Tuesday, May 7, 2013
വിഷം വിതയ്ക്കുന്ന ജാതി-മതശക്തികളെ പ്രതിരോധിക്കണം: പിണറായി
സമൂഹത്തില്‍ വിഷം വിതയ്ക്കുന്ന ജാതി-മത ശക്തികളെ ശക്തമായി പ്രതിരോധിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഈ ജാതി സംഘടനകളുടെയും തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്ന ചില മതമേധാവികളുടെയും കൈയിലല്ല കേരളീയ സമൂഹം. ജാതിരഹിത-മതനിരപേക്ഷ സമുഹം പുലര്‍ന്നുകാണണമെന്ന് ചിന്തിക്കുന്നവരാണ് മഹാഭൂരിപക്ഷമെന്നും പിണറായി പറഞ്ഞു. കേരള മുനിസിപ്പല്‍ ആന്‍ഡ് കോര്‍പറേഷന്‍ സ്റ്റാഫ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി എ കെ ജി പഠനഗവേഷണ കേന്ദ്രവുമായി സഹകരിച്ച് സംഘടിപ്പിച്ച "തകര്‍ക്കപ്പെടുന്ന കേരള മോഡല്‍" സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.
സാമൂഹിക ഉച്ചനീചത്വവും സാമുദായിക ചേരിതിരിവും ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് കരുത്തു പകരുന്നത് ഈ സര്‍ക്കാരും മുന്നണിയുമാണ്. ജാതി-മത സംഘടനകള്‍ക്ക് എതിരെ ഒരക്ഷരം പറയാനുള്ള തന്റേടം കാട്ടുന്നില്ലെന്നു മാത്രമല്ല, അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇതെല്ലാം ചോദ്യംചെയ്യാന്‍ സമൂഹം മുന്നോട്ടു വരണം. നവോത്ഥാന നായകര്‍ സമൂഹത്തില്‍ നിലനിന്ന ഉച്ചനീചത്വംതുടച്ചുനീക്കാന്‍ പട നയിച്ചു. പക്ഷേ, അതുകൊണ്ടുമാത്രമാണ് കേരളത്തിന് ഇന്നുണ്ടായ നേട്ടങ്ങളെന്ന് പറയാനാകില്ല. അങ്ങനെയെങ്കില്‍ ഇതേ രീതിയില്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍ ശക്തിയാര്‍ജിച്ചിരുന്ന തമിഴ്നാടും മഹാരാഷ്ട്രവും നമ്മെക്കാള്‍ മുമ്പിലെത്തണമായിരുന്നു. അങ്ങനെയുണ്ടായില്ലെന്നു മാത്രമല്ല, അവര്‍ നമ്മുടെ പിന്നിലുമാണ്. നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് തുടര്‍ച്ചയായി കമ്യൂണിസ്റ്റ് പ്രസ്ഥാനം നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഈ രീതിയില്‍ കേരളത്തെ മാറ്റിയെടുത്തത്. അടിമസമാനമായ ജീവിതം നയിച്ച ജനങ്ങളെ ജന്മിത്വത്തില്‍ നിന്ന് മോചിപ്പിച്ചത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. ജാതി വിവേചനത്തിനും സാമ്പത്തിക ചൂഷണത്തിനും എതിരായ പേരാട്ടത്തെ ഒരുമിച്ചുചേര്‍ക്കാന്‍ കഴിഞ്ഞു.
ആദ്യം കോണ്‍ഗ്രസിലെ ഇടതുപക്ഷവും തുടര്‍ന്ന് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയും പിന്നീട് കമ്യൂണിസ്റ്റ് പാര്‍ടിയുമാണ് ഇതിന് നേതൃത്വം നല്‍കിയത്. ജന്മിത്വത്തിന്റെ ഏറ്റവും ക്രൂരമായ ഒഴിപ്പിക്കല്‍ നടപടിയെ സംഘടിത ശക്തി ഉപയോഗിച്ച് ചെറുത്തു. മൂന്നായി വിഭജിച്ചുകിടന്ന കേരളത്തെ ഒന്നിപ്പിക്കുന്നതിന് ഐക്യകേരളമെന്ന മുദ്രാവാക്യമുയര്‍ത്തിയത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. അതിന്റെ വക്താവായി ഇ എം എസിനെ കാണാം. ഐക്യകേരളം രൂപീകൃതമാകുമെന്ന് വന്നപ്പോള്‍ അത് തകര്‍ക്കാന്‍ ശ്രമിച്ച വന്‍ ശക്തികള്‍ക്കെതിരെ ഇ എം എസ് പ്രതികരിച്ചു. സംസ്ഥാനം ഔദ്യോഗികമായി രൂപീകൃതമാകുന്നതിന് മുമ്പുതന്നെ കമ്യൂണിസ്റ്റ് പാര്‍ടി വ്യക്തമായ രൂപരേഖ തയ്യാറാക്കി.
1956ല്‍ തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനത്തില്‍ കേരള വികസനത്തെക്കുറിച്ച് തയ്യാറാക്കിയ രൂപരേഖ അംഗീകരിച്ചു. 1957ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ത്തന്നെ മാനിഫെസ്റ്റോ തയ്യാറാക്കി. ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയപ്പോള്‍ ഇതനുസരിച്ച് ഭരിച്ചു. കേരള വികസനത്തിന്റെ യഥാര്‍ഥ അടിത്തറയുണ്ടാക്കിയത് ആ സര്‍ക്കാരാണ്. ആ സര്‍ക്കാരിനെ ഇറക്കിയശേഷം വന്ന വലതുപക്ഷ സര്‍ക്കാരുകള്‍ ഓരോ ഘട്ടത്തിലും ഈ അടിത്തറ തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അതിന് ശേഷം കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ നടന്ന പോരാട്ടങ്ങളാണ് വലതുപക്ഷ ശ്രമങ്ങള്‍ തടഞ്ഞത്. 1967ല്‍ വീണ്ടും അധികാരത്തില്‍ വന്ന ഇ എം എസ് സര്‍ക്കാരാണ് ഭൂപരിഷ്കരണം ഉള്‍പ്പെടെയുള്ള നടപടികള്‍ ത്വരിതപ്പെടുത്തിയത്. എന്നിട്ടും ചില ജാതി സംഘടനകള്‍ ഇ എം എസിനെ വിമര്‍ശിക്കുന്നു. പട്ടികവിഭാഗത്തിന് ഭൂമി കൊടുത്തില്ലെന്നു പറഞ്ഞാണിത്. എന്നാല്‍, 1957 മുതല്‍ 80 വരെയുള്ള 23 വര്‍ഷത്തിനുള്ളില്‍ വെറും നാലു വര്‍ഷംമാത്രമാണ് ഇ എം എസ് മുഖ്യമന്ത്രിയായത്. ബാക്കി 19 വര്‍ഷവും വലതുപക്ഷമാണ് ഭരിച്ചത്. ഈ കാലയളവിലാണ് ഭൂപരിഷ്കരണം അട്ടിമറിക്കാന്‍ ശ്രമിച്ചതെന്നും പിണറായി പറഞ്ഞു.
deshabhimani
Labels:
രാഷ്ട്രീയം,
വികസനം
Subscribe to:
Post Comments (Atom)
No comments:
Post a Comment