വടക്കഞ്ചേരി: ദേശീയപാതക്ക് അനുവദിച്ച തുക നഷ്ടപ്പെടാന്‍ ഇടയാക്കിയത്് സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ. തകര്‍ന്നുകിടക്കുന്ന തൃശൂര്‍-പാലക്കാട് ദേശീയപാതയുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നെങ്കിലും ഇവയൊന്നും നടപ്പായില്ല. പാത നന്നാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന തുക നേരിട്ട് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് പണികഴിക്കുകയാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ചെയ്തിരുന്നത്. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ ഇതില്‍ വീഴ്ചവരുത്തി.
മണ്ണുത്തി മുതല്‍ വടക്കഞ്ചേരി വരെയുള്ള ദേശീയപാത റീ ടാര്‍ ചെയ്യുന്നതിന് 4.9 കോടി രൂപ അനുവദിച്ചു എന്ന് ഒക്ടോബറിലാണ് പ്രഖ്യാപിച്ചത്. ഇതുപ്രകാരം നവംബര്‍ പത്തുവരെ ടെന്‍ഡര്‍ ക്ഷണിച്ചപ്പോള്‍ ടെന്‍ഡര്‍ നല്‍കാന്‍ ആരും തയ്യാറായില്ല. തുടര്‍ന്ന് ടെന്‍ഡര്‍ കാലാവധി നവംബര്‍ 30വരെ നീട്ടി. ഇതിനിടയില്‍ ഒരു കമ്പനി മാത്രമാണ് ടെന്‍ഡര്‍ നല്‍കയത്. ടെന്‍ഡര്‍ സ്വീകരിച്ച് ഹൈവേ അതോറിറ്റിയുടെ അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. ഇതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ ദേശീയപാത അതോറിറ്റിക്ക് നല്‍കിയെന്ന് അവകാശപ്പെടുന്ന 4.9 കോടി രൂപ ലാപ്സായി എന്ന് പറയുന്നത്. മണ്ണുത്തി മുതല്‍ വടക്കഞ്ചേരി വരെയുള്ള റോഡ് നന്നാക്കുന്നതിന് 60 ലക്ഷം രൂപ മാത്രം അനുവദിക്കാനാവൂ എന്നാണ് ദേശീയപാത അതോറിറ്റി നല്‍കുന്ന വിശദീകരണം. ഈ തുക കൊണ്ട് മേഖലയില്‍ രൂപപ്പെട്ട വന്‍കുഴികള്‍ പോലും അടയ്ക്കാന്‍ കഴിയില്ലായെന്ന് വ്യക്തമാണ്.
എട്ടുമാസത്തോളമായി ദേശീയപാത നന്നാക്കുമെന്ന പ്രതീക്ഷ ഇതോടെ യാത്രക്കാര്‍ക്ക് ഇല്ലാതായി. ദേശീയപാത നന്നാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികളെ ഉള്‍പ്പെടെ പങ്കെടുപ്പിച്ച് സമര നാടകം നടത്തിയ ഒല്ലൂര്‍ എംഎല്‍എ, എം പി വിന്‍സന്റിന് ഇതുസംബന്ധിച്ച് ഒരു വിശദീകരണവുമില്ല. തൃശൂര്‍ എംപി പി സി ചാക്കോയും താനിടപെട്ടതുകൊണ്ടാണ് തുക ലഭിച്ചതെന്ന് അവകാശപ്പെട്ടിരുന്നു. എന്നാല്‍, തുക റദ്ദായതിനെക്കുറിച്ച് അദ്ദേഹവും പ്രതികരിക്കുന്നില്ല. പുതിയ റോഡ് നിര്‍മിക്കുന്നതുകൊണ്ടാണ് റീടാര്‍ അനുവദിക്കാത്തതെന്നാണ് ദേശീയപാത അതോറിറ്റിയുടെ വിശദീകരണം. എന്നാല്‍, ദേശീയപാത ആറ് വരിയാക്കുന്നതിന്റെ പണി ആരംഭിച്ച് ആറുവര്‍ഷം കഴിഞ്ഞിട്ടും 20 ശതമാനം പ്രവൃത്തികള്‍ പോലും ഇതുവരെയും പൂര്‍ത്തിയാക്കാനായില്ല. സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള നഷ്ടപരിഹാര തുകയെ സംബന്ധിച്ച് തര്‍ക്കവും തുടരുകയാണ്. ദേശീയപാത നന്നാക്കുമെന്ന് വാഗ്ദാനം നല്‍കി ജനങ്ങളെ വഞ്ചിച്ച കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണ്.
deshabhimani 240113
No comments:
Post a Comment