Thursday, January 24, 2013

ഗൂഢാലോചനയെന്ന് ഗഡ്കരി; ബിജെപിയില്‍ പ്രതിസന്ധി ഒഴിയുന്നില്ല


ബിജെപിയെ പൊട്ടിത്തെറിയുടെ വക്കിലെത്തിച്ച സംഭവ പരമ്പരകള്‍ക്കൊടുവില്‍ ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥിയായി കണ്ടെത്തിയ രാജ്നാഥ്സിങ്ങിനെ ബിജെപി അധ്യക്ഷനായി തെരഞ്ഞെടുത്തു. അഴിമതി ആരോപണവിധേയനായ നിതിന്‍ ഗഡ്കരിയെ തുടര്‍ച്ചയായി രണ്ടാം തവണയും അധ്യക്ഷനാക്കാനുള്ള ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ നീക്കം എല്‍ കെ അദ്വാനിയുടെ നേതൃത്വത്തില്‍ അട്ടിമറിച്ചാണ് രാജ്നാഥ്സിങ്ങിന്റെ സ്ഥാനാരോഹണം. മറ്റാരും നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാത്തതിനാല്‍ രാജ്നാഥ്സിങ്ങിനെ അധ്യക്ഷനായി തെരഞ്ഞെടുത്തതായി വരണാധികാരി ഥവര്‍ ചന്ദ് ഗഹ്ലോട്ട് പ്രഖ്യാപിച്ചു. തന്നെ അധ്യക്ഷനായി തെരഞ്ഞെടുക്കേണ്ടിവന്ന സാഹചര്യം സന്തോഷമുണ്ടാക്കുന്നതല്ലെന്ന് രാജ്നാഥ്സിങ് പറഞ്ഞു. നിതിന്‍ ഗഡ്കരി വീണ്ടും അധ്യക്ഷനാകണമെന്നാണ് തങ്ങള്‍ ആഗ്രഹിച്ചത്. ഇതിനായി ബിജെപി ഭരണഘടനയില്‍ ഭേദഗതി വരുത്തുകയും ചെയ്തു. എന്നാല്‍, അടിസ്ഥാനരഹിതമായ ആരോപണങ്ങളില്‍ മനംനൊന്ത് ഗഡ്കരി രാജിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു-രാജ്നാഥ്സിങ് പറഞ്ഞു. താന്‍ വീണ്ടും അധ്യക്ഷനാകാതിരിക്കാന്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നതായി നിതിന്‍ ഗഡ്കരി പറഞ്ഞു.

ബിജെപി പാര്‍ലമെന്ററി പാര്‍ടി ബോര്‍ഡ് രാജ്നാഥ്സിങ്ങിന്റെ പേര് അധ്യക്ഷസ്ഥാനത്തേക്ക് നിര്‍ദേശിച്ചു. ഗഡ്കരി രണ്ടാമൂഴം തേടിയാല്‍ മത്സരിക്കാനിരുന്ന യശ്വന്ത്സിന്‍ഹ പിന്‍വാങ്ങുകയും ചെയ്തു. ഇതോടെയാണ് ഏകകണ്ഠമായി രാജ്നാഥ്സിങ്ങിനെ തെരഞ്ഞെടുക്കാനുള്ള വഴിതുറന്നത്. ചരിത്രത്തില്‍ ആദ്യമായി ആര്‍എസ്എസ് സര്‍സംഘചാലകിന്റെ അഭിപ്രായം തള്ളിയാണ് ബിജെപി പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തത്.

പുതിയ സംഭവവികാസത്തില്‍ ആര്‍എസ്എസ് കടുത്ത ആശങ്കയിലാണ്. ആരോപണങ്ങള്‍ ഒന്നിനു പിറകെ ഒന്നായി ഉയരുമ്പോഴും ഗഡ്കരിയെ തന്നെ രണ്ടാമതും അധ്യക്ഷനാക്കണമെന്നായിരുന്നു സര്‍സംഘചാലക് മോഹന്‍ ഭഗവതിന്റെ നിര്‍ദേശം. ആര്‍എസ്എസില്‍ തന്നെ ഇത് വിള്ളലുണ്ടാക്കി. ബിജെപിയില്‍ മോഹന്‍ ഭഗവതിന്റെ ശത്രുപക്ഷത്തുള്ള എല്‍ കെ അദ്വാനി ഗഡ്കരിക്കെതിരെ വീട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തു. മുതിര്‍ന്ന നേതാക്കളായ യശ്വന്ത്സിന്‍ഹ, ജസ്വന്ത്സിങ്, ശത്രുഘ്നന്‍ സിന്‍ഹ, രാംജത്മലാനി എന്നിവര്‍ അദ്വാനിക്കൊപ്പം നിലകൊണ്ടു. അരുണ്‍ ജയ്റ്റ്ലിയും സുഷമ സ്വരാജും ഗഡ്കരി വിരുദ്ധരാണെങ്കിലും ആര്‍എസ്എസിനെ പിണക്കാന്‍ തയ്യാറായിരുന്നില്ല.

