Thursday, January 24, 2013

ബ്രഹ്മപുരം, നല്ലളം വൈദ്യുതിക്ക് രണ്ടര രൂപ ചെലവ് കൂടി


വന്‍കിട സ്ഥാപനങ്ങള്‍ക്കുള്ള ഡീസല്‍ സബ്സിഡി നിര്‍ത്തലാക്കിയതോടെ ഡീസല്‍ ഉപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ബ്രഹ്മപുരം, നല്ലളം നിലയങ്ങള്‍ കിതയ്ക്കുന്നു. സബ്സിഡി നിര്‍ത്തലാക്കിയ ജനുവരി 18 മുതല്‍ ഇവയുടെ ഉല്‍പ്പാദനച്ചെലവില്‍ യൂണിറ്റിന് രണ്ടരരൂപ വര്‍ധിച്ചു. 11 രൂപയില്‍നിന്ന് 13.50 ആയി ഉയര്‍ന്നു. വര്‍ധന വൈകാതെ സര്‍ചാര്‍ജായി ഈടാക്കുമെന്നതിനാല്‍ ഈ ഭാരവും ജനങ്ങളുടെ തലയിലാകും. നേരത്തെ, ലിറ്ററിന് 42 രൂപയ്ക്കാണ് ഡീസല്‍ നല്‍കിയതെങ്കില്‍ കഴിഞ്ഞ 18 മുതല്‍ 51.97 രൂപയാണ് വില. നികുതി കുറവായതിനാലാണ് കെഎസ്ആര്‍ടിസിക്കുള്ള നിരക്കിലേക്ക് ഇത് എത്താതിരുന്നത്.

ബ്രഹ്മപുരത്ത് ചൊവ്വാഴ്ച ഉല്‍പ്പാദിപ്പിച്ചത് 3.4 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. നിലയത്തിലെ ഒരു ദിവസത്തെ ഉല്‍പ്പാദനലക്ഷ്യം നാലുലക്ഷം യൂണിറ്റാണ്. ഈ കണക്കനുസരിച്ച് ഉല്‍പ്പാദനച്ചെലവ് പ്രതിദിനം 10 ലക്ഷം രൂപ വര്‍ധിച്ചു. ഒരു മാസത്തെ അധികച്ചെലവ് മൂന്നു കോടി രൂപയും. നല്ലളം ഡീസല്‍ നിലയത്തില്‍ ചൊവ്വാഴ്ച ഉല്‍പ്പാദിപ്പിച്ചത് 20.4 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. അവിടെ പ്രതിദിനം 51 ലക്ഷവും ഒരു മാസം 15.30 കോടി രൂപയും വര്‍ധനയുണ്ട്. ബ്രഹ്മപുരത്തെ അപേക്ഷിച്ച് നല്ലളത്ത് ഡീസലിനുപുറമെ എല്‍എസ്എച്ച്എസ് ഇന്ധനവും ലഭിക്കുന്നതിനാല്‍ ആഘാതം കുറവാണ്. എല്‍എസ്എച്ച്എസ് ഉപയോഗിച്ചാല്‍ ഉല്‍പ്പാദനച്ചെലവ് 11 രൂപയ്ക്കടുത്താണ്. നിലവില്‍ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ബ്രഹ്മപുരത്തിന് ഒരുലക്ഷം ലിറ്റര്‍ ഡീസല്‍ വേണം. ഒരു ലിറ്റര്‍ ഡീസലില്‍നിന്ന് നാലു യൂണിറ്റ് വൈദ്യുതി കിട്ടും. ഡീസല്‍നിരക്ക് വര്‍ധിച്ചതിനാല്‍ സ്റ്റോക്കുണ്ടായിരുന്ന എല്‍എസ്എച്ച്എസ് കൂടുതലായി ഉപയോഗിക്കുകയാണ്. ഇനി പൂര്‍ണമായും ഡീസലിലേക്ക് മാറേണ്ടിവരും. ഡീസല്‍ നിലയങ്ങളില്‍ യൂണിറ്റിന് 13 രൂപ മുടക്കി വൈദ്യുതി ഉല്‍പ്പാദിപ്പിക്കുമ്പോഴും ഊര്‍ജ എക്സ്ചേഞ്ചില്‍ ശരാശരി 6.70 രൂപയ്ക്ക് വൈദ്യുതി ലഭ്യമാണ്. ബുധനാഴ്ചത്തെ കണക്കനുസരിച്ച് ഉപയോഗം കൂടിയസമയത്തെ ശരാശരി വില യൂണിറ്റിന് 8.16 രൂപ മാത്രമാണ്. ഈ സാഹചര്യത്തില്‍ ഉല്‍പ്പാദനച്ചെലവേറിയ നിലയങ്ങളില്‍നിന്നുള്ള വൈദ്യുതി ഉല്‍പ്പാദനം നിര്‍ത്തി കുറഞ്ഞ നിരക്കില്‍ ഊര്‍ജ എക്സ്ചേഞ്ചുകളില്‍നിന്ന് വൈദ്യുതി വാങ്ങാന്‍ തയ്യാറാകണമെന്ന ആവശ്യവും ശക്തമാണ്. ഡീസല്‍ വിലവര്‍ധനമൂലം ഇത്തരം വൈദ്യുതിനിലയങ്ങളിലെ ഉല്‍പ്പാദനച്ചെലവിലുണ്ടായ വര്‍ധന സംബന്ധിച്ച് വിലയിരുത്താന്‍ ആഴ്ചയൊന്ന് പിന്നിട്ടിട്ടും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഈ മാസം അവസാനത്തോടെയേ അതുണ്ടാകൂ. ഒരുപക്ഷേ ഇവയില്‍നിന്നുള്ള ഉല്‍പ്പാദനം വെട്ടിച്ചുരുക്കിയേക്കും.
(ഷഫീഖ് അമരാവതി)

deshabhimani 240113

No comments:

Post a Comment