Saturday, May 11, 2013
മുല്ലപ്പള്ളിക്ക് സുവര്‍ണാവസരം
ചന്ദ്രശേഖരന്‍ വധക്കേസ് നല്‍കിയ സുവര്‍ണാവസരം മുതലാക്കാന്‍ കഴിഞ്ഞില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഡല്‍ഹിയില്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു കാണുന്നു. കേസ് സിബിഐക്ക് വിടണമെന്നും അതിനാവശ്യമായ നടപടി സംസ്ഥാനസര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നു. കേസ് ഈ ഘട്ടത്തില്‍ സിബിഐ അന്വേഷിക്കുകയോ അന്വേഷിക്കാതിരിക്കുകയോ ചെയ്യട്ടെ. അക്കാര്യത്തില്‍ ഞങ്ങള്‍ പ്രതികരിക്കാനുദ്ദേശിക്കുന്നില്ല. മാറാട് സംഭവം അന്വേഷിക്കുന്നതിന് സിബിഐയെ ചുമതലപ്പെടുത്തണമെന്ന് ജുഡീഷ്യല്‍ അന്വേഷണ കമീഷന്‍ ശുപാര്‍ശചെയ്തിട്ട് വര്‍ഷങ്ങള്‍ പലതായി. എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ ശുപാര്‍ശ അംഗീകരിക്കുകയും സിബിഐ അന്വേഷണം ആവശ്യപ്പെടുകയുംചെയ്തു. എന്തുകൊണ്ട് മാറാട് സംഭവം സിബിഐ അന്വേഷിക്കാതിരുന്നു എന്നതിന് വിശദീകരണം നല്‍കാന്‍ മുല്ലപ്പള്ളിക്ക് ബാധ്യതയുണ്ടെന്നുമാത്രം ചൂണ്ടിക്കാണിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.
ചന്ദ്രശേഖരന്‍ വധക്കേസിന്റെ വിചാരണ കോഴിക്കോട്ട് പ്രത്യേക കോടതിയില്‍ നടക്കുകയാണെന്നതുകൊണ്ട് വിചാരണയുമായി ബന്ധപ്പെട്ട ഒരു വിഷയത്തിലും അഭിപ്രായം പ്രകടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. കൊലപാതകവുമായി ബന്ധപ്പെട്ട് പറയാനുള്ളത് വ്യക്തമായ ഭാഷയില്‍ വളച്ചുകെട്ടില്ലാതെ പലതവണ പറഞ്ഞിട്ടുമുണ്ട്. അതില്‍തന്നെ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഡല്‍ഹിയില്‍ പ്രകടിപ്പിച്ച അഭിപ്രായമാണ് ചിന്താവിഷയം. ഒരു കൊലപാതകം സുവര്‍ണാവസരമായി കേന്ദ്രമന്ത്രിതന്നെ തുറന്നുപറഞ്ഞത് ആര്‍ക്കും അവഗണിക്കാന്‍ കഴിയുന്നതല്ല. മന്ത്രിയുടെ വാക്കുകള്‍ പത്രമാധ്യമങ്ങളില്‍ അച്ചടിച്ചുവന്നിട്ട് ഒരാഴ്ച കഴിഞ്ഞു. വാര്‍ത്ത തെറ്റാണെങ്കില്‍ അത് പറയേണ്ടത് മന്ത്രിതന്നെയാണ്. ഇതേവരെ അതുണ്ടായിട്ടില്ല. കൊലപാതകം എങ്ങനെയാണ് സുവര്‍ണാവസരമാകുന്നതെന്നാണ് ജനങ്ങള്‍ക്ക് അറിയേണ്ടത്. സിപിഐ എമ്മിന്റെ സംസ്ഥാനത്തെ ഉന്നത നേതാവിനും നേതാക്കള്‍ക്കും പങ്കുണ്ടെന്ന് മുല്ലപ്പള്ളി ആവര്‍ത്തിച്ച് പറയുന്നു. അതിനു തെളിവുണ്ടെങ്കില്‍ നല്‍കണമെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുല്ലപ്പള്ളിയോട് ആവശ്യപ്പെട്ടിരിക്കുന്നു. തെളിവ് ഉണ്ടെങ്കില്‍ നല്‍കുമായിരുന്നു എന്നും രാധാകൃഷ്ണന്‍ പറയുന്നു.
