Wednesday, January 30, 2013
രമേശ് 'ആയുധം'വച്ച് കീഴടങ്ങുന്നു
കൂടുതല്‍ കളിച്ചാല്‍ 'മാലിസ്റ്റെലില്‍' കളിപഠിപ്പിക്കുമെന്ന ഭരണത്തിന്റെ കൊമ്പത്തുനിന്നു തന്നെയുണ്ടായ വിരട്ടല്‍ ഫലിച്ചു. കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ സാഷ്ടാംഗ പ്രണാമത്തോടെയുള്ള കീഴടങ്ങലിന് ഇന്നലെ രാഷ്ട്രീയ കേരളം സാക്ഷ്യം വഹിച്ചു.
തന്റെ തലതൊട്ടപ്പനായി അവതരിച്ച എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെപ്പോലും തള്ളിപ്പറഞ്ഞ അദ്ദേഹം ശരീരഭാഷകൊണ്ടും രോഷാവേശപ്രകടനത്തിലൂടെയും തന്റെ ഗതികേടിന്റെ ചിത്രം വാര്‍ത്താ സമ്മേളനത്തില്‍ സ്വയംവരച്ചു കാട്ടി, നിമിഷങ്ങള്‍ക്കുള്ളില്‍ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി തിരിച്ചടിച്ചു. സമ്മര്‍ദ്ദം താങ്ങാനാവാതെ ഗതികേടുകൊണ്ടാണ് രമേശ് ചെന്നിത്തല ആ പ്രസ്താവന നടത്തിയത്.
ഗതികേടിന് ആധാരമായ സമ്മര്‍ദ്ദം ഏത് 'ആയുധ രൂപത്തി'ലാണ് കെ പി സി സി പ്രസിഡന്റിനെതിരെ പാഞ്ഞുവന്നതെന്ന് സുകുമാരന്‍ നായര്‍ തെളിച്ചു പറഞ്ഞില്ലെങ്കിലും എന്തോ 'ആയുധം'കാട്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രമേശിനെ വരുതിയിലാക്കിയെന്ന ധ്വനിയാണ് ആ വാക്കുകളില്‍ നിറഞ്ഞുനിന്നത്. സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ഫോര്‍ജിംഗ് എന്ന പൊതുമേഖലാ സ്ഥാപനം ആയുധ ഇടപാടിലെ അഴിമതിയില്‍ കുളിച്ചു നില്‍ക്കുന്നതിനെക്കുറിച്ച് സി ബി ഐ നടത്തുന്ന അന്വേഷണത്തിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നതിനിടയില്‍ രമേശ് തിരക്കിട്ടു വിളിച്ചൂകൂട്ടിയ വാര്‍ത്താ സമ്മേളനം യാദൃശ്ചികമായിരുന്നില്ല.
തന്റെ രാഷ്ട്രീയ ജീവന്മരണ പോരാട്ടത്തില്‍ എന്‍ എസ് എസിനേയും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരേയും പോലും തള്ളിപ്പറഞ്ഞതില്‍ നിന്നും രമേശ് അനുഭവിക്കുന്ന കടുത്ത സമ്മര്‍ദ്ദത്തിന്റെ ചുഴിയും മലരിയും ഊഹിക്കാവുന്നതേയുള്ളു.
തന്റെ മതേതരപ്രതിഛായ തകര്‍ക്കാന്‍ ആസൂത്രിത ഗൂഢാലോചന നടക്കുന്നുവെന്ന് രമേശ് ആരോപിച്ചു. അതു കോണ്‍ഗ്രസില്‍ നിന്നാണോ ഘടക കക്ഷികളില്‍ നിന്നാണോ അതോ പുറത്തുനിന്നാണോ എന്ന് ഒരു 'ക്ലൂ' തരാമോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോള്‍ ആ അന്വേഷണത്തിന്റെ പന്ത് മാധ്യമ മൈതാനത്തേയ്ക്കു തന്നെ അദ്ദേഹം തട്ടിക്കയറ്റിയതും കൗതുകമായി. ഹൈക്കമാന്‍ഡിനെ വരുതിയിലാക്കി എന്‍ എസ് എസിന്റെ ഉപമുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തങ്ങള്‍ കൊണ്ടുവന്നയാളാണ് രമേശ് ചെന്നിത്തലയെന്ന സുകുമാരന്‍ നായരുടെ അവകാശവാദം തെല്ലൊന്നുമല്ല രമേശിനു രാഷ്ട്രീയമായ കേടുണ്ടാക്കിയത്. കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് ഒരു എന്‍ എസ് എസുകാരനെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നതെന്ന തോന്നല്‍ കോണ്‍ഗ്രസില്‍ ഉണ്ടാക്കിയതും രമേശിനു വിനയായി.
