Wednesday, January 23, 2013
ദേശീയപാത അറ്റകുറ്റപ്പണിക്ക് അനുവദിച്ച 5കോടി റദ്ദാക്കി
തൃശൂര്‍: മണ്ണുത്തിമുതല്‍ പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി വരെയുള്ള ദേശീയപാതയുടെ അറ്റകുറ്റപ്പണിക്കായി അനുവദിച്ച തുക റദ്ദാക്കി. നേരത്തേ മണ്ണുത്തി മുതല്‍ വടക്കഞ്ചേരി വരെ 30 കിലോമീറ്റര്‍ ദൂരം റീടാറിങ് നടത്തുന്നതിനായി ദേശീയപാത അധികൃതര്‍ 4.90കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് പി സി ചാക്കോ എംപിയും എം പി വിന്‍സന്റ് എംഎല്‍എയും പ്രഖ്യാപിച്ചിരുന്നു. ഈ തുക റദ്ദാക്കിയതായി ദേശീയപാത അധികൃതരാണ് വ്യക്തമാക്കിയത്. ദേശീയപാത അറ്റകുറ്റപ്പണികള്‍ നടത്താനിരിക്കെ ഇത്രയും തുക അനുവദിക്കുന്നത് നഷ്ടമാണെന്നും കുഴിയടയ്ക്കാനുള്ള 60 ലക്ഷം രൂപ മാത്രമേ നല്‍കൂ എന്നുമാണ് അധികൃതരുടെ നിലപാട്.
തുക അനുവദിക്കുമെന്ന് പ്രഖ്യാപിച്ചശേഷം ടാറിങ്ങിന് നവംബര്‍ പത്തിനകം ആദ്യ ടെന്‍ഡര്‍ വിളിച്ചിരുന്നു. ആരും ടെണ്ടര്‍ നല്‍കാത്തതിനാല്‍ 30 വരെ തീയതി നീട്ടി. ലഭിച്ചത് ഒരു ടെന്‍ഡര്‍ മാത്രം. ഇത് അവസാന തീരുമാനത്തിനായി അധികൃതര്‍ക്ക് അയച്ചിരിക്കെയാണ് തുക റദ്ദാക്കിക്കൊണ്ടുള്ള അറിയിപ്പ്. ഇപ്പോഴും ദേശീയപാത കുണ്ടും കുഴികളും നിറഞ്ഞ് ഇതുവഴിയുള്ള വാഹനയാത്ര ദുഷ്കരമാണ്. അതിനിടെ തുക റദ്ദാക്കിയതിനെക്കുറിച്ച് തനിക്ക് അധികൃതരില്‍നിന്ന് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും ഇക്കാര്യം എംപിയോട് അന്വേഷിക്കാനുമാണ് എം വിന്‍സെന്റ് എംഎല്‍എയുടെ മറുപടി. മണ്ണുത്തി-വടക്കഞ്ചേരി ദേശീതപാത കഴിഞ്ഞ ഒരുവര്‍ഷത്തിലേറെയായി തകര്‍ന്നുകിടക്കുകയാണ്. ജനങ്ങള്‍ റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള പ്രക്ഷോഭങ്ങള്‍ ആരംഭിച്ചതിനെത്തുടര്‍ന്നാണ് എംപിയും എംഎല്‍എയും അടക്കമുള്ളവര്‍ വാഗ്ദാനങ്ങളുമായി രംഗത്തുവന്നത്. 4.9 കോടി രൂപ അനുവദിച്ചതായി പ്രഖ്യാപനവും നടത്തി. എന്നാല്‍ പ്രഖ്യാപനങ്ങള്‍ പ്രതിഷേധം ഒതുക്കാനുള്ള തന്ത്രമായിരുന്നുവെന്ന് ഇതോടെ വ്യക്തമായി.
യുഡിഎഫ് നേതൃത്വം ജനങ്ങളെ വഞ്ചിച്ചു: എ സി മൊയ്തീന്‍
തൃശൂര്‍: മണ്ണുത്തി മുതല്‍ വടക്കഞ്ചേരിവരെയുള്ള ദേശീയപാത നവീകരണത്തിന് അനുവദിച്ച 4.9 കോടി രൂപ വേണ്ടെന്നുവച്ച നടപടിയിലൂടെ സര്‍ക്കാരും യുഡിഎഫ് ജനപ്രതിനിധികളും ജനങ്ങളെ കബളിപ്പിച്ചുവെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഒരു വര്‍ഷത്തിലേറെയായി ദേശീതപാത തകര്‍ന്നുകിടക്കുകയാണ്. തൃശൂര്‍-പാലക്കാട് യാത്ര നരകതുല്യമാണ്. വാഹനങ്ങള്‍ മറ്റ് വഴികളിലൂടെയാണ് പോവുന്നത്. കുണ്ടുംകുഴിയും കാരണം മണിക്കൂറുകള്‍ ഗതാഗതക്കുരുക്കാണ് ഈ റൂട്ടില്‍. ഇതിനെതിരെ ജനങ്ങളുടെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ ത്തുടര്‍ന്നാണ് റോഡിന്റെ റീ ടാറിങ് ഉടന്‍ നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി പി സി ചാക്കോ എംപിയും എംപി വിന്‍സന്റ് എംഎല്‍എ അടക്കമുള്ളവരും ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയത്. ഇതിനായി 4.9 കോടി അനുവദിച്ചതായി പ്രഖ്യാപനവും വന്നു. എന്നാല്‍ ഈ പ്രഖ്യാപനങ്ങള്‍ ജനങ്ങളുടെ പ്രതിഷേധം തണുപ്പിക്കാനുള്ള അടവ് മാത്രമായിരുന്നുവെന്ന് തെളിഞ്ഞിരിക്കയാണ്. ഇക്കാര്യത്തില്‍ ജനങ്ങളോട് മാപ്പ് പറയാന്‍ മുഖ്യമന്ത്രിയും എംപിയും എംഎല്‍എയും അടക്കമുള്ള യുഡിഎഫ് നേതൃത്വം തയ്യാറാകണം. അതോടൊപ്പം മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത നന്നാക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി വേണമെന്നും മൊയ്തീന്‍ ആവശ്യപ്പെട്ടു.
deshabhimani 230113
Labels:
പൊതുഗതാഗതം,
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment