Thursday, January 31, 2013
ആയുധക്കോഴ: സുബി മല്ലിയുടെ വിദേശബന്ധങ്ങള്‍ വെളിച്ചത്തുവരുന്നു
ആയുധനിര്‍മാണത്തിനുള്ള സ്‌പെയര്‍ പാര്‍ട്‌സ് ഇടപാടില്‍ കോഴ തട്ടിപ്പ് നടത്തിയ കേസിലെ വിവാദ ഇടനിലക്കാരി സുബി മല്ലിയുടെ വിദേശ ബന്ധങ്ങള്‍ വെളിപ്പെടുത്തുന്ന ഇ മെയില്‍ സന്ദേശം പുറത്തുവന്നു. സുബി മല്ലി കേസിലെ പ്രതി കൂടിയായ സ്റ്റീല്‍ ആന്റ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിങ് ലിമിറ്റഡിന്റെ (എസ്‌ഐഎഫ്എല്‍) മാര്‍ക്കറ്റിങ്ങ് മാനേജരായ വത്സന് അയച്ച ഇ മെയില്‍ സന്ദേശങ്ങളാണ് മാധ്യമങ്ങള്‍ക്ക് ലഭിച്ചത്. നിലവില്‍ സിബിഐയുടെ കസ്റ്റഡിയിലുള്ള സന്ദേശം സുബി മല്ലിയുടെ തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാക്കിയിട്ടും ഇവരെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചത് ഏറെ ദുരൂഹതയും ഉയര്‍ത്തുന്നു.
എസ്‌ഐഎഫ്എല്ലില്‍ ടോണി ഹാമ്മര്‍ എന്ന പദ്ധതി നടപ്പാക്കാമെന്നും ഇതിനായി ഉക്രെയിനിലും ഡല്‍ഹിയിലുമുള്ള കക്ഷികളെ ബന്ധപ്പെടാമെന്നുമാണ് മുംബൈയിലെ സുബിഷി ഇംപെക്‌സ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ എംഡിയായ സുബി മല്ലി വ്യക്തമാക്കുന്നത്. ഇതു സംബന്ധിച്ച് നിലവിലുള്ള ടെണ്ടര്‍ റദ്ദാക്കി പുതിയ ടെന്‍ഡര്‍ വെയ്ക്കാമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ നേവി, എല്‍ആന്റ്ടി എന്നിവയുടെ കരാര്‍ പോലും ലഭ്യമാക്കാമെന്നും ഇതില്‍ 15 ശതമാനം ഷെയര്‍ തനിക്ക് ലഭിക്കണമെന്നും സുബി വ്യക്തമാക്കുന്നു. സുബിക്ക് പുറമെ ഇവരുടെ ജീവനക്കാരന്‍ ഷെട്ടി അയച്ച ഇമെയില്‍ സന്ദേശവും പുറത്തായിട്ടുണ്ട്.
രാജ്യത്തെ തന്ത്ര പ്രധാനമായ ആയുധ ഇടപാട് കേസില്‍ തട്ടിപ്പ് നടത്തിയ സുബി മല്ലിയുടെ വിദേശ ബന്ധങ്ങള്‍ ആശങ്ക ഉയര്‍ത്തുന്നതാണ്. ഇതു സംബന്ധിച്ച് വിവരം ലഭിച്ചിട്ടും ഇവരെ അറസ്റ്റ് ചെയ്യാതെ വിട്ടയക്കുകയാണ് സിബിഐ അധികൃതര്‍ ചെയ്തത്. ചോദ്യം ചെയ്യലിന്റെ ഒരു ഘട്ടത്തില്‍ ഇടപാടുമായി ബന്ധമുള്ള രാഷ്ട്രീയ നേതാവിന്റെ കാര്യവും സുബി വെളിപ്പെടുത്തിയതായി സൂചനയുണ്ടെങ്കിലും ഇക്കാര്യവും സിബിഐ നിഷേധിക്കുകയാണ്. കേസില്‍ സുബിയെ മാപ്പുസാക്ഷിയാക്കി ഈ വഴിക്കുള്ള അന്വേഷണവും അട്ടിമറിക്കാന്‍ നീക്കവുമുണ്ട്.
അതിനിടെ കേസിലെ പ്രതിയായ എസ്‌ഐഎഫ്എല്‍ മുന്‍ എം ഡി ഡോ. എസ് ഷാനവാസിന്റെ ബാങ്ക് ലോക്കറില്‍ നിന്നും കണ്ടെടുത്ത കേസ് ഡയറി അദ്ദേഹം പ്രതിയായ പീഡന കേസിന്റേതാണെന്ന് സിബിഐ സ്ഥിരീകരിച്ചു. 2008-ല്‍ ആലുവയിലെ ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ ലിമിറ്റഡ് എംഡിയായിരിക്കെ റിസപ്ഷനിസ്റ്റായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു കേസ്. ഈ കേസില്‍ ഷാനവാസിനെ കോടതി വെറുതെ വിടുകയായിരുന്നു.
ഇടപാടുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലില്‍ പേരുകള്‍ ലഭ്യമായ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും മറ്റും വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യുമെന്ന് സിബിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
janayugom
Labels:
ആയുധക്കച്ചവടം
Subscribe to:
Post Comments (Atom)
No comments:
Post a Comment