ആ താക്കോല്‍ പ്രയോഗം പാഠഭേദത്തോടെ സുകുമാരന്‍ നായര്‍ ഏറ്റുപിടിച്ചതാണ് ഭരണരാഷ്ട്രീയത്തിലെ കൊടുങ്കാറ്റിളക്കത്തിനു കാരണമായത്. രമേശിനെ ഭരണത്തിന്റെ താക്കോല്‍ സ്ഥാനത്തിരുത്തിയില്ലെങ്കില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ വലിച്ചു താഴെയിടുമെന്ന എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിയുടെ ഭീഷണിയുടെ ബലൂണ്‍ ഇന്നലെ പക്ഷേ രമേശ് തന്നെ കുത്തിപ്പൊട്ടിച്ചതും കൗതുകമായി.
കെ പി സി സി പ്രസിഡന്റ് എന്ന നിലയില്‍ താനിപ്പോഴും താക്കോല്‍ സ്ഥാനത്തു തന്നെയാണിരിക്കുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടത് ബലികര്‍മ്മത്തിന് ദര്‍ഭയും കുചയുമില്ലെങ്കില്‍ നറുങ്ങണപ്പുല്ലായാലും മതിയെന്ന ചൊല്ലിനെയാണ് ഓര്‍മ്മിപ്പിക്കുന്നത്. ആയുധ ഇടപാടില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ ആവശ്യത്തെ സ്വാഗതം ചെയ്ത രമേശ് ഈ വാര്‍ത്ത പുറത്തുകൊണ്ടുവന്ന 'ജനയുഗ'ത്തിനെതിരേ പേരെടുത്തു പറയാതെ പുലയാട്ടു നടത്താനും ഭീഷണി മുഴക്കാനും മറന്നില്ല. എന്തായാലും വരുംനാളുകളില്‍ രമേശിന്റെ പദവിയല്ല ആയുധ ഇടപാടില്‍ അദ്ദേഹത്തിനു പങ്കുണ്ടോ ഇല്ലയോ എന്നവിഷയമായിരിക്കും കേരള രാഷ്ട്രീയത്തില്‍ കത്തിക്കാളാന്‍ പോകുന്നതെന്നും നിരീക്ഷകര്‍ പ്രവചിക്കുന്നു.
രമേശ് സമ്മര്‍ദ്ദത്തിന്റെ മുള്‍മുനയില്‍: എന്‍ എസ് എസ്
ചങ്ങനാശ്ശേരി: രമേശ് ചെന്നിത്തലയെ കോണ്‍ഗ്രസ് നേതൃത്വം സമ്മര്‍ദ്ദത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി മറുപടി പറയിപ്പിക്കുകയാണെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍. നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് എന്‍ എസ് എസും കോണ്‍ഗ്രസും തമ്മില്‍ ധാരണ ഉണ്ടാക്കിയിട്ടില്ലെന്ന രമേശിന്റെ പ്രസ്താവന ഗതികേടുകൊണ്ടാണെന്നും സുകുമാരന്‍നായര്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കടന്നുകൂടണമെങ്കില്‍ എന്‍ എസ് എസിന്റെ പിന്തുണ അനിവാര്യമാണെന്നു തോന്നിയതിനാലാണ് കോണ്‍ഗ്രസ് നേതൃത്വം തങ്ങളോടു ചര്‍ച്ച നടത്തിയത്.
ചെന്നിത്തല ഹരിപ്പാട് മത്‌സരിച്ചത് അന്നുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് സുകുമാരന്‍നായര്‍ ആവര്‍ത്തിച്ചു. ഹൈക്കമാന്‍ഡിനു മാത്രമല്ല, ഉമ്മന്‍ചാണ്ടിയ്ക്കും അതൊക്കെ നന്നായറിയാം. പക്ഷെ, മറ്റാരെയോ പ്രീണിപ്പിക്കാന്‍ അദ്ദേഹം അതെല്ലാം സൗകര്യപൂര്‍വം അറിഞ്ഞില്ലെന്നു നടിക്കുകയാണെന്ന് സുകുമാരന്‍നായര്‍ കുറ്റപ്പെടുത്തി.എന്‍ എസ് എസ് സമുദായ സംഘടനയാണെങ്കിലും ആരംഭകാലം മുതല്‍ രാജ്യതാല്പര്യം കരുതി പൊതുവിഷയങ്ങളില്‍ ഇടപെടാറുണ്ടെന്നും ആ പ്രവര്‍ത്തനശൈലിയില്‍ മാറ്റംവരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും സുകുമാരന്‍നായര്‍ പറഞ്ഞു.
എന്നാല്‍ ഏതെങ്കിലും കാര്യസാധ്യത്തിനോ ശുപാര്‍ശക്കോ ഒരു പാര്‍ട്ടിയുടെയും നേതാവിന്റെയും പിറകെപോയപാരമ്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ തനിക്ക് താല്പര്യമില്ല. ഭൂരിപക്ഷ സമുദായത്തിന്റെ പിന്തുണ നേടാന്‍ തിരഞ്ഞെടുപ്പുകാലത്ത് രമേശിന്റെ പേര് മുന്നോട്ടുവച്ചത് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം തന്നെയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
deshabhimani 300113
Subscribe to:
Post Comments (Atom)
No comments:
Post a Comment