കോണ്‍ഗ്രസിനകത്തെ ഗ്രൂപ്പുവഴക്കിന്റെ വിഷയമായി ഇത് കാണാന്‍ വയ്യ. ഒരു കൊലപാതകം സുവര്‍ണാവസരമായി കാണുന്ന ചേതോവികാരം അസാധാരണംതന്നെയാണ്. സിബിഐ എന്ന അന്വേഷണ ഏജന്‍സിയുടെ യഥാര്‍ഥ മുഖം മറനീക്കി പുറത്തുവന്ന അവസരംകൂടിയാണിത്. സിബിഐ എന്ന സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ കോണ്‍ഗ്രസ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനായി തരംതാണ അനുഭവങ്ങളാണ് പരമോന്നത നീതിപീഠമായ സുപ്രീംകോടതി വെളിപ്പെടുത്തിയത്. സിപിഐ എം നേതാക്കളെ ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളായി ചേര്‍ത്തിട്ടുണ്ട്. അതിന്റെ സത്യാവസ്ഥ നീതിന്യായ കോടതിതന്നെ കണ്ടെത്തുമെന്ന് കരുതാനാണ് ഞങ്ങള്‍ ഇഷ്ടപ്പെടുന്നത്. അതുകൊണ്ടുതന്നെ ഞങ്ങള്‍ ഇക്കാര്യത്തില്‍ തികഞ്ഞ മൗനം അവലംബിക്കുകയാണ്. അന്വേഷണവേളയിലും വിചാരണവേളയിലും ഇടപെട്ട് അഭിപ്രായപ്രകടനം നടത്തിയ ആഭ്യന്തരമന്ത്രിയുടെ മാതൃക പിന്തുടരാന്‍ ഞങ്ങള്‍ക്കാവില്ല. കൊലപാതകത്തിന്റെ പിന്നിലുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിനാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് ചന്ദ്രശേഖരന്റെ വിധവയും പറയുന്നു.
അവര്‍ അവിടെ നിര്‍ത്തുന്നില്ല. അന്വേഷണം നടന്നാല്‍ പിണറായി വിജയനും പി ജയരാജനും കുടുങ്ങുമെന്ന് അവര്‍ കണ്ണൂരില്‍ പറഞ്ഞത് കടന്ന കൈയായിപ്പോയി. ഒരു വിധവയുടെ വികാരമാണെന്ന് കരുതി ഇത്തരം ജല്‍പ്പനങ്ങള്‍ അവഗണിക്കാമായിരുന്നു. എന്നാല്‍, അവര്‍ കേവലം വിധവമാത്രമല്ല. മുല്ലപ്പള്ളിയുടെ പാര്‍ടിയുമായി ചേര്‍ന്ന് സജീവ രാഷ്ട്രീയത്തില്‍ ഇടപെടുന്ന വ്യക്തികൂടിയാണ്. മുല്ലപ്പള്ളി രാമചന്ദ്രന്‍ അവരുടെ പേരില്‍ സംസാരിക്കുന്നത് തികഞ്ഞ രാഷ്ട്രീയലക്ഷ്യത്തോടെയാണ്. അവസരം മുതലെടുക്കാന്‍ കഴിയാത്തതിലുള്ള നിരാശ നിഴലിക്കുന്നതാണ് മുല്ലപ്പള്ളിയുടെ വാക്കുകള്‍. മേല്‍പറഞ്ഞ രണ്ട് നേതാക്കളെയും കള്ളക്കേസില്‍ പ്രതികളാക്കാന്‍ ശ്രമം നടന്നിരുന്നു. അത് രഹസ്യമല്ല. അത്തരം വഴിവിട്ട ശ്രമങ്ങള്‍ക്കാകട്ടെ തെളിവുമുണ്ട്.
രാഷ്ട്രീയ പ്രതിയോഗികളെ ശത്രുക്കളായി കരുതി കള്ളക്കേസില്‍ പ്രതികളാക്കി ജയിലിലടയ്ക്കാനും ശിക്ഷിക്കാനും ഭരണാധികാരം ദുരുപയോഗപ്പെടുത്തുന്ന പ്രവണത തുടര്‍ന്നാല്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കും. ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ട കോണ്‍ഗ്രസിന്റെ നേതാവായ മുല്ലപ്പള്ളിക്ക് വെള്ളത്തില്‍ മുങ്ങാന്‍ പോകുന്നതുവരെ കച്ചിത്തുരുമ്പും സഹായമെന്നതുപോലെ ഈര്‍ക്കില്‍ പാര്‍ടികളുടെ പിന്തുണ പ്രതീക്ഷിക്കുന്നത് സ്വാഭാവികംതന്നെ. എന്നാല്‍, ഒരു കൊലപാതകം സുവര്‍ണാവസരമായി കരുതുകയും താന്‍ ലക്ഷ്യംവയ്ക്കുന്ന സിപിഐ എം നേതാക്കളെ പിടികൂടാന്‍ കഴിയാത്തതില്‍ നിരാശാനാകുകയുംചെയ്യുന്ന കേന്ദ്രമന്ത്രി കേരളത്തിന് അപമാനമാണ്. വടകരക്കാര്‍ക്ക് പ്രത്യേകിച്ചും. ഈ അപമാനത്തിന്റെ കളങ്കം കഴുകിക്കളയുകതന്നെ വേണം.
deshabhimani editorial 110513
Labels:
ഓഞ്ചിയം,
രാഷ്ട്രീയം
Subscribe to:
Post Comments (Atom)
No comments:
Post a Comment