ജനങ്ങളെ വേട്ടയാടുന്ന പ്രശ്നങ്ങള്‍ക്കൊന്നും പരിഹാരമാര്‍ഗം തേടാതെ മുഖ്യമന്ത്രിയും മന്ത്രിമാരും ഒളിച്ചോടുമ്പോള്‍ സംസ്ഥാനം അതിവേഗം സമ്പൂര്‍ണ തകര്‍ച്ചയിലേക്ക്. കെഎസ്ആര്‍ടിസി നേരിടുന്ന ഗുരുതരമായ പ്രതിസന്ധി തന്നെ യുഡിഎഫ് സര്‍ക്കാറിന്റെ കഴിവുകേടിന് ഏറ്റവും വലിയ ഉദാഹരണം. ജനുവരി 18നാണ് ഡീസല്‍ വില ലിറ്ററിന് 11.53 രൂപ ഉയര്‍ത്തി എണ്ണക്കമ്പനിയുടെ അറിയിപ്പ് ലഭിക്കുന്നത്. അന്നുമുതല്‍ കൂടിയ വില ഈടാക്കി. തുടര്‍ന്ന് കെഎസ്ആര്‍ടിസി സര്‍വീസ് കൂട്ടത്തോടെ റദ്ദാക്കി. പൊതുഗതാഗതം താറുമാറായി. ഒരാഴ്ചയായിട്ടും പ്രതിസന്ധിയെന്നുരുവിട്ട് കൈകഴുകുകയാണ് മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും. സര്‍ക്കാര്‍ മനസ്സുവച്ചാല്‍ ഒരുദിവസം കൊണ്ട് താല്‍ക്കാലികപരിഹാരം കാണാനാവുന്ന കാര്യമാണിത്. അതുപോലും ചെയ്യാന്‍ പ്രാപ്തിയില്ലെന്ന് യുഡിഎഫ് തെളിയിച്ചു.
മന്ത്രിസഭയിലും യുഡിഎഫിലുമുള്ള തര്‍ക്കങ്ങള്‍ സര്‍ക്കാറിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിച്ചു. മുഖ്യമന്ത്രി ഒരുവഴിക്കും മന്ത്രിമാര്‍ അവര്‍ക്കു തോന്നുന്ന വഴിയിലുമാണ്. മുഖ്യമന്ത്രിയെ മന്ത്രിമാര്‍ തിരുത്തുമ്പോള്‍ മന്ത്രിമാരെ മുഖ്യമന്ത്രി തള്ളിപ്പറയുന്നു. ഏറ്റവുമൊടുവില്‍ വൈദ്യുതിവിതരണം സ്വകാര്യവല്‍ക്കരിക്കാനും വര്‍ഷംതോറും നിരക്ക് കൂട്ടാനും സമ്മതമറിയിച്ച് കേന്ദ്രത്തിന് കത്തയച്ചതായി വൈദ്യുതി മന്ത്രി പറയുമ്പോള്‍ മുഖ്യമന്ത്രി അത് നിഷേധിക്കുകയാണ്. ധനമന്ത്രി മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും വരച്ചവരയില്‍ നിര്‍ത്തുന്നു. എല്ലാ നീക്കങ്ങള്‍ക്കും സാമ്പത്തികപ്രതിസന്ധി പറഞ്ഞ് ധനമന്ത്രി തടയിടുന്നു എന്ന ആക്ഷേപവും ശക്തം. സംസ്ഥാനം നേരിടുന്ന ഗുരുതരമായ വിഷയങ്ങളല്ല മന്ത്രിസഭായോഗങ്ങളില്‍ ചര്‍ച്ചാവിഷയം. 33 സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി കിട്ടണമെന്ന മുസ്ലിംലീഗ് മന്ത്രിമാരുടെ ആവര്‍ത്തിച്ചുള്ള ആവശ്യം മന്ത്രിസഭായോഗങ്ങളില്‍ ഉയരുന്നു. കോണ്‍ഗ്രസ് മന്ത്രിമാരുടെ പിന്തുണയോടെ മാണി ഇത് തടയുന്നു. ആഭ്യന്തരവകുപ്പിന്റെ ദയനീയപരാജയം തലസ്ഥാനഗരമടക്കം കൊള്ളക്കാരുടെ താവളമാക്കി മാറ്റി.
കേരളത്തെ ഇരുട്ടിലേക്ക് തള്ളിവിട്ട ആര്യാടന്‍ മുഹമ്മദിന്റെ കീഴില്‍ തന്നെയാണ് തകര്‍ച്ചയിലേക്ക് കുതിക്കുന്ന കെഎസ്ആര്‍ടിസിയും. രണ്ടു വകുപ്പിന്റെയും സമ്പൂര്‍ണ തകര്‍ച്ച അദ്ദേഹം ഉറപ്പാക്കി. ഊര്‍ജ-ഗതാഗതമേഖലകളില്‍ പ്രതിസന്ധിയുണ്ട് എന്നുപറയല്‍ മാത്രമാണ് അദ്ദേഹത്തിന്റെ ജോലി. ഡീസല്‍ വിലര്‍ധനമൂലം മാസം ഏതാണ്ട് 15 കോടി രൂപയുടെ അധികച്ചെലവാണ് കെഎസ്ആര്‍ടിസിക്ക് വന്നിരിക്കുന്നത്. ഇത് സ്ഥാപനത്തെ സംബന്ധിച്ച് വലിയ തുകയാണെങ്കിലും താല്‍ക്കാലികാശ്വാസം നല്‍കാന്‍ സര്‍ക്കാറിനാകും. എന്നാല്‍, ഈ തുകപോലും നല്‍കില്ലെന്ന് വാശി പിടിക്കുകയാണ് ധനമന്ത്രി. മുഖ്യമന്ത്രി ഇതിന് കീഴ്പ്പെടുന്നു. കെഎസ്ആര്‍ടിസിക്ക് നല്‍കുന്ന ഡീസലിന്റെ 24 ശതമാനം നികുതി ഒഴിവാക്കണമെന്ന ആവശ്യംപോലും സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. ലിറ്ററിന് നാലു രൂപ ഇതുവഴി ലാഭിക്കാം. അരിയുടെയും നിത്യോപയോഗസാധനങ്ങളുടെയും വിലക്കയറ്റം താങ്ങാനാകാതെ ദുരിതത്തിലായ ജനങ്ങള്‍ കുടിവെള്ളത്തിനും പരക്കം പായുകയാണ്. കടുത്ത വരള്‍ച്ചയുടെ പിടിയിലാണ് കേരളം. ഈ പ്രശ്നങ്ങള്‍ നേരിടാന്‍ പതിവുപോലെ പ്രത്യേക മന്ത്രിസഭായോഗം എന്ന ചെപ്പടിവിദ്യക്കപ്പുറം പ്രായോഗികമായി ഒന്നും ചെയ്യുന്നില്ല.
(കെ എം മോഹന്‍ദാസ്)
deshabhimani 250113
No comments:
Post a Comment