍ക്കാര്‍. ആകെ വിദ്യാലയങ്ങളുടെ 37 ശതമാനമാണിത്. 2271 സര്‍ക്കാര്‍ സ്കൂളും 2343 എയ്ഡഡ് സ്കൂളുമാണ് പട്ടികയില്‍. വിവരാവകാശ രേഖയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ലാഭകരമല്ലാത്തവയില്‍ 3701 എണ്ണവും പ്രാഥമിക വിദ്യാലയങ്ങളാണ്. പത്തില്‍ താഴെമാത്രം വിദ്യാര്‍ഥികളുള്ള 60 സ്കൂളും 25ല്‍ താഴെ വിദ്യാര്‍ഥികളുള്ള 538 സ്കൂളും കേരളത്തിലുണ്ട്. ലാഭകരമല്ലാത്ത സ്കൂളുകളിലെ കുട്ടികളില്‍ 21 ശതമാനവും (55,231 പേര്‍) ദളിത്-ആദിവാസി വിഭാഗങ്ങളില്‍പ്പെട്ടതാണ്. സംസ്ഥാനത്തെ 80 ശതമാനം പ്രാഥമിക വിദ്യാലയങ്ങളും ലാഭകരമല്ലാത്തവയുടെ പട്ടികയിലാണ്.


എയ്ഡഡ് പദവി: യുഡിഎഫില്‍ ഭിന്നതയുണ്ട്- തങ്കച്ചന്‍

തിരു: മലബാറിലെ 33 സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് മന്ത്രിസഭയാണെന്നും ഇക്കാര്യത്തില്‍ യുഡിഎഫില്‍ രണ്ട് അഭിപ്രായമുണ്ടെന്നും കണ്‍വീനര്‍ പി പി തങ്കച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍, പ്രോ വൈസ് ചാന്‍ലസര്‍ നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒരു പാക്കേജായി എടുക്കാന്‍ യുഡിഎഫ് തീരുമാനിച്ചു. ഇതില്‍ സാമുദായികതാല്‍പ്പര്യം പരിഗണിക്കും. കൊച്ചി, മലബാര്‍, തിരുവിതാംകൂര്‍, കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡുകളില്‍ അംഗങ്ങളെ നിയമിക്കുന്നതില്‍ കെ എം മാണിയും മുസ്ലിംലീഗും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ ഡീസല്‍ സബ്സിഡി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സംഘം പ്രധാനമന്ത്രിയെ കാണും. നെല്ലിയാമ്പതി ഉപസമിതി റിപ്പോര്‍ട്ട്, പട്ടയവിതരണം, പരിയാരം തുടങ്ങിയ വിഷയങ്ങള്‍ 11ന് ചേരുന്ന യുഡിഎഫ് യോഗം ചര്‍ച്ച ചെയ്യും. നെല്‍വയല്‍ സംരക്ഷണ നിയമ ഭേദഗതി ചര്‍ച്ച ചെയ്തില്ലെന്നും തങ്കച്ചന്‍ പറഞ്ഞു.


deshabhimani 300113

No comments:

Post a Comment