Sunday, January 27, 2013
1381 ഷെഡ്യൂള്‍ പ്രവര്‍ത്തിച്ചില്ല; യാത്രക്കാര്‍ പെരുവഴിയില്‍; കൈയുംകെട്ടി സര്‍ക്കാര്‍
ഡീസലിന് കുത്തനെ വില കൂട്ടിയതിനെത്തുടര്‍ന്ന് കെഎസ്ആര്‍ടിസിയില്‍ ഉടലെടുത്ത പ്രതിസന്ധി രൂക്ഷമായി തുടരുന്നു. ഞായറാഴ്ച 1500ലേറെ ഷെഡ്യൂള്‍ റദ്ദാക്കി. 1381 ഷെഡ്യൂള്‍ പ്രവര്‍ത്തിച്ചില്ലെന്ന് കെഎസ്ആര്‍ടിസി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ശനിയാഴ്ച 1233 സര്‍വീസ് പ്രവര്‍ത്തിച്ചില്ല. മിക്ക ഷെഡ്യൂളും പേരിനുമാത്രമാണ് പ്രവര്‍ത്തിച്ചത്. ആളില്ലെന്ന് പറഞ്ഞും വ്യാപകമായി ട്രിപ്പ് വെട്ടിക്കുറച്ചു. ഗ്രാമീണമേഖലയിലുള്‍പ്പെടെ സര്‍വീസുകള്‍ ഒന്നാകെ റദ്ദാക്കി. ദേശസാല്‍ക്കരിക്കപ്പെട്ടവ അടക്കമുള്ള പ്രധാന റൂട്ടുകളില്‍പോലും മണിക്കൂറുകള്‍ കാത്തുനിന്നാലും ബസ് ഇല്ലാത്ത സ്ഥിതിയായിരുന്നു. ദേശസാല്‍കൃത റൂട്ടുകളില്‍ സമാന്തര സര്‍വീസുകള്‍ക്ക് ഒത്താശ ചെയ്യുകയാണ് ഗതാഗതവകുപ്പും പൊലീസും.
ഡീസല്‍ ക്ഷാമത്തിനുപുറമെ ടയറും സ്പെയര്‍പാര്‍ടുമില്ലാത്ത അവസ്ഥയാണ്. തിങ്കളാഴ്ച പെന്‍ഷന്‍ വിതരണം ചെയ്യണം. 31ന് ശമ്പളം നല്‍കണം. രണ്ടിനുംകൂടി 75 കോടിയോളം രൂപ ആവശ്യമാണ്. ഇത് കൂടുതല്‍ ഷെഡ്യൂള്‍ വെട്ടിക്കുറയ്ക്കാനിടയാക്കും. ഡീസല്‍ സബ്സിഡി ഒഴിവാക്കിയ തീരുമാനം പിന്‍വലിക്കില്ലെന്ന് കേന്ദ്ര പെട്രോളിയംമന്ത്രി വീരപ്പ മൊയ്ലി പറഞ്ഞു. ഡീസല്‍ സബ്സിഡി പുനഃസ്ഥാപിക്കാനുള്ള കേരളത്തിന്റെ സമ്മര്‍ദം ഫലം കണ്ടില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് കൊച്ചിയില്‍ പറഞ്ഞു. വിഷയം ചര്‍ചചെയ്യാന്‍ തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭായോഗം ചേരും. ഡീസല്‍ അടിക്കാന്‍ കോര്‍പറേഷന് സ്വകാര്യ പമ്പുകളെ ആശ്രയിക്കാനാകില്ലെന്നും സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ പമ്പുപയോഗിക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
"ഞാന്‍ എന്തുപറയാനാ" എന്നായിരുന്നു, കേരളം കേന്ദ്രത്തില്‍ ചെലുത്തിയ സമ്മര്‍ദ്ദം ഫലം കാണാത്തതിനെക്കുറിച്ച് കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മറുപടി.
deshabhimani 280113
Subscribe to:
Post Comments (Atom)
No comments:
Post a Comment