Monday, January 28, 2013

റെയില്‍വെ ആവശ്യങ്ങള്‍ നേടാന്‍ കാര്യക്ഷമമായി ഇടപെടാത്തത് പ്രതിഷേധാര്‍ഹം


കേരളത്തിന്റെ റെയില്‍വേ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് കാര്യക്ഷമമായ ഇടപെടല്‍ നടത്താത്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. സംസ്ഥാനത്ത് റെയില്‍വേയുടെ കാര്യത്തില്‍ നിരവധി ആവശ്യങ്ങള്‍ നിറവേറ്റപ്പെടാനുണ്ട്. മറ്റു സംസ്ഥാനങ്ങള്‍ മാസങ്ങള്‍ക്കു മുമ്പേ ഇത്തരം ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിട്ടും സംസ്ഥാന സര്‍ക്കാര്‍ തുടര്‍ന്നുവരുന്ന അനങ്ങാപ്പാറ നയം നമ്മുടെ റെയില്‍വേ വികസനത്തിന് കടുത്ത തിരിച്ചടിയായി മാറാന്‍ പോവുകയാണ്.

യുപിഎ സര്‍ക്കാരിന് ഇടതുപക്ഷം പിന്തുണ നല്‍കിയിരുന്ന കാലത്ത് കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെ നേട്ടങ്ങള്‍ നേടിയെടുക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍, നാം നേടിയെടുത്ത നേട്ടങ്ങളൊന്നും തന്നെ പ്രാവര്‍ത്തികമാക്കുന്നതിന് കഴിഞ്ഞിട്ടില്ല എന്ന ഗുരുതരമായ പ്രശ്നം നിലനില്‍ക്കുകയാണ്. കേരളത്തിന് ഒരു പെനിസുലര്‍ സോണ്‍ അനുവദിക്കാമെന്ന വാഗ്ദാനം നിറവേറ്റപ്പെടാതെ പോയി. പാലക്കാട്ട് കോച്ച് ഫാക്ടറി ആരംഭിക്കാനുള്ള നടപടിയും ഇഴഞ്ഞുനീങ്ങുകയാണ്. ചേര്‍ത്തലയില്‍ വാഗണ്‍ ഫാക്ടറി തുടങ്ങാനുള്ള തീരുമാനം പ്രായോഗികമാക്കുന്നതിനുള്ള നടപടിയും സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. 2010-11 ലെ ബഡ്ജറ്റില്‍ ഒരു റെയില്‍വേ മെഡിക്കല്‍ കോളേജ് അനുവദിക്കുന്ന കാര്യവും 2011-12 ലെ ബഡ്ജറ്റില്‍ നേമത്ത് കോച്ച് ഡിപ്പോ ആരംഭിക്കുന്ന കാര്യവും ഉണ്ടായിരുന്നു. എന്നാല്‍, അതും കടലാസില്‍ കിടക്കുകയാണ്.

നാം നേടിയെടുത്ത പദ്ധതികള്‍ പോലും നടപ്പിലാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്ത ഘട്ടത്തിലാണ് യാതൊരു തയ്യാറെടുപ്പുമില്ലാതെ സംസ്ഥാന സര്‍ക്കാര്‍ നീങ്ങുന്നത് എന്നത് അതീവ ഗൗരവമായ പ്രശ്നമാണ്. കേരളത്തിന്റെ റെയില്‍വേ പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കുക എന്നത് ഏറെ പ്രധാനമായിട്ടുള്ള ഒന്നാണ്. അതിനായി പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണവും പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. കേരളത്തിനാവശ്യമായ മെമു സര്‍വ്വീസ് കൊണ്ടുവരിക എന്നത് പ്രധാനപ്പെട്ട ഒന്നാണ്. സ്ത്രീകളുടെ യാത്രയ്ക്ക് സുരക്ഷിതത്വം ഏര്‍പ്പെടുത്തുന്നതിനുവേണ്ടിയുള്ള ആവശ്യം എല്ലാ ഭാഗത്തുനിന്നും ഉയര്‍ന്നുവന്നിട്ടുണ്ട്. അന്തര്‍സംസ്ഥാനങ്ങളുമായി ബന്ധപ്പെടുന്നതിനുള്ള തീവണ്ടികളുടെ ആവശ്യവും കേരളത്തിനുണ്ട്. പുതിയ പാതകളും മറ്റു സൗകര്യങ്ങളും ആരംഭിക്കുക എന്നതും കേരളത്തിന് അവശ്യമായിട്ടുള്ള ഒന്നാണ്.

എന്നാല്‍, ഇത്തരം കാര്യങ്ങളിലൊന്നും ദീര്‍ഘവീക്ഷണത്തോടെ സംസ്ഥാന സര്‍ക്കാരിന് ഇടപെടാന്‍ കഴിഞ്ഞില്ല എന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഏറെ വൈകിയെങ്കിലും വരുംദിവസങ്ങളില്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സംസ്ഥാന സര്‍ക്കാരും സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രിമാരും തയ്യാറാവണമെന്നും വൈക്കം വിശ്വന്‍ ആവശ്യപ്പെട്ടു.

deshabhimani 280113

No comments:

Post a Comment