Tuesday, January 29, 2013

എന്‍എസ്എസിനെ വിമര്‍ശിക്കാതെ ചെന്നിത്തല


തന്റെ മതേതര പ്രതിച്ഛായ തകര്‍ക്കാന്‍ ആസൂത്രിതമായ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ ആരോപണങ്ങള്‍ക്ക് മറുപടിയായി നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുകുമാരന്‍ നായരുടെ അഭിപ്രായത്തെ ചോദ്യം ചെയ്യുന്നില്ലെന്നും അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ തന്നെ വലിച്ചിഴയ്ക്കേണ്ട കാര്യമില്ലായിരുന്നെന്നും ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് ഹൈക്കമാന്റാണ് തന്നെ സ്ഥാനാര്‍ഥിയാക്കിയതെന്നും എന്‍എസ്എസുമായി കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ് ധാരണയില്ലായിരുന്നെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ അഭിപ്രായത്തെ ചെന്നിത്തല തള്ളിക്കളയാതിരുന്നത് ശ്രദ്ധേയമായി. സമുദായിക സാമൂഹ്യ സംഘടനകളും നേതാക്കളും അവരുടെ അതിര്‍വരമ്പ് വിട്ട് പ്രവര്‍ത്തിക്കുന്നത് കേരളത്തിന്റെ മതേതരത്വ കാഴ്ചപ്പാടിന് ദോഷം ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു.

ഉമ്മന്‍ചാണ്ടി മന്ത്രി സഭയിലേക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് തീരുമാന പ്രകാരമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്. മന്ത്രിസഭയിലേക്കില്ലെന്നും കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് ഉറച്ചുനില്‍ക്കുമെന്നും നേരത്തെ വ്യക്തമാക്കിയതാണ്. തന്റെ മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന ചര്‍ച്ചകളും വിവാദങ്ങളും ദൗര്‍ഭാഗ്യകരമാണ്.

40 വര്‍ഷമായി കറതീര്‍ന്ന മതേതര വാദിയായാണ് താന്‍ പൊതുജീവിതം നയിക്കുന്നത്. തെരഞ്ഞെടുപ്പുകളില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം ലഭിച്ചിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും താല്‍പര്യം സംരക്ഷിക്കാന്‍ തനിക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാമുദായിക സാംസ്കാരിക സംഘടനകളുമായി കോണ്‍ഗ്രസ് എന്നും വിശാലമായ നിലപാടാണ് സ്വീകരിച്ചത്. ഒരു സാമുദായിക സംഘടന നേതാക്കളെയും അപമാനിക്കുന്ന നിലപാട് കോണ്‍ഗ്രസിനില്ലെന്നും ചെന്നിത്തല പറഞ്ഞു.

സുകുമാരന്‍ നായരുടെ വിമര്‍ശനത്തിന് നേതൃത്വം മറുപടി പറയണമെന്ന് തിരുവഞ്ചൂര്‍

കണ്ണൂര്‍: സുകുമാരന്‍ നായരുടെ വിമര്‍ശനത്തിന് നേതൃത്വം മറുപടി പറയണമെന്ന് അഭ്യന്തമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വിമര്‍ശനത്തോട് രാഷ്ട്രീയ നേതൃത്വങ്ങളാണ് പ്രതികരിക്കേണ്ടത്. കേരളത്തില്‍ സര്‍ക്കാരുകള്‍ക്ക് നിലനില്‍ക്കാന്‍ ചില സമവാക്യങ്ങള്‍ ശരിയാകണമെന്നും കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് തിരുവഞ്ചൂര്‍ പറഞ്ഞു.

എന്‍എസ്എസ് ഇപ്പോള്‍ നടത്തിയ വിമര്‍ശനത്തിന്റെ രാഷ്ട്രീയം തനിക്കറിയില്ല. നാല്‍പാടി വാസു വധക്കേസില്‍ പുനരന്വേഷണം നടത്താനാവില്ല. 93ല്‍ നടന്ന കൊലപാതകം സംബന്ധിച്ച് 97ല്‍ വീണ്ടും അന്വേഷണം നടന്നതാണ്. അതിനാല്‍ ഇതിന് നിയമസാധുത ഇല്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.


ധാരണയില്ലെന്ന് ചെന്നിത്തല പറയുന്നത് ഗതികേടുകൊണ്ട്

കൊല്ലം: എന്‍എസ്എസുമായി കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ് ധാരണയില്ലായിരുന്നെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവന ഗതികേടുകൊണ്ടാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. ന്യൂനപക്ഷ സമുദായത്തിന്റെ പ്രതിനിധിയായി ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെത്തുമ്പോള്‍ ഭൂരിപക്ഷ സമുദായത്തിന്റെ പ്രതിനിധിയായി ചെന്നിത്തല മന്ത്രിസഭയിലുണ്ടാകുമെന്ന ധാരണ മുന്നോട്ട് വെച്ചത് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വമാണ്. അതിനാല്‍ എന്‍എസ്എസുമായുണ്ടാക്കിയ ധാരണ അട്ടിമറിച്ചതിനെക്കുറിച്ച് കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വം പ്രതികരിക്കണം.

നായരായത് കൊണ്ടല്ല ഭൂരിപക്ഷ സമുദായ അംഗത്തെ ഭരണത്തിന്റെ താക്കോല്‍ സ്ഥാനത്തെത്തിക്കാനാണ് ചെന്നിത്തലയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് പറയുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. മന്ത്രിസഭാ രൂപീകരണം മുതല്‍ അട്ടിമറി നടന്നിട്ടുണ്ട്.

ചെന്നിത്തലയെ സമ്മര്‍ദ്ദത്തിലാക്കിയാണ് ചൊവ്വാഴ്ച പത്രസമ്മേളനം നടത്തിച്ചത്. ഗതികേട് കൊണ്ടാണ് ചെന്നിത്തല പത്രസമ്മേളനം നടത്തിയത്. രമേശ് ചെന്നിത്തലയുടെ മതേതര നിലപാടിനെ എന്‍എസ്എസ് ചോദ്യം ചെയ്തിട്ടില്ല. നിലവിലെ വിവാദങ്ങള്‍ക്ക് മറപടി പറയേണ്ടത് കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വമാണെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.


deshabhimani

No comments:

Post a Comment