Monday, January 28, 2013
എന്‍ജിനീയറിംഗ് പരീക്ഷയ്ക്ക് ഒളിക്യാമറ സാര്‍വത്രിക കോപ്പിയടിക്ക് മറുമരുന്നായി ഉത്തരവ്
സംസ്ഥാനത്തെ സ്വാശ്രയ എന്‍ജിനീയറിംഗ് കേളജുകളിലെ പരീക്ഷാ ഹാളുകളില്‍ ഒളിക്യാമറകളുടേയും ക്ലോസ്ഡ് സര്‍ക്യൂട്ട് ടെലിവിഷന്‍ സംവിധാനത്തിന്റെയും നിരീക്ഷണത്തിലായിരിക്കും ഇനി പരീക്ഷകള്‍ നടക്കുക. ഇതുസംബന്ധിച്ച ഉത്തരവുമിറങ്ങി.സ്വാശ്രയ എന്‍ജിനീയറിംഗ് കോളജുകള്‍ തട്ടുകടകള്‍പോലെ സാര്‍വത്രികമാവുകയും സാങ്കേതിക വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം കുത്തനെ ഇടിയുകയും ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് ഈ നടപടി.
സ്വാശ്രയ എന്‍ജിനീയറിംഗ് വിദ്യാഭ്യാസ കച്ചവടത്തിനിടയില്‍ സമ്പന്ന കുടുംബങ്ങളിലെ മണ്ടന്‍ വിദ്യാര്‍ഥികള്‍പോലും എന്‍ജിനീയറിംഗ് പഠനത്തിന് കയറിപ്പറ്റുന്ന സാഹചര്യത്തില്‍ സ്വാശ്രയ എന്‍ജിനീയറിംഗ് കോളജുകളിലെ വിജയശതമാനം നാണിപ്പിക്കുന്ന വിധത്തില്‍ ഇടിയുകയായിരുന്നു. ഇതേത്തുടര്‍ന്ന് വിജയശതമാനം താണ ഇരുപത്തഞ്ചോളം എന്‍ജിനീയറിംഗ് കോളജുകളുടെ അംഗീകാരം റദ്ദാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഹൈക്കോടതി നിര്‍ദേശപ്രകാരം ഏതാനും കോളജുകള്‍ക്ക് വിജയശതമാനം ഉയര്‍ത്താന്‍ സര്‍ക്കാര്‍ ഒരു വര്‍ഷത്തെ സാവകാശം നല്‍കുകയും ചെയ്തു. വിജയശതമാനം ഉയര്‍ത്തിയില്ലെങ്കില്‍ അടുത്തവര്‍ഷം കോളജുകള്‍ അടച്ചു പൂട്ടേണ്ടിവരുമെന്ന പരിഭ്രാന്തിയില്‍ സ്വാശ്രയ എന്‍ജിനീയറിംഗ് കോളജുകളില്‍ കൂട്ടകോപ്പിയടി നടപ്പാക്കി വിജയശതമാനം ഉയര്‍ത്താന്‍ പദ്ധതിയൊരുങ്ങിയതായി സൂചനകളും ലഭിച്ചു. മണ്ടന്‍ എന്‍ജിനീയറിംഗ് കോളജുകളുടെ അംഗീകാരം റദ്ദാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചതനുസരിച്ച് ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ എം അബ്രഹാം അധ്യക്ഷനായി സര്‍ക്കാര്‍ നിയോഗിച്ച സമിതിയാണ് സ്വാശ്രയ എന്‍ജിനീയറിംഗ് കോളജുകളിലെ പരീക്ഷാ ഹാളുകളില്‍ ക്ലോസ്ഡ് സര്‍ക്യൂട്ട് ടി വി യും ഒളിക്യാമറകളം സ്ഥാപിക്കണമെന്ന ഹൈടെക് ശുപാര്‍ശ സമര്‍പ്പിച്ചതും സര്‍ക്കാര്‍ ഇതനുസരിച്ച് ഉത്തരവിറക്കിയതും.കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാല പരീക്ഷാ ഹാളുകളില്‍ നടപ്പാക്കിയ ഈ പദ്ധതി വന്‍ വിജയമായിരുന്നു.
കൂണുകള്‍ പോലെ മുളച്ചുവന്ന ഡന്റല്‍ കോളജുകളിലെ വിജയശതമാനം കുത്തനെ കുറഞ്ഞിരുന്നു. പല കോളജുകളും അടച്ചുപൂട്ടുമെന്നായപ്പോള് കോപ്പിയടിയുടെ പൂക്കാലമായി. മാനേജ്മെന്റുകളുടെ അനുഗ്രഹാശിസുകളോടെ തന്നെ. ഇതേ തുടര്‍ന്ന് സി സി ടി വി സംവിധാനവും ഒളിക്യാമറകളും പരീക്ഷാ ഹാളുകളില്‍ സ്ഥാപിച്ചതോടെ കോപ്പിയടിക്കു ശമനമുണ്ടായി. ഇപ്പോഴും ആറേഴു ഡന്റല്‍ കോളജുകളില്‍ കൂട്ടത്തോല്വിയാണെങ്കിലും ഡന്റല്‍ കോളജുകളിലെ മൊത്തം വിജയശതമാനം 36 ശതമാനത്തില്‍ നിന്നും 63 ആയി ഉയര്‍ന്നിട്ടുണ്ട്.ഇതു കണക്കിലെടുത്താണ് എല്ലാ സ്വാശ്രയ എന്‍ജിനീയറിംഗ് പരീക്ഷകളും ഒളി ക്യാമറയുടെ നിരീക്ഷണത്തില്‍ നടത്താന്‍ ഉത്തരവായത്. പരീക്ഷ ഇത്തരമൊരു നിരീക്ഷണ സംവിധാനത്തിന് കീഴില്‍ മാത്രമേ നടത്തൂ എന്ന് സത്യവാങ്മൂലം നല്‍കുന്നവര്‍ക്കുമാത്രമേ മേലില്‍ സ്വാശ്രയ മെഡിക്കല്‍-എന്‍ജിനീയറിംഗ് കോളജുകള്‍ക്ക് അനുമതി നല്‍കൂ എന്നും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.എന്നാല്‍ തികഞ്ഞ എന്‍ജിനീയറിംഗ് വൈഭവത്തോടെ എത്ര സ്വാശ്രയ എന്‍ജിനീയറിംഗ് പരീക്ഷാ ഹാളുകളിലെ രഹസ്യ നിരീക്ഷണ സംവിധാനങ്ങള്‍ നിശ്ചലമാക്കുമെന്നു കണ്ടുതന്നെ അറിയണമെന്ന ആശങ്കയും ഉന്നത വിദ്യാഭ്യാസവകുപ്പു കേന്ദ്രങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്.
janayugom 280113
Labels:
വാർത്ത,
വിദ്യാഭ്യാസം
Subscribe to:
Post Comments (Atom)
No comments:
Post a Comment