Monday, January 28, 2013
കേള്‍ക്കാന്‍ ഇഷ്ടമില്ലാത്തവര്‍ വീട്ടിലിരിക്കണം: മുഖ്യമന്ത്രി
ജി സുകുമാരന്‍നായരുടെ ഭീഷണിയോട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചില്ല. വലിച്ചുതാഴെയിടുമെന്നും മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ചു പറയാന്‍ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്നും സുകുമാരന്‍നായര്‍ പറഞ്ഞതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ സ്ഥാനങ്ങളിരിക്കുന്നവര്‍ ഇതൊക്കെ കേള്‍ക്കേണ്ടിവരുമെന്നും ഇല്ലെങ്കില്‍ വീട്ടിലിരിക്കണമെന്നും പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. സുകുമാരന്‍നായരുടെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ രമേശ് ചെന്നിത്തലയുമായി അഭിപ്രായവ്യത്യാസമില്ലെന്നായിരുന്നു മറുപടി. താന്‍ വിവാദത്തിനില്ല. പറയാനുള്ളതൊക്കെ നേരത്തെ പറഞ്ഞിട്ടുണ്ട്. അതു ശരിയാണെന്ന് കാലം തെളിയിക്കും.
ചെന്നിത്തലയുടെ സ്ഥാനാര്‍ഥിത്വം എന്‍എസ്എസ് തീരുമാനപ്രകാരമാണെന്ന പരാമര്‍ശത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ താനറിയാത്ത കാര്യത്തെക്കുറിച്ച് പറയുന്നില്ലെന്നായി മുഖ്യമന്ത്രി. സമുദായസംഘടനകളുടെ സമ്മര്‍ദം സമൂഹത്തില്‍ പ്രത്യാഘാതങ്ങളുണ്ടാക്കുമോയെന്ന് എല്ലാവരും ചിന്തിക്കണം. ഇടതുപക്ഷം അധികാരത്തിലിരിക്കുമ്പോള്‍ സമുദായസംഘടനകള്‍ ഇത്തരം ഭീഷണി ഉയര്‍ത്തുന്നില്ലല്ലോയെന്ന ചോദ്യത്തിന് കോണ്‍ഗ്രസ് വലിയ സംഘടനയാണെന്നായിരുന്നു പ്രതികരണം. കോണ്‍ഗ്രസിന് വന്മതിലോ അടച്ചിട്ട വാതിലോ ഇല്ല. അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ മെയ് മാസത്തിനപ്പുറം പോകില്ലെന്ന പരാമര്‍ശത്തോട്, നമുക്ക് അപ്പോഴും കാണാമെന്നായിരുന്നു പ്രതികരണം.
തന്റേടമുള്ളവര്‍ ഖണ്ഡിക്കൂ: സുകുമാരന്‍ നായര്‍
കോട്ടയം: നിയമസഭാതെരഞ്ഞെടുപ്പിന് മുമ്പുണ്ടാക്കിയ ധാരണ കോണ്‍ഗ്രസ് സംസ്ഥാനനേതൃത്വം തെറ്റിച്ചതുകൊണ്ടാണ് താന്‍ തുറന്ന പ്രസ്താവന നടത്തിയതെന്നും തന്റേടമുള്ളവര്‍ ഇത് ഖണ്ഡിക്കട്ടെയെന്നും എന്‍എസ്എസ് ജനറല്‍സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ഇനിയും ഇത്തരം വെളിപ്പെടുത്തലുകള്‍ നടത്തുമെന്നും പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് എത്തിയ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.
