Thursday, January 31, 2013

കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണം: പിണറായി


എന്‍എസ്എസും കോണ്‍ഗ്രസും തമ്മില്‍ തെരഞ്ഞെടുപ്പുധാരണ ഉണ്ടാക്കിയെന്ന എന്‍എസ്എസിന്റെ അഭിപ്രായത്തെക്കുറിച്ച് കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ജാതിസംഘടനകള്‍ക്ക് എന്തു ധിക്കാരവും വിളിച്ചുപറയാനുള്ള ധാര്‍ഷ്ട്യം കൈവന്നിരിക്കയാണ്. ആഭ്യന്തരമന്ത്രിയെ ഒരു സമുദായനേതാവ് ഭള്ളുപറഞ്ഞപ്പോള്‍ അതു പറയാനുള്ള അവകാശം അദ്ദേഹത്തിനുണ്ടെന്നാണ് മന്ത്രി പ്രതികരിച്ചത്. ഇങ്ങനെ കീഴ്പ്പെടാന്‍ ഇവിടെ നാടുവാഴിത്തമാണോയെന്ന് പിണറായി ചോദിച്ചു.

ചെറിയാന്‍ ഫിലിപ്പിന്റെ "ചെറിയാന്‍ ഫിലിപ്പ് പ്രതികരിക്കുന്നു" എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍ ജാതിസംഘടനകളെ ഉപയോഗിച്ചതായി തെളിഞ്ഞിരിക്കുകയാണെന്ന് പിണറായി പറഞ്ഞു. ഇത്തരം ശക്തികളെ നിയന്ത്രിച്ചില്ലെങ്കില്‍ കേരളം വീണ്ടും ഭ്രാന്താലയമാകുന്ന അവസ്ഥയിലേക്ക് തിരിച്ചുപോകും. ജാതിക്ക് കീഴടങ്ങിയാല്‍ ഭാവിതലമുറ അപകടത്തിലാകും. കേരളത്തിന്റെ തിരിച്ചുപോക്കിന് അത് വഴിവയ്ക്കും. മതനിരപേക്ഷ നിലപാട് ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാ രാഷ്ട്രീയകക്ഷികളും തയ്യാറാകണം. ജാതീയവും മതാധിഷ്ഠിതവുമായ കേരളത്തെ സൃഷ്ടിക്കുന്നത് ഭാവിയോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റായിരിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിന് വളരെ മുമ്പുതന്നെ സമുദായ നേതാക്കളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ആലോചനകള്‍ തുടങ്ങിയെന്നാണ് സുകുമാരന്‍നായര്‍ വെളിപ്പെടുത്തിയത്. പാര്‍ടിയില്‍ സ്ഥാനം നിശ്ചയിക്കാനുള്ള അവകാശം ജാതി-മതസംഘടനകള്‍ക്ക് തീറുകൊടുത്താല്‍ എന്തായിരിക്കും സ്ഥിതി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരാളെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യവുമായി ചിലര്‍ ഞങ്ങളെ സമീപിച്ചു. സ്ഥാനാര്‍ഥി ആരാകണമെന്ന് തീരുമാനിക്കാനുള്ള അവകാശമെങ്കിലും ഞങ്ങള്‍ക്ക് വിട്ടുതരണമെന്നാണ് ഞാന്‍ ചിരിച്ചുകൊണ്ടുപറഞ്ഞത്. ഇത്തരം നിലപാടു സ്വീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. ജാതിസംഘടനകള്‍ എന്തു പറഞ്ഞാലും വേണ്ടില്ല, തല്‍ക്കാലം പിന്തുണ പോരട്ടെയെന്നാണ് അവര്‍ നിലപാടെടുത്തത്. രാജ്യത്തെ ഏറ്റവും വലിയ മതേതര പാര്‍ടിയായ കോണ്‍ഗ്രസ് മതനിരപേക്ഷ നിലപാട് പലപ്പോഴും സ്വീകരിക്കാറില്ല. കേന്ദ്ര ആഭ്യന്തരമന്ത്രിക്കെതിരെ ആര്‍എസ്എസ് ആരോപണവുമായി രംഗത്തു വന്നപ്പോള്‍ കോണ്‍ഗ്രസ് പ്രതിരോധിക്കാന്‍ തയ്യാറായില്ല. പാര്‍ടി മന്ത്രിയെ കൈയൊഴിയുകയാണ് ചെയ്തത്. ഏതെങ്കിലും ഒരു പാര്‍ടിയിലെ അസംതൃപ്തര്‍ പടച്ചുവിടുന്ന നുണക്കഥകള്‍ ഏറ്റുപറയുന്നവരായി മാധ്യമപ്രവര്‍ത്തകര്‍ മാറരുതെന്ന് പിണറായി പറഞ്ഞു.

ചാരക്കേസിന് പിന്നിലെ ഗൂഢാലോചന അനുഭവപാഠമായി ഉള്‍ക്കൊള്ളാന്‍ മാധ്യമപ്രവര്‍ത്തകര്‍ തയ്യാറാകണം. പാര്‍ടിയില്‍ അസംതൃപ്തിയുള്ളവരുണ്ടാകും. അവര്‍ സ്വാഭാവികമായും നുണ പ്രചരിപ്പിക്കും. അത് ഏറ്റുപിടിക്കാതെ ശരിയായ കാര്യങ്ങളാണ് അറിയിക്കുന്നതെന്ന ബോധ്യം മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉണ്ടാകണം. ചെറിയാന്‍ ഫിലിപ്പിന്റെ പുസ്തകത്തിലെ പല നിരീക്ഷണങ്ങളോടും യോജിക്കാന്‍ കഴിയില്ലെന്ന് പിണറായി പറഞ്ഞു. കാലതാമസത്തിന്റെ പേരില്‍ ഉദ്യോഗസ്ഥരെ മാത്രം കുറ്റപ്പെടുത്തുന്നതിനോട് യോജിപ്പില്ല. ഉദ്യോഗസ്ഥര്‍ തെറ്റായി പെരുമാറിയാല്‍ നേതൃത്വം കൊടുക്കുന്ന മന്ത്രിക്കും അതില്‍ പങ്കുണ്ട്. ഉദ്യോഗസ്ഥരുടെ വീഴ്ച മന്ത്രി ഇടപെട്ട് പരിഹരിക്കണം. ഒരു ഫയല്‍ എത്രനാള്‍ കൈവശം വയ്ക്കാമെന്ന കാര്യത്തില്‍ ഒരു വ്യക്തതയുമില്ലാത്ത സ്ഥിതി മാറണം. ഇതുസംബന്ധിച്ച് വ്യവസ്ഥയുണ്ടാക്കാന്‍ ഭരണകര്‍ത്താക്കള്‍ തയ്യാറാകണമെന്നും പിണറായി പറഞ്ഞു.

deshabhimani 310113

No comments:

Post a Comment