Tuesday, May 7, 2013
ഭക്ഷ്യസുരക്ഷാ ബില്‍ ചര്‍ച്ചയില്ലാതെ പാസാക്കരുത്: സിപിഐ എം
ഭക്ഷ്യസുരക്ഷാ ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാതെ പാസാക്കരുതെന്ന് സിപിഐ എം ആവശ്യപ്പെട്ടു. രണ്ടാം യുപിഎ സര്‍ക്കാരിന്റെ ആദ്യ നൂറ് ദിവസങ്ങളില്‍ നടപ്പാക്കുമെന്നു പ്രഖ്യാപിച്ച ഭക്ഷ്യസുരക്ഷാ ബില്‍ ഇത്രയും വൈകിയതിന് പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്നത് വിലകുറഞ്ഞ തന്ത്രമാണെന്ന് സിപിഐ എം പാര്‍ലമെന്ററി പാര്‍ടി നേതാവ് സീതാറാം യെച്ചൂരി പത്രസമ്മേളനത്തില്‍ പറഞ്ഞു. ഭക്ഷ്യസുരക്ഷ കൊണ്ടുവരുന്നതിനെ ഇടതു പാര്‍ടികള്‍ എതിര്‍ക്കുന്നില്ല. രാജ്യത്തിനാകെ ഭക്ഷ്യസുരക്ഷ നല്‍കുന്നതിനു പകരം 67 ശതമാനം ജനങ്ങള്‍ക്കു മാത്രം ഭക്ഷ്യസുരക്ഷ നല്‍കുന്നതിനെയാണ് എതിര്‍ക്കുന്നത്. 100 ശതമാനം ഭക്ഷ്യസുരക്ഷ വേണമെന്നാണ് സിപിഐ എമ്മിന്റെ നിലപാട്. ബില്ലിലെ പല വ്യവസ്ഥകളും ഭക്ഷ്യസുരക്ഷയെന്ന സങ്കല്‍പ്പത്തിനെതിരാണ്. അവ നീക്കണം.
രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമുള്ള ആദ്യത്തെ പാര്‍ലമെന്റ് സമ്മേളനത്തില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി ഭക്ഷ്യസുരക്ഷാ ബില്‍ പാസാക്കുമെന്ന് പ്രഖ്യാപിച്ചു. അത് നാല് വര്‍ഷം നീട്ടിക്കൊണ്ടുപോയി വൈകിച്ചത് കേന്ദ്ര സര്‍ക്കാരാണ്. ശക്തമായ നിയമമാണ് വേണ്ടത്. അതിനുവേണ്ട ഭേദഗതികള്‍ ഇടതുപക്ഷം മുന്നോട്ടുവെച്ചു. അത് ചര്‍ച്ച ചെയ്യാന്‍ തയ്യാറാകണം. പാര്‍ലമെന്റിന്റെ കാര്യോപദേശകസമിതി യോഗത്തില്‍ ഇടതുപക്ഷം ഈ ആവശ്യം ഉന്നയിച്ചു. ബില്‍ ചര്‍ച്ച ചെയ്യാതെ പാസാക്കരുതെന്നാണ് ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയും പാര്‍ലമെന്ററി കാര്യ മന്ത്രിയും ഉറപ്പുനല്‍കണം. യുപിഎ ഘടകകക്ഷിയായ എന്‍സിപിയുടെ നേതാവ് ശരദ് പവാറും ഭക്ഷ്യബില്‍ ഗൗരവമായി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
പാര്‍ലമെന്റില്‍ തുടര്‍ച്ചയായി നടപടികള്‍ തടസ്സപ്പെടുന്നത് നീക്കാന്‍ മുന്‍കയ്യെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. അഴിമതിയിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലും ആരോപണവിധേയരായ റെയില്‍ മന്ത്രിയും നിയമമന്ത്രിയും രാജിവെക്കണം. അതിനുശേഷം പാര്‍ലമെന്റ് നടപടികള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയും. അതിനുള്ള നടപടികളാണ് സര്‍ക്കാര്‍ എടുക്കേണ്ടത്. സര്‍വകക്ഷിയോഗം വിളിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കണം. അതിനുള്ള ഒരു നടപടിയും സ്വീകരിച്ചുകാണുന്നില്ല. പാര്‍ലമെന്റില്‍ ഒരു ബില്‍ അവതരിപ്പിച്ചുകഴിഞ്ഞാല്‍ അത് ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കാന്‍ പാടില്ല. ബില്ല് അവതരിപ്പിച്ചുകഴിഞ്ഞാല്‍ അത് പാര്‍ലമെന്റിന്റെ സ്വത്താണ്. ബില്ല് ചര്‍ച്ച ചെയ്ത് പാസാക്കാന്‍ വഴിയൊരുക്കേണ്ടത് സര്‍ക്കാരാണ്. ബില്ലിനെ പ്രതിപക്ഷം എതിര്‍ക്കുന്നുവെന്ന പുകമറ സൃഷ്ടിച്ച് സര്‍ക്കാരിന് രക്ഷപ്പെടാന്‍ കഴിയില്ലെന്ന് യെച്ചൂരി പറഞ്ഞു.
(വി ജയിന്‍)
deshabhimani
Labels:
ഭക്ഷ്യസുരക്ഷ,
രാഷ്ട്രീയം
Subscribe to:
Post Comments (Atom)
No comments:
Post a Comment