അഞ്ചാംമന്ത്രി വിഷയത്തിലല്ല സര്‍ക്കാരിനോട് എതിര്‍പ്പ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് കോണ്‍ഗ്രസ് കേന്ദ്രനേതൃത്വവുമായി ഉണ്ടാക്കിയ ധാരണ തെറ്റിച്ചതുകൊണ്ടാണ് അസ്വാരസ്യം ഉണ്ടായത്. ധാരണ അട്ടിമറിച്ചത് സംസ്ഥാനത്തെ ചില നേതാക്കള്‍ തന്നെയാണ്. യുഡിഎഫിന് 72 സീറ്റെങ്കിലും കിട്ടാന്‍ കാരണം ചെന്നിത്തല മത്സരരംഗത്ത് വന്നതുകൊണ്ടാണ്. അല്ലെങ്കില്‍ പ്രതിപക്ഷത്തിരുന്നേനെ. ചെന്നിത്തലയോടുള്ള ബന്ധം തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി ഇല്ല. കെപിസിസി പ്രസിഡന്റ് രമേശ്ചെന്നിത്തലയെ മത്സരിപ്പിച്ചത് എംഎല്‍എ ആക്കാന്‍ മാത്രമല്ല. എ-ഐ ഗ്രൂപ്പ് പ്രശ്നം ഇല്ലാതാക്കാന്‍ ചെന്നിത്തല താക്കോല്‍സ്ഥാനത്തെത്തണം. കോണ്‍ഗ്രസിനേയും യുഡിഎഫിനേയും നിലനിര്‍ത്തുകയാണ് എന്‍എസ്എസിന്റെ ലക്ഷ്യം. അല്ലാതെ ഗ്രൂപ്പ് വിജയിപ്പിക്കലല്ലെന്ന് അദ്ദേഹം പറഞ്ഞു.
എന്‍എസ്എസിനെ ഒതുക്കാന്‍ ലീഗ്
കോഴിക്കോട്: എന്‍എസ്എസില്‍നിന്ന് തുടര്‍ച്ചയായി വിമര്‍ശം നേരിടുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് മുസ്ലിംലീഗിന്റെ പിന്തുണ. മന്ത്രിസഭാ വികസനമടക്കമുള്ള വിഷയങ്ങളില്‍ എന്‍എസ്എസിനോട് ശക്തമായ വിയോജിപ്പാണ് ലീഗിന്. എന്‍എസ്എസിനെ മുന്‍നിര്‍ത്തിയുള്ള രമേശ് ചെന്നിത്തലയുടെ നീക്കങ്ങളെ അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് മന്ത്രിമാരടക്കമുള്ള ലീഗ് നേതാക്കള്‍. യുഡിഎഫിനകത്ത് എന്‍എസ്എസിനെതിരെ കര്‍ശനിലപാട് ആവര്‍ത്തിക്കും. മുഖ്യമന്ത്രിയെ പിന്തുണയ്ക്കാനും നേതൃതലത്തില്‍ ധാരണയായി. പ്രശ്നത്തില്‍ പരസ്യമായി പ്രതികരിക്കില്ല.
എന്‍എസ്എസിന്റെ തുടര്‍ച്ചയായ ആക്രമണത്തില്‍ അസ്വസ്ഥരാണ് ലീഗ് നേതാക്കള്‍. എന്‍എസ്എസിനെ ഒതുക്കാനുള്ള നല്ലൊരായുധമായാണ് ജി സുകുമാരന്‍ നായരുടെ പ്രസ്താവനയെ കാണുന്നത്. ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും ബന്ധപ്പെടുത്തിയുള്ള പ്രശ്നത്തില്‍ ഇടപെട്ട് സ്വാധീനവും സമ്മര്‍ദവും വിപുലമാക്കാമെന്നാണ് വിലയിരുത്തല്‍. മന്ത്രിസഭയെ താഴെയിറക്കുമെന്ന എന്‍എസ്എസ് പ്രസ്താവന വെല്ലുവിളിയായെടുക്കണമെന്ന് ലീഗ് നേതാക്കള്‍ സൂചിപ്പിക്കുന്നു. മന്ത്രി എം കെ മുനീര്‍ ഇത് പരസ്യമായി പ്രകടിപ്പിച്ചു. എന്നാല്‍ പരസ്യപ്രതികരണത്തിനില്ലെന്ന് ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പറഞ്ഞു. ഉമ്മന്‍ചാണ്ടിയെ പിന്തുണയ്ക്കുക വഴി ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ സഹായം ലീഗ് പ്രതീക്ഷിക്കുന്നു. പരസ്യമായി പിന്തുണച്ച് കോണ്‍ഗ്രസില്‍ ചേരിതിരിവുണ്ടാക്കുന്നെന്ന പഴി കേള്‍ക്കേണ്ടെന്നതിനാലാണ് തന്ത്രപരമായ സമീപനം.