ചൊവ്വാഴ്ചയാണ് മോഹന്‍ ഭഗവതിന്റെ പദ്ധതി പൊളിക്കുന്ന നീക്കം അദ്വാനിയുടെ നേതൃത്വത്തില്‍ അരങ്ങേറിയത്. ഗഡ്കരി മത്സരിക്കുകയാണെങ്കില്‍ എതിര്‍ സ്ഥാനാര്‍ഥിയായി യശ്വന്ത്സിന്‍ഹയെ രംഗത്തിറക്കാന്‍ തീരുമാനമായി. ഗഡ്കരിയുടെ മഹാരാഷ്ട്രയിലെ വിവാദമായ പൂര്‍ത്തി കമ്പനിയില്‍ നിക്ഷേപം നടത്തിയ തട്ടിക്കൂട്ട് കമ്പനികളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത് ഇതിനു പിന്‍ബലമായി. സിന്‍ഹ ബിജെപി ആസ്ഥാനത്ത്നിന്ന് നാമനിര്‍ദേശപത്രിക വാങ്ങി. സിന്‍ഹ മത്സരിക്കുമെന്ന് വന്നതോടെ ഗഡ്കരിയെ ചൊല്ലി സംഘപരിവാര്‍ ഭിന്നിക്കുമെന്ന നിലയായി. തുടര്‍ന്ന് ബിജെപിയുടെ മുതിര്‍ന്നനേതാക്കള്‍ അടിയന്തരയോഗം വിളിച്ചാണ് രാജ്നാഥ്സിങ്ങിനെ അധ്യക്ഷനാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ബിജെപിയിലെ ശാക്തിക ചേരികള്‍ തമ്മിലുള്ള പോര് അവസാനിക്കില്ല. മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായ രാജ്നാഥ്സിങ് 2005-09ല്‍ ബിജെപി അധ്യക്ഷനായിരുന്നു. ആര്‍എസ്എസ് നിര്‍ദേശപ്രകാരം ഗഡ്കരിയെ അധ്യക്ഷനാക്കാന്‍ സ്ഥാനമൊഴിഞ്ഞു. ഉത്തര്‍പ്രദേശിലെ ഭഭൗറ ഗ്രാമത്തില്‍നിന്നുള്ള രാജ്നാഥ്സിങ് ഭൗതികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്.
(പി വി അഭിജിത്)

കര്‍ണാടകത്തില്‍ രണ്ട് മന്ത്രിമാരടക്കം 13 എംഎല്‍എമാര്‍ രാജിവച്ചു

ബംഗളൂരു: കര്‍ണാടക സര്‍ക്കാരിന്റെ പതനം ഉറപ്പാക്കി രണ്ട് മന്ത്രിമാര്‍ ഉള്‍പ്പെടെ 13 ബിജെപി എംഎല്‍എമാര്‍ നിയമസഭാംഗത്വം രാജിവച്ചു. 224 അംഗ നിയമസഭയില്‍ 117 പേരുടെ പിന്തുണ ഉണ്ടായിരുന്ന ബിജെപി അംഗബലം ഇതോടെ 104 ആയി ചുരുങ്ങി. ഊര്‍ജമന്ത്രി ശോഭകരന്ത്ലാജെ, പൊതുമരാമത്ത് മന്ത്രി സി എം ഉദാസി, നെഹ്റു ഒലേക്കര്‍, തിപ്പസ്വാമി, ബി പി ഹരീഷ്, ഹര്‍ത്തുര്‍ ഹാലപ്പ, സുരേഷ്ഗൗഡ പാട്ടീല്‍, എസ് ഐ ചിക്കനഗൗഡര്‍, സുരേഷ് ഗൗഡ, ജി ശിവണ്ണ, എല്‍ ചന്ദ്രപ്പ, വി എസ് പാട്ടീല്‍, ബസവരാജ് പാട്ടീല്‍ അതൂര്‍ എന്നീ എംഎല്‍എമാരാണ് ബുധനാഴ്ച ഉച്ചയോടെ രാജിക്കത്തുമായി വിധാന്‍സൗധയിലെ സ്പീക്കറുടെ ഓഫീസില്‍ എത്തിയത്. മുന്‍ മുഖ്യമന്ത്രിയും കെജെപി അധ്യക്ഷനുമായ ബി എസ് യെദ്യൂരപ്പയെ അനുകൂലിക്കുന്നവരാണ് രാജിവച്ച എംഎല്‍എമാര്‍. ഇവരെക്കൂടാതെ മന്ത്രിമാരായ രേണുകാചാര്യയും മുരുകേഷ് നിറാനിയും എട്ടോളം എംഎല്‍എമാരും ഉടന്‍ രാജിവയ്ക്കുമെന്ന് യെദ്യൂരപ്പ അനുകൂലികള്‍ പറഞ്ഞു.

