Wednesday, January 23, 2013
മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ 8800 കിലോ മരുന്ന് നശിപ്പിച്ചു
ആലപ്പുഴ: കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ സ്വകാര്യ കമ്പനികളില്‍ നിന്ന് വാങ്ങിക്കൂട്ടിയ ഗുണ നിലവാരമില്ലാത്ത 8800 കിലോ മരുന്ന് നശിപ്പിച്ചു. ആലപ്പുഴ കെഎസ്ഡിപിയുടെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന മരുന്നാണ് നശിപ്പിക്കാനായി നീക്കിയത്. വായു ക്ഷോഭത്തിനുള്ള അലുമിനിയം ഹൈഡ്രോക്സൈഡ് മുതല്‍ വിലപിടിപ്പുള്ള ജീവന്‍ രക്ഷാ മരുന്നുകള്‍വരെ ഇതില്‍പ്പെടും. ഇമേജ് എന്ന പാലക്കാട്ടെ ഏജന്‍സി അവിടെ കൊണ്ടുപോയാണ് ഇവ നശിപ്പിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരത്തില്‍ അഞ്ചുലോറിയില്‍ മരുന്ന് കൊണ്ടുപോയതായി കെഎസ്ഡിപി വൃത്തങ്ങള്‍ പറഞ്ഞു. നശിപ്പിച്ച മരുന്നിന് ലക്ഷങ്ങള്‍ വില വരും.
രണ്ട് വര്‍ഷം മുമ്പാണ് കെഎംസിഎല്‍ കെഎസ്ഡിപിയില്‍ നിന്ന് ഗോഡൗണ്‍ വാടകയ്ക്ക് എടുത്തത്. അതുകൊണ്ടുതന്നെ അതിനുശേഷം വാങ്ങിയ മരുന്ന് മാത്രമേ ഇവിടെ സൂക്ഷിക്കാനിടയുള്ളൂ. ഒന്നര വര്‍ഷം ഉപയോഗിക്കാന്‍ കഴിയുന്ന മരുന്നുകളെ കെഎംസിഎല്‍ വാങ്ങാറുള്ളൂ. അതിനാല്‍ കാലപ്പഴക്കം മൂലം കേടായ മരുന്നുകളാണ് നശിപ്പിച്ചതെന്ന് കരുതാനാകില്ല. മറിച്ച് ഗുണമേന്മയില്ലെന്ന് ലാബ് പരിശോധനയില്‍ തെളിഞ്ഞ് ആശുപത്രികളില്‍ നിന്ന് മടക്കി നല്‍കിയവയാണ് ഇതില്‍ കൂടുതലുമെന്ന് പറയുന്നു. രണ്ട് വര്‍ഷമായി കെഎസ്ഡിപിയില്‍ നിന്ന് വളരെ കുറച്ച് മരുന്നുകള്‍ മാത്രമേ കെഎംസിഎല്‍ മുഖേന സര്‍ക്കാര്‍ വാങ്ങുന്നുള്ളൂ. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 40 കോടിയുടെ മരുന്ന് വാങ്ങിയ സ്ഥാനത്ത് കഴിഞ്ഞ വര്‍ഷം 11 കോടിയുടെ മരുന്ന് മാത്രമാണ് വാങ്ങിയത്. പകരമായി സ്വകാര്യ കമ്പനികളില്‍ നിന്ന് ഗുണനിലവാരം കുറഞ്ഞ മരുന്ന് വാങ്ങികൂട്ടുകയായിരുന്നു. ഇതു മൂലം കെഎസ്ഡിപിയില്‍ ഉല്‍പ്പാദിപ്പിച്ച കോടികളുടെ മരുന്ന് ഇവിടെ കെട്ടിക്കിടക്കുകയാണ്. ആറ് മാസം കഴിഞ്ഞാല്‍ ഇവയും നശിപ്പിക്കേണ്ടിവരും. കെഎസ്ഡിപിയുടെ മരുന്ന് വാങ്ങാതിരുന്നിട്ടും കെഎംസിഎല്‍ ഇവിടെ മറ്റൊരു ഗോഡൗണിനുവേണ്ടി ശ്രമം തുടങ്ങി. സ്വകാര്യ മേഖലയില്‍ നിന്ന് ഇനിയും മരുന്ന് വാങ്ങി കൂട്ടാനാണിതെന്നും പറയുന്നു.
deshabhimani 230113
Labels:
ആരോഗ്യരംഗം
Subscribe to:
Post Comments (Atom)
No comments:
Post a Comment