എന്‍എസ്എസ് അതിരുവിടുന്നെന്ന വികാരം കുറേക്കാലമായി ലീഗ്നേതാക്കള്‍ പ്രകടിപ്പിച്ചതാണ്. അഞ്ചാംമന്ത്രി പ്രശ്നത്തില്‍ ഒറ്റപ്പെടുത്തുന്നതിലും വര്‍ഗീയമുദ്ര ചാര്‍ത്തുന്നതിലും വിദ്യാഭ്യാസവകുപ്പുമായി ബന്ധപ്പെടുത്തി അനാവശ്യവിവാദങ്ങള്‍ സൃഷ്ടിക്കുന്നതിലും എന്‍എസ്എസിന് പങ്കുണ്ടെന്ന് മുതിര്‍ന്ന നേതാക്കളടക്കം കരുതുന്നു. 33 സ്കൂളിന് എയ്ഡഡ്്പദവി തീരുമാനത്തില്‍ ലീഗ് പരസ്യമായി പ്രതികരിച്ചത് ഇതിനാലാണ്. 11 സ്കൂളിന് എയ്ഡഡ് പദവി നല്‍കിയപ്പോള്‍ മതവും ജാതിയും കാണാത്തവരാണ് എതിര്‍പ്പുമായി വന്നതെന്ന് മജീദ് പറഞ്ഞത് എന്‍എസ്എസിനെയും ചില കോണ്‍ഗ്രസ് നേതാക്കളെയും ലക്ഷ്യമിട്ടാണ്. എന്‍എസ്എസിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നിലപാടെന്ന സംശയവും ലീഗിനുണ്ട്. എന്‍എസ്എസും എസ്എന്‍ഡിപിയും കെപിസിസി നേതൃ തീരുമാനങ്ങളെയടക്കം സ്വാധീനിക്കുന്നുവെന്ന അഭിപ്രായവുമുണ്ട്. ഏറെക്കാലമായി എന്‍എസ്എസിനെതിരായുയര്‍ന്ന രോഷം തുറന്ന് പ്രകടിപ്പിക്കാനുള്ള നല്ല സന്ദര്‍ഭമായാണ് ലീഗ്നേതാക്കള്‍ ഇപ്പോഴത്തെ സാഹചര്യത്തെ കാണുന്നത്.ഉമ്മന്‍ചാണ്ടിക്കൊപ്പംനിന്ന് ഈയവസരം മുതലാക്കാനാകും ലീഗിന്റെ വരും ദിവസങ്ങളിലെ ഇടപെടല്‍.
(പി വി ജീജോ)
എന്‍എസ്എസിന് പിന്തുണയുമായി എസ്എന്‍ഡിപി
കൊല്ലം: എന്‍എസ്എസിന് പിന്തുണയുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എന്‍എസ്എസിന്റെ ആവശ്യങ്ങള്‍ ന്യായമാണെന്നും എന്‍എസ്എസ് നേതൃത്വവും യുഡിഎഫും പല കാര്യങ്ങളിലും ധാരണയിലെത്തിയിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അതേസമയം എന്‍എസ്എസ് സെക്രട്ടറി സുകുമാരന്‍ നായര്‍ തന്റെ നിലപാട് ആവര്‍ത്തിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് ഉണ്ടാക്കിയ ധാരണ തെറ്റിച്ചതാണ് അസ്വാരസ്യങ്ങള്‍ക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. താന്‍ പറയുന്നതില്‍ തെറ്റുണ്ടെന്ന് തന്റേടമുള്ളവര്‍ പറയട്ടെയെന്നും കോണ്‍ഗ്രസിനെയും യുഡിഎഫിനെയും നിലനിര്‍ത്താനാണ് എന്‍എസ്എസ് ഇടപെടുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
deshabhimani 290113
Subscribe to:
Post Comments (Atom)
No comments:
Post a Comment