തൃശൂര്‍: പൊതുമേഖലാസ്ഥാപനമായ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ഫോര്‍ജിങ്സ് ലിമിറ്റഡിനെ (എസ്ഐഎഫ്എല്‍) അഴിമതിയുടെ കൂത്തരങ്ങാക്കി തകര്‍ക്കുന്നത് യുഡിഎഫ്. സ്ഥാപനത്തില്‍ അടുത്തകാലത്തുണ്ടായ കരാറുകളെല്ലാം അഴിമതിക്കുവേണ്ടിയായിരുന്നെന്ന ആക്ഷേപം ശരിവയ്ക്കുന്നതാണ് സിബിഐ കണ്ടെത്തിലിലൂടെ വെളിപ്പെടുന്നത്. എന്നാല്‍ ഭരണനേതൃത്വത്തിന്റെ ഒത്താശയോടെ നടന്ന അഴിമതി ഏതാനും ഉദ്യോഗസ്ഥരില്‍ മാത്രം അന്വേഷണം നടത്തി ഒതുക്കാനാണ് നീക്കം.
എല്‍ഡിഎഫ് ഭരണത്തില്‍ പത്തു കോടിയാളം രൂപ ലാഭത്തിലായ സ്ഥാപനം മൂന്നുതവണ മികച്ച പൊതുമേഖലാ സ്ഥാപനത്തിനുള്ള പുരസ്കാരവും നേടിയിരന്നു. എന്നാല്‍ യുഡിഎഫ് ഭരണം രണ്ടു വര്‍ഷം തികയുംമുമ്പേ നഷ്ടത്തിലായി. പ്രതിരോധ വകുപ്പിലേക്ക് സാമഗ്രികള്‍ നല്‍കാന്‍ 12 ശതമാനം കമീഷന്‍ നിരക്കില്‍ ഇടനിലക്കാര്‍ മുഖേന കരാര്‍ ഉണ്ടാക്കിയത് യുഡിഎഫ് ഭരണത്തിലാണ്. ചെന്നൈയിലെ ഹെവി ഇലക്ട്രിക്കല്‍സ്, ഹൈദരാബാദ് മേഡക്കിലെ ഓര്‍ഡിനന്‍സ് ഫാക്ടറി എന്നിവിടങ്ങളിലേക്ക് ടാങ്കര്‍ നിര്‍മാണത്തിന് സാമഗ്രികള്‍ നല്‍കിയ രണ്ട് കരാറുകളിലെ കമീഷന്‍ അഴിമതികള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നത്. ഐഎസ്ആര്‍ഒ, റെയില്‍വേ, ബിഇഎംഎല്‍, ബിഎച്ച്ഇഎല്‍ തുടങ്ങിയ കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും എസ്ഐഎഫ്എല്‍ സാമഗ്രികള്‍ നല്‍കുന്നുണ്ട്. സിബിഐ കസ്റ്റഡിയിലെടുത്ത മുന്‍ എംഡി ഷാനവാസ് കഴിഞ്ഞ ഒരു വര്‍ഷമായി നടത്തിയ എല്ലാ കരാറുകളും അന്വേഷിക്കുമെന്നാണ് സിബിഐ നല്‍കുന്ന സൂചന.
പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട കമീഷന്‍ ഇടപാട് പിടിക്കപ്പെടുന്ന ഘട്ടം വന്നപ്പോഴാണ് എംഡി ഷാനവാസ്, മാര്‍ക്കറ്റിങ് മാനേജര്‍ എ വത്സന്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്ത് സര്‍ക്കാര്‍ കൈയൊഴിഞ്ഞത്. ഷാനവാസ്, വത്സന്‍, ഇടനിലക്കാരി മുംബൈ സ്വദേശി സുബി മാലി എന്നിവരില്‍നിന്ന് സിബിഐ തെളിവെടുപ്പ് തുടരുന്നു. സുബി മാലി തൃശൂരിലെ ഫോര്‍ജിങ്സ് ഓഫീസില്‍ വച്ചാണ്് എംഡി ഷാനവാസുമായി കരാറിലെത്തിയതും ഗൂഢാലോചന നടത്തിയതെന്നുമാണ് സിബിഐ നിഗമനം. എന്നാല്‍ വന്‍ കമീഷന്‍ വ്യവസ്ഥയില്‍ പൊതുമേഖലാ സ്ഥാപനത്തിന്റെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള കരാര്‍ വ്യവസായവകുപ്പിലെ ഉന്നതരുടെ അറിവോടെയാണെന്ന് വ്യക്തം. ഇതുസംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ സിബിഐക്ക് ലഭിച്ചെങ്കിലും ഭരണതലത്തിലെ ആരെയും ചോദ്യം ചെയ്തിട്ടില്ല.
എല്‍ഡിഎഫ് ഭരണത്തില്‍ പ്രതിവര്‍ഷം ശരാശരി 75-80 കോടിവിറ്റുവരവ് സില്‍ക്കിന്റെ അനുബന്ധ സ്ഥാപനമായ ഫോര്‍ജിങ്സിന് ഉണ്ടായിട്ടുണ്ട്. ഒമ്പതു കോടി വരെ ലാഭവും രേഖപ്പെടുത്തി. ഐഎസ്ആര്‍ഒയുടെ റോക്കറ്റ് നിര്‍മാണത്തിനുള്ള സാമഗ്രികള്‍ നല്‍കി ദേശീയതലത്തില്‍ ശ്രദ്ധേയമായി. തുടര്‍ന്നാണ് മികച്ച സ്ഥാപനത്തിനുള്ള അവാര്‍ഡ് തുടര്‍ച്ചയായി നേടിയത്. എന്നാല്‍ യുഡിഎഫ് ഭരണത്തില്‍ ലാഭം കുറയാന്‍ തുടങ്ങി. കഴിഞ്ഞ മാസം സ്ഥാപനം 80 ലക്ഷം രൂപയുടെ നഷ്ടത്തിലുമായി. സ്ഥാപനത്തിനെ തകര്‍ക്കും വിധം ഇടനിലക്കാര്‍ മുഖേന 12 ശതമാനം കമീഷന്‍ നിരക്കില്‍ കരാര്‍ ഉണ്ടാക്കിയപ്പോള്‍ അതിനെ ജീവനക്കാര്‍ എതിര്‍ത്തതാണെന്ന് സില്‍ക്ക് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) സെക്രട്ടറി കെ പി ജോയ്സന്‍ പറഞ്ഞു. അഴിമതി അന്വേഷണം ഉദ്യോഗസ്ഥരില്‍ ഒതുക്കാതെ ഭരണതലത്തിലേക്ക് വ്യാപിപ്പിക്കണമെന്ന് എസ്ഐഎഫ്എല്‍ എംപ്ലോയീസ് യൂണിയന്‍ (എഐടിയുസി) പ്രസിഡന്റ് എ എന്‍ രാജന്‍ ആവശ്യപ്പെട്ടു.
deshabhimani 240113
No comments:
Post a Comment