Monday, January 21, 2013

ചെറുകുളത്തൂര്‍ അവയവദാന ഗ്രാമമാവുന്നു


കുന്നമംഗലം: ഇന്ത്യയിലെ ആദ്യത്തെ നേത്രദാന ഗ്രാമമെന്ന് പേരുനേടിയ ചെറുകുളത്തൂര്‍ ഗ്രാമം ആദ്യത്തെ അവയവദാന ഗ്രാമവുമാകുന്നു. 26ന് പ്രശസ്ത നര്‍ത്തകിയും സോഷ്യല്‍ ആക്ടിവിസ്റ്റുമായ മല്ലികാ സാരാഭായ് അവയവദാന ഗ്രാമ പ്രഖ്യാപനം നടത്തും. 2005 ഫെബ്രുവരി 13നാണ് മലയാളത്തിന്റെ പ്രിയ എഴുത്തുകാരനും ജ്ഞാനപീഠ ജേതാവുമായ എം ടി വാസുദേവന്‍നായര്‍ ചെറുകുളത്തൂരിനെ ആദ്യത്തെ നേത്രദാന ഗ്രാമമായി പ്രഖ്യാപിച്ചത്. സ: കെ പി ഗോവിന്ദന്‍കുട്ടി സ്മാരക വായനശാലയാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. നേത്രദാന ഗ്രാമ പ്രഖ്യാപനത്തിനു ശേഷം ചെറുകുളത്തൂരില്‍ നിന്ന് മരണാനന്തരം തൊണ്ണൂറ്റിരണ്ട് പേരുടെ കണ്ണുകള്‍ ഇതുവരെ ദാനം ചെയ്തു. അതുവഴി അന്ധതയുടെ ലോകത്തുനിന്ന് 181 പേര്‍ക്ക് മോചനം ലഭിച്ചു. കക്ഷി രാഷ്ട്രീയത്തിനും ജാതിമതത്തിനും അതീതമായാണ് ഈ നേട്ടം ചെറുകുളത്തൂര്‍ കൈവരിച്ചത്. ഈ ഗ്രാമത്തില്‍ നിന്ന് മരണാനന്തരം കണ്ണുകള്‍ ദാനം ചെയ്തവരില്‍ അമ്പത് ശതമാനവും സ്ത്രീകളാണെന്നത് ശ്രദ്ധേയം.

"നേത്രദാനത്തില്‍ നിന്ന് അവയവദാനത്തിലേക്ക്" എന്ന മുദ്രാവാക്യമുയര്‍ത്തി വായനശാല നടത്തിയ ബോധവല്‍ക്കരണ പ്രവര്‍ത്തനത്തിന്റെ ഫലമായി അപകടം മൂലമോ മറ്റോ മസ്തിഷ്ക മരണം സംഭവിച്ചാല്‍ തങ്ങളുടെ കരള്‍, വൃക്ക, ഹൃദയം, കണ്ണുകള്‍ തുടങ്ങിയവ ദാനം ചെയ്യാന്‍ തയ്യാറാണെന്ന് ഈ ഗ്രാമത്തിലെ ജനങ്ങള്‍ സമ്മതപത്രം ഒപ്പിട്ടു നല്‍കിയിരിക്കുകയാണ്. ഇത്മെഡിക്കല്‍ കോളേജിന് കൈമാറും. പ്രഖ്യാപനം 26 ന് വൈകീട്ട് നാലുമണിക്കാണ്. ജീവിച്ചിരിക്കുമ്പോള്‍ തന്നെ അവയവങ്ങള്‍ ദാനം ചെയ്ത് മാതൃകയായവര്‍ ചടങ്ങില്‍ സംബന്ധിക്കും. ചടങ്ങിനോടനുബന്ധിച്ച് ഘോഷയാത്രയും കലാപരിപാടികളും നടക്കും.

deshabhimani 210113

No comments:

Post a Comment