സര്‍ക്കാര്‍ വീഴുമെന്നുറപ്പായതോടെ പിടിച്ചുനില്‍ക്കാന്‍ സ്പീക്കറെ മുന്‍നിര്‍ത്തി ബിജെപി നടത്തിയ നാണംകെട്ട രാഷ്ട്രീയക്കളി ഭരണഘടനാ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. എംഎല്‍എമാര്‍ രാജിവയ്ക്കുമെന്ന് മുന്‍കൂട്ടി അറിയിച്ചിട്ടും സ്പീക്കര്‍ ചൊവ്വാഴ്ച രാത്രിയോടെ വിദേശത്ത് വിനോദസഞ്ചാരത്തിന് പോയി. സ്പീക്കറുടെ ഓഫീസ് സെക്രട്ടറിയും ബുധനാഴ്ച അവധിയായിരുന്നു. മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറും ബുധനാഴ്ച രാവിലെ ഉത്തരകര്‍ണാടക ജില്ലകളിലേക്ക് പര്യടനത്തിന് തിരിച്ചു. സ്പീക്കറോ സ്പീക്കറുടെ ഓഫീസോ രാജി സ്വീകരിക്കാത്തതിനാല്‍ എംഎല്‍എമാരുടെ രാജി സാങ്കേതികമായി നിലവില്‍ വന്നില്ല. തുടര്‍ന്ന് എംഎല്‍എമാര്‍ ഗവര്‍ണറെ സന്ദര്‍ശിച്ച് രാജിക്കത്തിന്റെ കോപ്പി കൈമാറി. പ്രശ്നത്തില്‍ ഭരണഘടനാനുസൃത നടപടി സ്വീകരിക്കുമെന്ന് ഗവര്‍ണര്‍ ഉറപ്പു നല്‍കിയതായി മന്ത്രിസ്ഥാനം രാജി വച്ച സി എം ഉദാസി അറിയിച്ചു. മന്ത്രിസഭയില്‍നിന്നുള്ള രാജിക്കത്ത് ശോഭയും ഉദാസിയും രാവിലെ ജഗദീഷ് ഷെട്ടാറിന് കൈമാറി. മുഖ്യമന്ത്രി ഗുല്‍ബര്‍ഗയിലേക്ക് തിരിക്കുന്നത് മുന്‍കൂട്ടിക്കണ്ട് രാവിലെ കത്ത് കൈമാറിയതിനാല്‍ ജഗദീഷ് ഷെട്ടാറിന് മന്ത്രിസഭയില്‍നിന്നുള്ള രാജിക്കത്ത് വാങ്ങുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറാനായില്ല.

പിന്നീട് എംഎല്‍എമാര്‍ രാജിക്കത്തുമായി സ്പീക്കറുടെ ചേംബറിനുമുന്നില്‍ എത്തിയത് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. സി എം ഉദാസിയുടെ നേതൃത്വത്തിലെത്തിയ എംഎല്‍എമാര്‍ സ്പീക്കറുടെ ചേംബറില്‍ എത്തിയപ്പോള്‍ സ്പീക്കറോ നിയമസഭാ ലെജിസ്ലേറ്റീവ് സെക്രട്ടറിയോ ഉണ്ടായിരുന്നില്ല. ഒരുമണിക്കൂറോളം കാത്തശേഷം ജോ.സെക്രട്ടറിയോട് രാജിക്കത്ത് വാങ്ങിവയ്ക്കാന്‍ എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, തനിക്കതിന് നിര്‍വാഹമില്ലെന്ന് അവര്‍ അറിയിച്ചു. തുടര്‍ന്ന് കെജെപി അധ്യക്ഷന്‍കൂടിയായ മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയും സ്ഥലത്തെത്തി. ഫെബ്രുവരി നാലിന് ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെയാണ് സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്.
(വികാസ് കാളിയത്ത്)

deshabhimani 240113

No comments:

Post a Comment