Tuesday, May 7, 2013

രക്തസാമ്പിളുകള്‍ ഏറ്റുവാങ്ങിയ വിവരം മഹസറുകളില്‍ ഇല്ലെന്ന് എഎസ്ഐ


ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരുടെ രക്തസാമ്പിളും മറ്റും ഏത് ഡോക്ടറില്‍ നിന്നാണ് ഏറ്റുവാങ്ങിയതെന്ന് മഹസറുകളില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥന്റെ മൊഴി. 114-ാം സാക്ഷിയായി വിസ്തരിച്ച ക്രൈംബ്രാഞ്ച് എഎസ്ഐ എ എ മുഹമ്മദ് റാഫിയാണ് പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഇപ്രകാരം മൊഴി നല്‍കിയത്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട എം സി അനൂപ്, ദിപിന്‍, റഫീക്ക് എന്നിവരെ വൈദ്യപരിശോധന നടത്തുകയും രക്തത്തിന്റെയും മുടിയുടെയും സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തെന്ന് സ്ഥാപിക്കാനാണ് എഎസ്ഐയെ പ്രോസിക്യൂഷന്‍ സാക്ഷിയാക്കിയത്. സാമ്പിളുകള്‍ ഡോക്ടര്‍മാരില്‍നിന്ന് ഏറ്റുവാങ്ങിയ വിവരം മഹസറുകളില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് പ്രതിഭാഗം ക്രോസ് വിസ്താരത്തിലാണ് സാക്ഷി സമ്മതിച്ചത്. പ്രതികളെ ഡോക്ടര്‍മാരുടെ മുമ്പില്‍ ഹാജരാക്കിയെന്നും സാമ്പിളുകള്‍ ഏറ്റുവാങ്ങിയെന്നും സാക്ഷി കളവായി പറയുകയാണെന്ന് പ്രതിഭാഗം വാദിച്ചു.

കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കെ ശ്രീജിത്, എം സുധീഷ് എന്നിവരില്‍നിന്ന് ആയുധം പിടികൂടിയ കേസില്‍ ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്ന് 116-ാം സാക്ഷിയും ഇരിട്ടി എസ്ഐയുമായ കെ ജെ വിനോയ് പ്രതിഭാഗം ക്രോസ് വിസ്താരത്തില്‍ മൊഴി നല്‍കി. 2012 ജൂണ്‍ 14ന് ഇരിട്ടി പൊലീസ് സ്റ്റേഷനിലാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്്. സ്റ്റേഷനില്‍വച്ചാണ് ഇവരെ ആദ്യമായി കാണുന്നത്. ആയുധങ്ങള്‍ അന്ന് കണ്ടിട്ടില്ല. ഡിവൈഎസ്പി എ പി ഷൗക്കത്തലിയുടെ നിര്‍ദേശ പ്രകാരമാണ് കേസെടുത്തതെന്നും എസ്ഐ ബോധിപ്പിച്ചു. മഹസര്‍ സാക്ഷികളായ ക്രൈംബ്രാഞ്ച് എസ്ഐ എ വി വിജയന്‍, കൊളവല്ലൂര്‍ എസ്ഐ ഫായിസ്അലി, കൂത്തുപറമ്പ് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ബാബു ഗണേഷ് എന്നിവരെയും ഒന്നു മുതല്‍ ഏഴുവരെ പ്രതികള്‍ക്ക് സ്ഫോടക വസ്തു ലൈസന്‍സില്ലെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയ കണ്ണൂര്‍ കലക്ടറേറ്റിലെ ജൂനിയര്‍ സൂപ്രണ്ട് പ്രേമവല്ലിയെയും തിങ്കളാഴ്ച വിസ്തരിച്ചു.

ആറ് പൊലീസ് ഉദ്യോഗസ്ഥരെ പ്രോസിക്യൂഷന്‍ വിസ്തരിച്ചില്ല. കൂത്തുപറമ്പ് എസ്ഐ മധുസൂദനന്‍, വടകര എസ്ഐ പി വേണുഗോപാലന്‍, ചൊക്ലി എഎസ്ഐ ജയപ്രകാശന്‍, കെഎപി ബറ്റാലിയന്‍ സിവില്‍ പൊലീസ് ഓഫീസര്‍ അനീഷ്, ക്രൈംബ്രാഞ്ച് എസ്ഐ ബിനോ ബാബു, കൂത്തുപറമ്പ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ടി ധനേഷ് എന്നിവരെയാണ് വിസ്തരിക്കാതിരുന്നത്. വടകര പൊലീസ് ബോംബ് സ്ക്വാഡിലെ ഇ കെ രാജന്‍ അവധി അപേക്ഷ നല്‍കി. കേസില്‍ ഇതുവരെ വിസ്തരിച്ച സാക്ഷികളുടെ എണ്ണം 117 ആയി. പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ കെ ഗോപാലകൃഷ്ണക്കുറുപ്പ്, പി വി ഹരി, കെ അജിത്കുമാര്‍ എന്നിവരും പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി കുമാരന്‍കുട്ടിയും സാക്ഷികളെ വിസ്തരിച്ചു. കേസ് ഡയറിയിലെ 260, 262 മുതല്‍ 267 സാക്ഷികളെ ചൊവ്വാഴ്ച വിസ്തരിക്കും.

deshabhimani 070513

No comments:

Post a Comment