Tuesday, January 29, 2013

പ്രകാശ് ബക്ഷി കമ്മിറ്റി റിപ്പോര്‍ട്ട് സഹകരണ ബാങ്കിങ് മേഖലയെ തകര്‍ക്കും: കടകംപള്ളി


റിസര്‍വ് ബാങ്ക് നിയോഗിച്ച പ്രകാശ് ബക്ഷി കമ്മിറ്റി റിപ്പോര്‍ട്ട് കേരളത്തിലെ സഹകരണ ബാങ്കിങ് മേഖലയെ തകര്‍ക്കുമെന്ന് സംസ്ഥാന സഹകരണബാങ്ക് മുന്‍ പ്രസിഡന്റ് കടകംപള്ളി സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഹ്രസ്വകാല സഹകരണവായ്പ ത്രിതല ഘടനയെക്കുറിച്ച് പരിശോധിച്ച് നബാര്‍ഡ് ചെയര്‍മാന്‍ ബക്ഷി അധ്യക്ഷനായ കമ്മിറ്റി പുനഃസംഘടനാ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുകയാണ്. പ്രാഥമിക കാര്‍ഷിക സഹകരണസംഘങ്ങളെ ത്രിതല സഹകരണ ബാങ്കിങ് രംഗത്തുനിന്ന് ഒഴിവാക്കണമെന്നും സംസ്ഥാന സഹകരണബാങ്കും ജില്ലാ സഹകരണബാങ്കും ചേര്‍ന്ന ദ്വിതലസംവിധാനം നടപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. പ്രാഥമിക സഹകരണബാങ്കില്‍ നിലവില്‍ നിക്ഷേപമുള്ളവരെയും വായ്പ എടുത്തവരെയും ജില്ലാ ബാങ്കുകളില്‍ നേരിട്ട് വോട്ടവകാശമുള്ള ആക്ടീവ് അംഗങ്ങളാക്കണം, പ്രാഥമിക സഹകരണസംഘങ്ങളുടെ സേവനം ജില്ലാ സഹകരണബാങ്കുകളില്‍ ബിസിനസ് കറസ്പോണ്ടന്റ് എന്ന രീതിയില്‍ പ്രയോജനപ്പെടുത്തണം, പ്രാഥമിക സംഘങ്ങള്‍ക്ക് സ്വന്തം നിലയ്ക്ക് ഫീസീടാക്കി സാമ്പത്തിക-ഇതര സേവനങ്ങള്‍ ചെയ്യാമെങ്കിലും ബാങ്കിങ് പ്രവര്‍ത്തനം പാടില്ല എന്നിവയാണ് റിപ്പോര്‍ട്ടിലെ മറ്റ് നിര്‍ദേശങ്ങള്‍.

സഹകരണ ബാങ്കിങ് മേഖലയിലെ മൊത്തം നിക്ഷേപങ്ങളുടെയും വായ്പയുടെയും പകുതിയിലേറെയും പ്രാഥമിക സഹകരണ സംഘങ്ങളുടേതായതിനാല്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ട് സഹകരണ ബാങ്കിങ് മേഖലയെ തകര്‍ക്കുന്നതാണ്. 35,000 കോടി രൂപയിലേറെ നിക്ഷേപവും അതില്‍കൂടുതലുള്ള വായ്പയും പ്രാഥമിക സഹകരണസംഘങ്ങളിലുണ്ട്. 35,000 സ്ഥിരം ജീവനക്കാരും ഈ മേഖലയിലുണ്ട്. റിപ്പോര്‍ട്ടനുസരിച്ച് ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സംഘങ്ങളുടെ ഭരണസമിതിക്ക് അധികാരമില്ലാതെയാകും എന്നതിനാല്‍ ബക്ഷി റിപ്പോര്‍ട്ട് ഗ്രാമീണ സാമ്പത്തികമേഖലയുടെ നാശത്തിനിടയാക്കും. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക സഹകരണസംഘങ്ങളെക്കുറിച്ചോ ജീവനക്കാരെക്കുറിച്ചോ റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നില്ല. ഇതിനാല്‍ ആവശ്യമായ തിരുത്തലുകള്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിലും റിസര്‍വ് ബാങ്കിലും സമ്മര്‍ദംചെലുത്തണമെന്നും കടകംപള്ളി പറഞ്ഞു. ജില്ലാ സഹകരണബാങ്കുകള്‍ക്ക് മറ്റ് ബാങ്കുകളുമായി സാമ്പത്തിക ഇടപാടുകള്‍ നടത്താമെന്ന നിര്‍ദേശം സഹകരണരംഗത്തെ വിഭവചോര്‍ച്ചയ്ക്കും കെട്ടുറപ്പ് നഷ്ടപ്പെടുത്തുന്നതിനും ഇടയാക്കും.

സംസ്ഥാന ബാങ്കുകളില്‍ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റര്‍മാരെ നിയമിക്കാനുള്ള അധികാരം റിസര്‍വ് ബാങ്കില്‍ നിക്ഷിപ്തമാകുന്നതോടെ സഹകരണ ഓഡിറ്റ് വിഭാഗം ഇല്ലാതാകും. മാര്‍ച്ച് 31നകം നാല് ശതമാനം മൂലധനപര്യാപ്തത കൈവരിക്കാത്ത സംസ്ഥാന സഹകരണബാങ്കുകള്‍ക്കും ജില്ലാ ബാങ്കുകള്‍ക്കും എതിരെ കര്‍ശന നടപടി റിസര്‍വ് ബാങ്കിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പടിപടിയായി ജില്ലാ സഹകരണബാങ്കുകളുടെ മൊത്തം വായ്പയില്‍ 70 ശതമാനവും കാര്‍ഷികവായ്പയായിരിക്കണമെന്ന് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. റിപ്പോര്‍ട്ട് അതേപടി നടപ്പാക്കിയാല്‍ കേരളത്തിലെ സഹകരണ ബാങ്കിങ് മേഖല തകരുമെന്ന് കടകംപള്ളി പറഞ്ഞു.

deshabhimani 290113

No comments:

Post a Comment